ന്യൂഡൽഹി: കേരളത്തിലെന്നപോലെ രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും മഴ രൂക്ഷമായി. ഇന്നലെ ഉത്തരാഖണ്ഡിൽ മൂന്ന് പേർ മരിച്ചു. പൗരി ജില്ലയിൽ ടെന്റിൽ കഴിയുകയായിരുന്ന തൊഴിലാളികളാണ് കെടുതിക്ക് ഇരയായത്. ഹരിദ്വാറിലും ഋഷികേശിലും എത്തിച്ചേർന്ന ചാർഥാം തീർത്ഥാടകരോട് കാലാവസ്ഥ മെച്ചപ്പെടുന്നതു വരെ യാത്ര നിർത്തിവയ്ക്കാൻ ഉത്തരാഖണ്ഡ് അധികൃതർ ആവശ്യപ്പെട്ടു.

ഡൽഹിയിൽ 1960 നു ശേഷം ഇതാദ്യമാണ് ഒക്ടോബറിൽ ഇത്ര കനത്ത മഴ ലഭിക്കുന്നത്. രാജസ്ഥാൻ, ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി, ഹരിയാന, മധ്യപ്രദേശ്, യുപി, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പലയിടങ്ങളിലും മഴ ശക്തമായി തുടരുന്നു.

മഴ മൂലം മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നിയമസഭ തിരഞ്ഞെടുപ്പു പ്രചാരണം മാറ്റി. മധ്യപ്രദേശിന്റെ എല്ലാ ഭാഗങ്ങളിലും കനത്ത മഴ പെയ്തു. പ്രതികൂല കാലാവസ്ഥ തുടരുമെന്നാണു മുന്നറിയിപ്പ്. തെക്കൻ ബംഗാളിലെ ജില്ലകളിൽ മഴ ശക്തമായി. ഇന്നു മുതൽ വടക്കൻ ബംഗാളിലും രൂക്ഷമാകുമെന്നു മുന്നറിയിപ്പുണ്ട്.

യുപിയിലെ ബുധനയിൽ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പങ്കെടുക്കാനിരുന്ന റാലി, മഴ മൂലം വേദി മുങ്ങിയതിനെത്തുടർന്നു റദ്ദാക്കി. മഴ ശക്തമാകുമെന്ന സൂചനയുള്ളതിനാൽ ഒഡീഷയിൽ ആഴക്കടൽ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.