- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വന്റി 20 ലോകകപ്പ്: ഖത്തർ ദേശീയ ടീമിൽ 'അരങ്ങേറാൻ' മലയാളി താരം; തലശ്ശേരി സ്വദേശി എൻ.വി. വലീദ് ഖത്തർ ആഭ്യന്തര ടൂർണമെന്റുകളിലെ സ്ഥിര സാന്നിദ്ധ്യം; നാടിന് അഭിമാനമായി കണ്ണൂർ സർവകലാശാല ക്രിക്കറ്റ് ടീം മുൻ നായകൻ

തലശ്ശേരി: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ യോഗ്യതാ മത്സരത്തിനുള്ള ഖത്തർ ദേശീയ ടീമിൽ മലയാളി സാന്നിദ്ധ്യമായി തലശ്ശേരി സ്വദേശി. ഖത്തർ ക്രിക്കറ്റ് അസോസിയേഷന്റെ ആഭ്യന്തര ടൂർണമെന്റുകളിലെ സ്ഥിര സാന്നിദ്ധ്യമായ തലശ്ശേരിക്കാരനായ എൻ.വി. വലീദാണ് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഒക്ടോബർ 19 മുതൽ 30 വരെ ഖത്തറിൽ നടക്കുന്ന ടൂർണമെന്റിൽ ബഹ്റൈൻ, മാലിദ്വീപ്,കുവൈത്ത്, സൗദി അറേബ്യ എന്നീ ടീമുകളാണ് ഖത്തറിന്റെ എതിരാളികൾ. ഖത്തർ ഒക്ടോബർ 23 ന് ബഹ്റൈൻ, 24 ന് മാലിദ്വീപ്,27 ന് സൗദി അറേബ്യ, 29 ന് കുവൈത്ത് എന്നീ ടീമുകളുമായിട്ട് ഏറ്റുമുട്ടും. ഇഖ്ബാൽ ചൗധരിയാണ് ഖത്തർ ക്യാപ്റ്റൻ.
വലം കൈയൻ ടോപ് ഓർഡർ ബാറ്റ്സ്മാനും വലം കൈയൻ ലെഗ് സ്പിൻ ബൗളറുമായ വലീദ് ആദ്യമായാണ് ഖത്തർ ദേശീയ ടീമിൽ ഇടം കണ്ടെത്തുന്നത്. ഇതിന് മുമ്പ് ഖത്തർ എ ടീമിന് വേണ്ടി ഖത്തർ പ്രസിഡന്റ്സ് ഇലവൻ ടൂർണമെന്റിൽ കളിച്ചിരുന്നു. ഖത്തർ ടസ്‌കേഴ്സ് ക്രിക്കറ്റ് ക്ലബ് താരമായ വലീദ് ഖത്തർ ക്രിക്കറ്റ് അസോസിയേഷന്റെ ആഭ്യന്തര ടൂർണമെന്റുകളിലെ സ്ഥിര സാന്നിദ്ധ്യമാണ്.
വിവിധ പ്രായ വിഭാഗങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുള്ള വലീദ് കണ്ണൂർ സർവകലാശാല ക്രിക്കറ്റ് ടീം നായകനുമായിരുന്നു.
സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ ബ്രണ്ണൻ കോളേജ്, തലശ്ശേരി സ്റ്റുഡന്റ്സ് സ്പോർട്ടിങ്ങ് ക്ലബ്ബ്, തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് എന്നീ ടീമുകൾക്ക് വേണ്ടി ജില്ലാ ലീഗ് മൽസരങ്ങളിൽ കളിച്ചിട്ടുണ്ട്. തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ, ഗവൺമെന്റ് ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 10 വർഷമായി ഖത്തറിൽ അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്യുന്നു.തലശ്ശേരി ചിറക്കര കോയാസിൽ അബ്ദുള്ള കോയ കണ്ടോത്തിന്റെയും റസിയ നായൻ വീട്ടിലിന്റെയും മകനാണ് വലീദ്.ഖൻസ സഫർ ആണ് ഭാര്യ.രണ്ട് കുട്ടികൾ ഈമാനും ഇമ്രാനും .സബീന, ഹൈഫ,അമീന എന്നിവർ സഹോദരങ്ങളാണ്.


