- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക കയ്യെഴുത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആന്മരിയ ബിജു; കണ്ണൂരിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ അഭിനന്ദിച്ച് അമേരിക്കയിലെ ഹാൻഡ് റൈറ്റിങ് ഫോർ ഹ്യുമാനിറ്റി
മനോഹരമായ കയ്യക്ഷരത്തിലൂടെ ലോകത്തെ കാലിഗ്രാഹി പ്രേമികളുടെ മുഴുവൻ കയ്യടി നേടി കണ്ണൂരിലെ പ്ലസ് വൺ വിദ്യാർത്ഥിനി ആന്മരിയ ബിജു. ലോക കയ്യെഴുത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ആന്മരിയ ശ്രദ്ധ നേടിയിരിക്കുന്നത്. ന്യൂയോർക്ക് ആസ്ഥാനമായ ഹാൻഡ് റൈറ്റിങ് ഫോർ ഹ്യുമാനിറ്റി സംഘടിപ്പിച്ച മത്സരത്തിലാണ് ആന്മരിയ ഒന്നാം സ്ഥാനത്തെത്തിയത്.
ചെമ്പേരി നിർമല ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആന്മരിയ. 13-നും 19-നും ഇടയിൽ പ്രായമുള്ള ടീനേജ് വിഭാഗത്തിലാണ് ആൻ മരിയ ഒന്നാം സ്ഥാനം നേടിയത്. ആർട്ടിസ്റ്റിക്, പ്രിന്റഡ്, കേഴ്സീവ് എന്നീ മൂന്ന് മേഖലകളിലാണ് മത്സരം. ഇതിൽ ആർട്ടിസ്റ്റിക് വിഭാഗത്തിലാണ് ആൻ മരിയയുടെ കൈയക്ഷരം തിരഞ്ഞെടുക്കപ്പെട്ടത്. ജൂണിലായിരുന്നു മത്സരം. ഓൺലൈനായാണ് ആന്മരിയ മത്സരത്തിലേക്ക് അപേക്ഷ നൽകിയത്. ടെലിഗ്രഫി സർട്ടിഫിക്കറ്റും മൂന്ന് ലക്ഷ്വറി പേനകളുമാണ് ആന്മരിയക്ക് സമ്മാനമായി ലഭിച്ചത്.
ചെറിയ ക്ലാസിൽ പഠിക്കുമ്പോഴേ വളരെ മനോഹരമായിരുന്നു ആന്മരിയയുടെ കൈയക്ഷരങ്ങൾ. അതുകൊണ്ട് തന്നെ കൂട്ടുകാർ എല്ലാം പുസ്തകത്തിലും നോട്ട്ബുക്കിലുമൊക്കെ നെയിംസ്ലിപ്പിൽ കൂട്ടുകാർ ആൻ മരിയയെക്കൊണ്ട് പേരുകളെഴുതിക്കും. ആന്മരിയയുടെ കഴിവിന് അകമഴിഞ്ഞ് പ്രോത്സാഹനം നൽകിയത് നാലാം ക്ലാസിലെ അദ്ധ്യാപികയായിരുന്ന സിസ്റ്റർ ജെയ്സ് മരിയയും മലയാളം അദ്ധ്യാപികയായിരുന്ന ബെറ്റിയുമാണ്. അമ്മയുടെ സഹോദരി ഡോ.ക്രിസ്റ്റീനാ ഫ്രാൻസിസ് ആണ് ഹാൻഡ് റൈറ്റിങ് ഫോർ ഹ്യുമാനിറ്റിയെക്കുറിച്ചും കൈയക്ഷര മത്സരത്തെക്കുറിച്ചുമെല്ലാം ആന്മരിയയോട് പറഞ്ഞത്. അവരുടെ നിർദേശപ്രകാരം ആന്മരിയ മത്സരത്തിന് ഓൺലൈനായി അപേക്ഷ നൽകി.
ആന്മരിയയ്ക്ക് പ്രത്യേകം കൈയക്ഷര പരിശീലനത്തിന് ആവശ്യമായ പ്രത്യേകതരം പേനയും നിബും എല്ലാം മേടിച്ചുകൊടുത്ത് അച്ഛൻ ബിജു ജോസും അമ്മ സ്വപ്ന ഫ്രാൻസിസും കൂടെ നിന്നു. സാമൂഹിക മാധ്യമത്തെയാണ് കാലിഗ്രഫി കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ആന്മരിയ ആശ്രയിച്ചത്. നിരന്തരമായ പരിശ്രമമായിരുന്നു കൂട്ട്. മലയാളത്തിലും ഇംഗ്ലീഷിലും ആന്മരിയ കാലിഗ്രഫി ചെയ്യുമെങ്കിലും തനിക്ക് കൂടുതൽ എളുപ്പമായി തോന്നുന്നത് ഇംഗ്ലീഷ് ആണെന്ന് ആൻ മരിയ പറഞ്ഞു. കൂടുതൽ ക്രിയേറ്റീവ് ആകാൻ കഴിയുമെന്നതാണ് കാരണം.
ഇലക്ട്രിക് ടെക്നീഷ്യനാണ് ആന്മരിയയുടെ അച്ഛൻ ബിജു. അമ്മ സ്വപ്ന. സഹോദരൻ അലൻ ബിജു പ്ലസ്ടു വിദ്യാർത്ഥിയും സഹോദരി അമല ആറാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.
മറുനാടന് മലയാളി ബ്യൂറോ