തലശേരി : നാട്ടിലും ഓഫീസിലും പഞ്ചപാവം. എല്ലാവരോടും പെരുമാറിയത് സൗമ്യശീലനായി. എന്നാൽ മകളെയും ഭാര്യയെയും പുഴയിൽ തള്ളിയിട്ട കേസിൽ അറസ്റ്റിലായ കോടതി ജീവനക്കാരന്റെ സാമ്പത്തിക ഇടപാടുകൾ ദുരുഹമെന്ന് പൊലിസ് പറയുന്നു. പാട്യം പത്തായകുന്നിലെ ഒന്നര വയസുകാരി അൻവിതയെ പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് കെ.പി.ഷിജുവിനെ വിശദമായി ചോദ്യം ചെയ്യും. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തതിനു ശേഷം സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തും.കോടതി ജീവനക്കാരനായ പ്രതിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് പൊലിസ് അന്വേഷണം നടത്തുക.

പല ഘട്ടങ്ങളിലായി തന്റെ അൻപതു പവൻ സ്വർണാഭരണങ്ങൾ അനുവാദമില്ലാതെ ഭർത്താവ് ഷിജുവിൽപ്പന നടത്തിയതായി ഭാര്യ സോന പറയു ന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങളല്ലാതെ മറ്റു പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു. ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ളവ ഷിജു കളിച്ചിരുന്നോവെന്ന കാര്യമാണ് പൊലിസ് അന്വേഷിക്കുന്നത്. ഷിജുവിന് സാമ്പത്തിക ബാധ്യതകൾ എങ്ങനെണ്ടായിയെന്ന കാര്യമാണ് പൊലിസ് കേസിന്റെ പ്രധാന വസ്തുതതായി പരിഗണിക്കുന്നത്.

എന്നാൽ ഭാര്യയെയും മകളെയും അപായപ്പെടുത്താൻ ഇയാൾ മുൻകൂട്ടി പദ്ധതിആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഭാര്യയേയും മകളെയും കൊലപ്പെടുത്താൻ ഇയാൾ നേരത്തെ പദ്ധതിയിട്ടിരുന്നുവെന്നും ഇതിനായി മുമ്പും പല തവണ കൃത്യം നടന്ന സ്ഥലത്തെത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഷിജുവിനെ ചോദ്യം ചെയ്തതിലൂടെയാണ് ഈ നിർണായക വിവരം ലഭിച്ചത്. കൂടാതെ ഭാര്യയുടെ സ്വർണാഭരണങ്ങൾ പല തവണയായി ഷിജു പണയം വെച്ചിരുന്നുവെന്നും ഇത് തിരിച്ചെടുത്തുകൊടുക്കാൻ ഭാര്യ നിരന്തരം ആവശ്യപ്പെട്ടതുമാണ് ഭാര്യയോട് വിദ്വേഷം ഉണ്ടാകാൻ കാരണമെന്നും ഭാര്യയോടൊപ്പം ജീവിക്കാൻ താത്പര്യമില്ലാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ഷിജു പൊലീസിൽ നൽകിയ മൊഴി.

ഇതിന്റെ ഭാഗമായി നേരത്തെയും ഭാര്യയേയും മകളേയും കൂട്ടി കൃത്യം നടന്ന സ്ഥലത്തെത്തി പരിസരത്തെക്കുറിച്ച് മനസിലാക്കിയിരുന്നതായി ഷിജു പൊലീസിനോട് പറഞ്ഞു. അതേ സമയം, ഇരുവരും തമ്മിൽ പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിയില്ലെന്നും ഷിജു പൊതുവെ ശാന്ത സ്വഭാവക്കാരനാണെന്നുമാണ് നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽനിന്നും ലഭിക്കുന്ന വിവരം. കൃത്യത്തിന് ശേഷം കടന്നു കളഞ്ഞ ഷിജുവിനെ ശനിയാഴ്ച ഉച്ചയ്ക്ക് മട്ടന്നൂരിൽ വച്ചാണ് പൊലീസ് പിടികൂടിയത്.

