- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുപതാമത്തെ വയസ്സിൽ അമ്മയായ ഗുജറാത്തി സ്ത്രീ വിദേശ മാധ്യമങ്ങളിലെ താരം; ഗുജറാത്തിലെ ഗ്രാമീണ സ്ത്രീയുടെയും ഭർത്താവിന്റെയും കുഞ്ഞിന്റെയും ചിത്രങ്ങൾ വൈറൽ
എഴുപതാം വയസ്സിൽ തന്റെ ആദ്യ കുഞ്ഞിന് ജന്മം നൽകിയ ജിവുൻബെൻ റാബറിയും ഭർത്താവ് മാൽധാരിയും ലോക മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കുകയാണ്. ലോകത്തിൽ തന്നെ ആദ്യ കുഞ്ഞിനെ പ്രസവിക്കുന്ന ഏറ്റവും പ്രായമായ സ്ത്രീകളിൽ ഒരാളായി മാറിയിരിക്കുകയാണ് ഈ ഗുജറാത്തി ഗ്രാമീണ സ്ത്രീ. കൃത്രിമ ഗർഭധാരണോപാധികൾ വഴിയണ് ഇവർ ഗർഭധാരണം നടത്തിയത് എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.
തന്റെ വയസ്സു തെളിയിക്കാനുള്ള രേഖകളൊന്നും റാബറിയുടെ കൈവശമില്ല എന്നാലും അവർ പറയുന്നത് തനിക്ക് 70 വയസ്സായി എന്നാണ്. ഇതോടെ ആദ്യ മുഞ്ഞിനെ പ്രസവിക്കുന്ന പ്രായമായ സ്ത്രീകളിൽ ഒരാളായി ഇവർ മാറിയിരിക്കുന്നു. നേരത്തെ ഇന്ത്യയിലെ തന്നെ എറമാട്ടി മംഗയമ്മ എന്ന സ്ത്രീ തന്റെ 74-)0 വയസ്സിൽഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകിയിരുന്നു. ഗുജറാത്തിലെ മോറ ഗ്രാമത്തിലുള്ള റാബറിയും ഭർത്താവ് മാൽധാരിയും വിവാഹം കഴിച്ചിട്ട് 45 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
വർഷങ്ങളോളം പ്രാർത്ഥനകളും പൂജകളുമായി നടന്നിട്ടും ഒരു കുട്ടിവേണമെന്ന മോഹം പൂവണിഞ്ഞില്ല. അവസാനം കൃത്രിമ ഗർഭധാരണ മാർഗ്ഗം ഉപയോഗിച്ച് ഗർഭിണീ ആവുകയായിരുന്നു. താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വിരളമായ ഒരു കേസായിരുന്നു ഇതെന്നാണ് ഇവരുടെ ഡോക്ടർ നരേഷ ഭാനുഷാലി പറഞ്ഞത്. ആദ്യമായി അവർ തന്നെ കാണാൻ എത്തിയപ്പോൾ അവരെ നിരുത്സാഹപ്പെടുത്താനാണ് താൻ മുതിർന്നതെന്ന് അദ്ദേഹം പറയുന്നു. പിന്നീട് അവരുടെ നിർബന്ധത്തിനു വഴങ്ങി സമ്മതിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
70 വയസ്സുള്ള ഒരു സ്ത്രീ സാധാരണ രീതിയിൽ ഗർഭം ധരിക്കുക എന്നത് തികച്ചും അസംഭവ്യമാണ്. 40 കളുടെ അവസാനത്തിലും 50 വയസ്സുകഴിയുന്നതോടെയും പല സ്ത്രീകളിലും ആർത്തവിരാമം ഉണ്ടാകുന്നതിനാൽ ഇത് തികച്ചും അസാധ്യമാണ്. എന്നാൽ അമേരിക്കൻ സൊസൈറ്റി ഓഫ് റീപ്രൊഡക്ടീവ് മെഡിസിൻ അവകാശപ്പെടുന്നത് ഏതൊരു സ്ത്രീക്കും, ഏതൊരു പ്രായത്തിലും അവരുടെ ഗർഭപാത്രം ആരോഗ്യമുള്ളതാണെങ്കിൽ മരുന്നുകളുടെ സഹായത്തോടെ ഗർഭം ധരിക്കാം എന്നാണ്. അണ്ഡാശയം ഇല്ലെങ്കിൽ കൂടി ഇത് സാധ്യമാണെന്നും ഇവർ പറയുന്നു.
ഇക്കാര്യത്തിൽ ഡോക്ടർമാർ ചെയ്യുന്നത്, ചെറുപ്പക്കാരായ സ്ത്രീകളിൽ നിന്നും സ്വീകരിക്കുന്ന അണ്ഡം ശരീരത്തിനു പുറത്തുവെച്ച് പുരുഷ ബീജവുമായി സംയോജിപ്പിക്കുക എന്നതാണ്. പിന്നീട് സങ്കലനം നടന്ന അണ്ഡം സ്ത്രീയുടേ ഗർഭപാത്രത്തിൽ നിക്ഷേപിക്കും. ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗത്തിലൂടെ 60 വയസ്സും 70 വയസ്സും ഒക്കെയുള്ള സ്ത്രീകൾ ഗർഭിണികളായ വാർത്തകൾ ഇതിനു മുൻപും ഇന്ത്യയിൽ നിന്നും വന്നിട്ടുണ്ടെന്ന് മിക്ക വിദേശമാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നു.
മറുനാടന് ഡെസ്ക്