മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ രണ്ടിടത്തായി നടന്ന എൻസിബി റെയ്ഡുകളിൽ ഒരു കോടി രൂപയുടെ ലഹരി മരുന്ന് കണ്ടെടുത്തു. സംഭവത്തിൽ ഒരാൾ പിടിയിലാണ്. 505 ഗ്രാം മെഫഡ്രോൺ ആണ് പരിശോധനയിൽ കണ്ടെടുത്തത്.

തെക്കൻ മുംബൈയിലെ ജെജെ റോഡ് സ്വദേശിയായ മുഹമ്മദ് അജാസ് യാക്കൂബ് ഷെയ്ഖ് എന്ന യുവാവാണ് എൻസിബിയുടെ അറസ്റ്റിലായത്. വാസായ് ഈസ്റ്റ് ദേശീയ പാതയ്ക്ക് സമീപം വെള്ളിയാഴ്ചയാണ് മുഹമ്മദ് അജാസ് അറസ്റ്റിലാകുന്നത്. പിടിയിലാകുമ്പോൾ 205 ഗ്രാം മെഫഡ്രോൺ ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നലാസോപാറയിൽ നിന്നും 300 ഗ്രാം മെഫഡ്രോൺ കൂടി കണ്ടെത്തുന്നത്.

അറസ്റ്റിലായ മുഹമ്മദ് അജാസിന് നൈജീരിയൻ പൗരനാണ് മയക്കുമരുന്നുകൾ വിതരണം ചെയ്തിരുന്നത്. തുടർന്ന് മുംബൈയിലെ ഇടപാടുകാരന് മയക്കുമരുന്നെത്തിക്കാൻ ശ്രമിക്കുന്നതിന് മുന്നോടിയായി എൻസിബിയുടെ പിടിയിലാകുകയായിരുന്നു.