ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എയിംസിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ചെറിയ പനിയെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മന്മോഹൻ സിംഗിനെ എയിംസിൽ പ്രവേശിപ്പിച്ചത്. കാർഡിയോ-ന്യൂറോ വിഭാഗത്തിലാണ് ചികിത്സ. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അടക്കമുള്ളവർ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. എത്രയും വേഗം സുഖമാകട്ടെയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്.

89കാരനായ മന്മോഹൻ സിംഗിന് കൊറോണ ബാധിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ഏപ്രിലിലും എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. നെഞ്ചിലെ അണുബാധക്കൊപ്പം ശ്വാസതടസവും അദ്ദേഹം നേരിടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാർഡിയോളജിസ്റ്റ് ഡോ. നിതീഷ് നായികിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് മുൻ പ്രധാനമന്ത്രിക്ക് പരിചരണം നൽകുന്നത്.