ഇയാൾ ക്ഷേത്രക്കുളത്തിൽ ആത്മഹത്യക്ക് ശ്രമിക്കുന്ന നിലയിൽ കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.എന്നാൽ ഇയാൾ യഥാർഥത്തിൽ ആത്മഹത്യക്ക് ശ്രമിച്ചതാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് പൊലീസും ഇയാളെ കണ്ടെത്തിയ നാട്ടുകാരും പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം 6.15 ഓടെയാണ് പാത്തിപ്പാലം വാട്ടർ അഥോറിറ്റിക്ക് സമീപം ചാർത്താംമൂലയിൽ അൻവിതയെ പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഭാര്യ സോനയേയും മകളോടൊപ്പം പുഴയിലേക്ക് തള്ളിയിട്ടിരുന്നുവെങ്കിലും സോനയെ നിലവിളികേട്ട് നാട്ടുകാരെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

സൗമ്യശീലനായ ഒരു യുവാവിന്റെ ചിത്രമാണ് തലശ്ശേരി കുടംംബകോടതി ജീവനക്കാരനായ ഷിജുവിനെക്കുറിച്ച് നാട്ടുകാർക്കുള്ളത്. കഷ്ടപാട് നിറഞ്ഞ കുടുംബത്തെ കൈപിടിച്ചുയർത്തിയ വ്യക്തി. രണ്ട് സഹോദരന്മാരും സഹോദരിയുമാണ് ഷിജുവിനുള്ളത്. ഈ കുടുംബത്തിൽ നിന്ന് സർക്കാർ ജോലി കിട്ടിയ പയ്യൻ. ചേട്ടന്മാരുടെ വിവാഹം പോലും തന്റെ മുൻകൈയിൽ നടത്തി. രണ്ട് കൊല്ലം മുമ്പാണ് സോനയുമായുള്ള ഷിജുവിന്റെ വിവാഹം. തലശ്ശേരി കോടതിയിലും നാട്ടിലും അടുത്ത സുഹൃത്തുക്കളൊന്നും ഷിജുവിനില്ല. എല്ലാവരോടും സൗമ്യതയോടെ സംസാരിക്കുന്ന പയ്യൻ ആരുമായും അടുപ്പം സൂക്ഷിച്ചില്ല. അതുകൊണ്ട് തന്നെ എന്തായിരുന്നു ക്രൂരതയ്ക്ക് കാരണമെന്ന് ആർ്ക്കും അറിയില്ല.

നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് സോനയുടേത്. അച്ഛൻ അദ്ധ്യാപകനായിരുന്നു. അമ്മയ്ക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. ചികിൽസയും തേടി. സോനയുടെ അച്ഛൻ അമ്മയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടായിരുന്നു ജോലിക്ക് പോയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. 2018ലായിരുന്നു ഷിജുവും സോനയും തമ്മിലുള്ള വിവാഹം. അതു കഴിഞ്ഞ് ആറു മാസം കഴിഞ്ഞപ്പോൾ സോനയുടെ അച്ഛൻ മരിച്ചു. ആത്മഹത്യ ചെയ്തതാണെന്ന് നാട്ടുകാർ പറയുന്നു. അതിന് ശേഷം കുടുംബത്തിന്റെ കാര്യങ്ങൾ നോക്കിയത് ഷിജുവായിരുന്നു.

സോനയുടെ ഇരുനില വീട് ഷിജു വാടകയ്ക്ക് കൊടുത്തു. അതിന് ശേഷം മറ്റൊരു വാടക വീട്ടിലേക്ക് മാറി. പുതിയ വീടും പണിയുന്നുണ്ടായിരുന്നു. 60 പവനാണ് കല്യാണ സമയത്ത് സോനയ്ക്ക് അച്ഛൻ സമ്മാനമായി കൊടുത്തത്. അതിൽ 40 പവൻ പണയം വച്ചിരുന്നു. എന്നാൽ എല്ലാ തരത്തിലും സാമ്പത്തിക ഭദ്രതയുള്ള സോന, ഭർത്താവുമായി ഇതേ ചൊല്ലി കലഹിക്കുന്നത് ആരും കണ്ടിട്ടില്ല. ഷിജുവും ആരോടും ഒന്നും പറഞ്ഞിരുന്നില്ല. മനസ്സിലെ വിഷമം പുകഞ്ഞ് ഷിജു നടത്തിയ ക്രൂരതയാണ് കുട്ടിയുടെ മരണത്തിലേക്ക് എത്തിയതെന്നാണ് നാട്ടുകാരുടെ സംശയം. ഭാര്യ സോന ഈസ്റ്റ് കതിരൂർ എൽ.പി. സ്‌കൂൾ അദ്ധ്യാപികയാണ്.