- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസെത്തിയാൽ തീ കത്തുന്ന തോക്ക് നീട്ടും; ഭയപ്പെടുത്താൻ പുതിയ തന്ത്രവുമായി കഞ്ചാവ് സംഘം
തിരുവനന്തപുരം: തലസ്ഥാനത്തു കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ കഞ്ചാവ് സംഘം ആളുകളെ ഭയപ്പെടുത്താൻ തോക്കായി ഉപയോഗിച്ചത് സിഗററ്റ് ലൈറ്റർ. അക്കരെ ഇക്കരെ സിനിമയിൽ സിഐഡിമാരായ ദാസനും വിജയനും ഉപയോഗിച്ച തരത്തിലുള്ള, കാഞ്ചി വലിച്ചാൽ തീ കത്തുന്ന തോക്ക് മാതൃകയിലുള്ള ലൈറ്ററാണ് സംഘം ഉപയോഗിച്ചത്.
രഹസ്യവിവരത്തെത്തുടർന്ന് കിള്ളിപ്പാലത്തെ ലോഡ്ജിൽ റെയ്ഡിന് എത്തിയ പൊലീസിനു നേരെ നാലംഗ കഞ്ചാവ് സംഘം നാടൻ പടക്കമെറിഞ്ഞിരുന്നു. അക്രമത്തിനു പിന്നാലെ കഞ്ചാവ് സംഘത്തിലെ രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ലോഡ്ജ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനി നെടുങ്കാട് കടയ്ക്കൽ യോഗീശ്വരാലയത്തിൽ രജീഷും (22), പ്രായപൂർത്തിയാകാത്ത ഒരാളും പൊലീസ് പിടിയിലായി. തുടർന്നു നടത്തിയ പരിശോധനയിൽ തോക്കിന്റെ മാതൃകയിലുള്ള ലൈറ്ററും 2 എയർഗണ്ണുകളും പൊലീസ് പിടികൂടി. ഓടിരക്ഷപ്പെട്ട രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
കടകളിൽ സുലഭമായി വാങ്ങാൻ കിട്ടുന്നതാണ് ലൈറ്റർ തോക്ക്. പിടിച്ചെടുത്ത തോക്കുകൾ പരിശോധിച്ചപ്പോഴാണ് ഒരെണ്ണം ലൈറ്ററാണെന്നു തിരിച്ചറിഞ്ഞത്. രണ്ടെണ്ണം ലൈസൻസ് വേണ്ടാത്ത, കടകളിൽ ലഭിക്കുന്ന എയർഗണുകളാണ്. വലിയ ശബ്ദമാണ് ഇവയുടെ പ്രത്യേകത. ആളുകളെ വിരട്ടാനാണു തോക്കുകൾ ഉപയോഗിച്ചിരുന്നത്. തോക്കും ആയുധങ്ങളും ഓടി രക്ഷപ്പെട്ടവരുടെതാണെന്നാണു പിടിയിലായവരുടെ മൊഴി. പൊലീസിനെ വിരട്ടാൻ പടക്കമെറിഞ്ഞതും രക്ഷപ്പെട്ടു പോയവരാണെന്നു ഇവർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.
ഇവർ വാടകയ്ക്ക് എടുത്ത ലോഡ്ജിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ വന്നിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. നാലംഗ സംഘത്തിലെ മുഴുവൻ പേരും കഞ്ചാവ് വിൽപന സംഘത്തിലെ അംഗങ്ങളാണെന്നും അന്വേഷണത്തിൽ ബോധ്യമായി. റൂമിൽ 5 കിലോ കഞ്ചാവ്, രണ്ടു ഗ്രാം എംഡിഎംഎ, മൂന്നു പെല്ലറ്റ് ഗൺ, രണ്ടു വെട്ടുകത്തി, 5 മൊബൈൽ ഫോൺ എന്നിവ കണ്ടെത്തി. സിറ്റി നർകോട്ടിക് സെൽ ടീമും കരമന പൊലീസുമാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്.