കൊല്ലം : യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ജോയിന്റ് കൗൺസിൽ നേതാവടക്കം നാലു പേർ അറസ്റ്റിൽ. ഇടമുളയ്ക്കൽ പാളയംകുന്ന് പുത്തൻവിള വീട്ടിൽ റിജിനെ(27)ആക്രമിച്ച കേസിലാണ് അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് ജോയിന്റ് കൗൺസിൽ പുനലൂർ ഏരിയ സെക്രട്ടറി കോട്ടുക്കൽ ശ്രീനിലയത്തിൽ ശ്രീദർശ് (33), പനച്ചവിള ചെറുകര പുത്തൻവീട്ടിൽ ആൾഡ്രിൻ തമ്പാൻ (33), ഇടമുളയ്ക്കൽ ചിഞ്ചുഭവനിൽ ബാബുക്കുട്ടൻ (32), പനച്ചവിള റനീഷ് മൻസിലിൽ റനീഷ് ഹമീദ് (33) എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ചയാണ് റിജിൻ ആക്രമിക്കപ്പെട്ടത്. രാത്രി 11-ന് പനച്ചവിള പുത്താറ്റുവെച്ച് കാറിലെത്തിയ സംഘം റിജിനെ തടഞ്ഞുനിർത്തി മർദിക്കുകയും കൊടുവാൾകൊണ്ട് വെട്ടുകയുമായിരുന്നു. പരിക്കേറ്റ് റോഡിൽകിടന്ന റിജിനെ സുഹൃത്തുക്കൾ ഉടൻതന്നെ അഞ്ചൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഈ സമയം റിജിനെ ആക്രമിച്ചവർ പൊലീസ് സ്റ്റേഷനിൽ ഇരിക്കുന്നതാണ് കണ്ടത്. അക്രമികളെ പൊലീസ് സംരക്ഷിക്കുന്നെന്നാരോപിച്ച് ഇവർ ബഹളംവെച്ചു. ആരെയും സംരക്ഷിച്ചിട്ടില്ലെന്നും റിജിനെതിരേ പരാതിനൽകാനാണ് സംഘം സ്റ്റേഷനിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു. പിന്നീട് റിജിനെ പൊലീസ് ജീപ്പിൽ പുനലൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ റിജിൻ ചികിത്സയിലാണ്.

അറസ്റ്റിലായ ആൾഡ്രിൻ തമ്പാന്റെ ലോറി ഡ്രൈവറായിരുന്നു ബന്ധുവായ റിജിൻ. എന്നാൽ പനച്ചവിളയിലെ ലോറി ഡ്രൈവർമാർ സ്വന്തമായി ലോറി വാങ്ങിയതോടെ ആൾഡ്രിന്റെ ലോറി റിജിൻ ഓടിക്കാതായി. ഇതിന്റെ വൈരാഗ്യത്തിലാണ് റിജിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ആൾഡ്രിൻ തമ്പാന്റെ സുഹൃത്തുക്കളാണ് മറ്റു പ്രതികൾ.