- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉദ്ഘാടന ദിവസം കടയുടമ നൽകിയ ഓഫർ 50 പൈസക്ക് ടീ ഷർട്ട്; തിരക്കേറിയതോടെ കട അടപ്പിച്ച് പൊലീസ്
തിരുച്ചി: ഉദ്ഘാടന ദിവസം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കടയുടമ പ്രഖ്യാപിച്ച ഓഫർ കാരണം വലഞ്ഞത് പൊലീസ്. തുണിക്കടയിൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പൊലീസെത്തി കട അടപ്പിച്ചു. തമിഴ്‌നാട് തിരുച്ചിയിലാണ് സംഭവം.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് കടയടപ്പിച്ചത്. 50 പൈസയുമായി എത്തുന്നവർക്ക് ടീ ഷർട്ട് നൽകുമെന്നായിരുന്നു കടയുടമയുടെ ഓഫർ. കേട്ടവർ കേട്ടവർ കടയിലേക്ക് ഇരച്ചെത്തി. തുടർന്ന് തിരക്ക് അനിയന്ത്രിതമായതോടെ പൊലീസ് ഇടപെട്ട് കട അടപ്പിച്ചു. തിരക്കുകാരണം റോഡ് ബ്ലോക്കായി.
ഹക്കീം മുഹമ്മദ് എന്നയാളാണ് തന്റെ പുതിയ കട വ്യാഴാഴ്ച തുറന്നത്. ഉദ്ഘാടന ദിവസം എല്ലാവരുടെയും ശ്രദ്ധ കിട്ടാനാണ് വമ്പൻ ഓഫർ പ്രഖ്യാപിച്ചത്. ഉദ്ഘാടന ദിനം 50 പൈസയുടെ നാണയം കൊണ്ടുവരുമെന്ന് പരസ്യം നൽകിയിരുന്നെന്ന് കടയുടമ പറഞ്ഞു. മണപ്പാറായി ബസ് സ്റ്റാൻഡിൽ പരസ്യ ബോർഡ് സ്ഥാപിച്ചതിന് പുറമെ, വാട്സ് ആപ് ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചു. തുടർന്ന് നൂറുകണക്കിന് പേരാണ് കടക്കുമുന്നിൽ തടിച്ചുകൂടിയത്.
''തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചു. പക്ഷേ ആളുകൾക്ക് കാത്തിരിക്കാൻ ക്ഷമയുണ്ടായിരുന്നില്ല. ആളുകൾ ഇരച്ചുകയറി. പ്രമോഷനുവേണ്ടി 1000 ടീഷർട്ടുകളാണ് തയ്യാറാക്കിയത്''-കടയുടമ പറഞ്ഞു. 50 പൈസ കൗണ്ടറിൽ കൊടുത്ത് ടീ ഷർട്ട് സ്വന്തമാക്കാമെന്നായിരുന്നു വാഗ്ദാനം. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെയായിരുന്നു ഓഫർ. എന്നാൽ 11ഓടെ തന്നെ കടയടച്ചു. പിന്നീട് തിരക്കൊഴിഞ്ഞ് ഓഫർ അവസാനിപ്പിച്ച് ഉച്ചക്ക് രണ്ടോടെയാണ് കട തുറന്നത്.




