- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചൈനയും റഷ്യയും ബ്രസീലും പോലും വിട്ടുനിന്നപ്പോൾ യു എൻ കാലാവസ്ഥ സമ്മിറ്റിനു ജീവൻ നൽകി നരേന്ദ്ര മോദി; ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഗ്ലാസ്ഗോ സന്ദർശനം ബോറിസ് ജോൺസന് ആശ്വാസമാകും; രാജ്ഞി വരെ ആശങ്കപ്പെട്ട സമ്മിറ്റിന് പുതുജീവൻ
അടുത്തമാസം ആദ്യം ഗ്ലാസ്ഗോയിൽനടക്കുന്ന കോപ്26 കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ബോറിസ് ജോൺസന് ഏറെ ആശ്വാസകരമായി മാറിയിരിക്കുകയാണ്. നേരത്തേ റഷ്യയുടെ വ്ളാഡിമിർ പുട്ടിനും ചൈനയുടെ ഷീ ജിൻപിംഗും ഇതിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ ഐക്യരാഷ്ട്ര സഭയുടെ ഈ ഉച്ചകോടിയുടെ നിറം മങ്ങുമെന്ന ആശങ്ക ഉണ്ടായിരുന്നു. ഈ ആശങ്കയാണ് ഇന്ത്യ പങ്കെടുക്കുമെന്ന് ഉറപ്പാക്കിയതോടെ ഇല്ലാതെയാകുന്നത്.
ഇന്ത്യ സമ്മതമറിയിച്ചതോടെ ഇതുവരെ 120-ൽ പരം രാജ്യങ്ങളാണ് ഈ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പാക്കിയിരിക്കുന്നവർ. ലോകത്തിലെ ഏറ്റവും അധികം കാർബൺ വികിരണം നടത്തുന്ന രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയുടെ സാന്നിദ്ധ്യം ഉച്ചകോടിക്ക് കൂടുതൽ അർത്ഥങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ ഈ സമ്മേളനത്തിൽ സുപ്രധാനമായ പങ്കുവഹിക്കുമെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് ബോറിസ് ജോൺസൺ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഒന്നിലധികം തവണ സംസാരിച്ചുവെന്നും, ഇന്ത്യയുടെ തീരുമാനം സ്വാഗതം ചെയ്തുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.
കോവിഡ് സാഹചര്യം നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഗ്ലാസ്ഗോ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് കഴിഞ്ഞദിവസം റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ അറിയിച്ചത്. എന്നിരുന്നാലും വീഡിയോ ലിങ്ക് വഴി അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും എന്നറിയുന്നു. ചൈനീസ് പ്രസിഡണ്ട് കൂടി ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള ഈ ഉച്ചകോടി ഫലശൂന്യമായി പോകുമെന്ന ഭയം ഉയർന്നിരുന്നു. എന്നാൽ, ഇരു രാജ്യങ്ങളും അവരുടെ പ്രതിനിധികളെ സമ്മേളനത്തിന് അയക്കും എന്ന് പ്രതീക്ഷിക്കുന്നു.
ബ്രസീൽ പ്രസിഡണ്ട് ജെയ്‌ര് ബൊൽസൊനാരോ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, ആദ്യം ചില സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പങ്കെടുക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അതുപോലെ കഴിഞ്ഞയാഴ്‌ച്ച അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പാക്കിയിരുന്നു.
എന്നാൽ, ആഗോള താപനം 1.5 ഡിഗ്രിയിൽ തടയുന്നതിനുള്ള നടപടികൾക്ക് ചൈന സമ്മതിച്ചില്ലെങ്കിൽ, സമ്മേളനം വെറും അധരവ്യായാമത്തിൽ ഒതുങ്ങിയേക്കും. ആഗോള തലത്തിൽ തന്നെ കാർബൺ പ്രസരണത്തിന്റെ 27 ശതമാനവും ഉണ്ടാകുന്നത് ചൈനയിൽ നിന്നാണ്.
മറുനാടന് മലയാളി ബ്യൂറോ