ചണ്ഡിഗഡ്: ലൈംഗിക പീഡനം അടക്കം നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ട് അകത്ത് കിടക്കുന്ന ദേര സച്ച സൗധ മേധാവി ബാബാ ഗുർമീത് റാം റഹിം സിങ്ങിന് ജീവപര്യന്തം കൂടി വിധിച്ച് കോടതി. ഗുർമീത് റാം റഹീമിനും നാല് അനുയായികൾക്കും സിബിഐ പ്രത്യേക കോടതിയാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ദേര മാനേജരായിരുന്ന രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.

2002 ൽ നടന്ന കൊലപാതകത്തിലാണ് 19 വർഷത്തിനു ശേഷം പഞ്ചകുള സിബിഐ കോടതിയുടെ വിധി. ജയിൽ ശിക്ഷയ്‌ക്കൊപ്പം പ്രതി 31 ലക്ഷം രൂപ പിഴയും ഒടുക്കണം. ഇതിൽ പകുതി കൊല്ലപ്പെട്ട രഞ്ജിത് സിങ്ങിന്റെ കുടുംബത്തിനു നൽകും. ആശ്രമത്തിലെ ശിഷ്യകളെ പീഡിപ്പിച്ചതിന് 2017 മുതൽ 20 വർഷത്തെ ശിക്ഷ അനുഭവിക്കുന്ന ബാബാ ഗുർമീത് റോഹ്തക്കിലെ ജയിലിലാണിപ്പോൾ.

കൊലപാതകക്കേസിൽ കൃഷൻ ലാൽ, ജസ്ബീർ സിങ്, അവതാർ സിങ്, ശബ്ദിൽ എന്നിവർക്കാണ് ഒപ്പം സമാന ശിക്ഷ ലഭിച്ചത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നായിരുന്നു സിബിഐ വാദം. 2002 ൽ കുരുക്ഷേത്രയിൽ വച്ചാണ് ദേര മാനേജർ രഞ്ജിത് സിങ് വെടിയേറ്റു മരിച്ചത്. ദേരാ ആസ്ഥാനത്ത് പെൺകുട്ടികളെ കൊണ്ടുവരുകയും ബാബാ ഗുർമീത് അവരെ പീഡിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന ഊമക്കത്ത് പ്രചരിച്ചിരുന്നു. ഇതിനു പിന്നിൽ രഞ്ജിത് സിങ് ആണെന്ന നിഗമനത്തിലാണ് ബാബ കൊലപാതകം ആസൂത്രണം ചെയ്തത്.

പഞ്ചാബിൽ വലിയ തോതിൽ അനുയായികളുള്ളതാണ് ദേര സച്ച പ്രസ്ഥാനം. 2017 ൽ ബാബാ ഗുർമീതിന് ആദ്യ കേസിൽ ശിക്ഷ പ്രഖ്യാപിക്കുമ്പോൾ പഞ്ചകുളയിലും സിർസയിലും വലിയ കലാപം നടന്നിരുന്നു. രാജ്യത്തെ നടുക്കിയ കലാപത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. ഇതു കണക്കിലെടുത്ത് ഇന്നലെ കോടതിയുടെ പരിസരത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു.