ചെന്നൈ: വിമാനയാത്രയ്ക്കിടെ സീറ്റിലിരുന്ന് തുടരെ തുടരെ പുകവലിച്ച യാത്രക്കാരൻ അറസ്റ്റിൽ. നിർത്താതെ പുകവലിക്കുകയും മറ്റു യാത്രക്കാർക്ക് ശല്യമുണ്ടാക്കുകയും ചെയ്ത തഞ്ചാവൂർ സ്വദേശിയായ മുഹമ്മദ് റഫീഖാണ് (53) പിടിയിലായത്. പൈലറ്റിന്റെ പരാതിയിൽ ചെന്നൈ വിമാനത്താവളം പൊലീസ് ആണ് ഇയാളെ അറസ്റ്റുചെയ്തത്.

ദുബായിൽ നിന്ന് ചെന്നൈയിലേക്കു വന്ന ഇൻഡിഗോ വിമാനത്തിൽ കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു സംഭവം. ദുബായിലെ സ്വകാര്യകമ്പനിയിൽ മൂന്നുവർഷമായി ജോലിചെയ്യുന്ന റഫീഖ് അവധിക്ക് നാട്ടിലേക്ക് വരുകയായിരുന്നു. താൻ 'ചെയിൻ സ്‌മോക്കർ' ആണെന്നും പുകവലിക്കാതെ ഇരിക്കാനാകില്ലെന്നും പറഞ്ഞാണ് ഇയാൾ സീറ്റിലിരുന്നു സിഗരറ്റ് വലിച്ചത്.

വിമാനത്തിനകത്ത് പുകയായതോടെ അസ്വസ്ഥരായ മറ്റു യാത്രക്കാർ എതിർപ്പറിയിച്ചെങ്കിലും പുകവലി നിർത്താനാകില്ലെന്ന നിലപാടിലായിരുന്നു റഫീഖ്. എയർ ഹോസ്റ്റുമാരും എതിർത്തതോടെ സീറ്റിൽനിന്ന് മാറിയ റഫീഖ് പക്ഷേ, പുകവലി നിർത്തിയില്ല.

ഇടയ്ക്കിടെ വിമാനത്തിന്റെ ശൗചാലയത്തിൽ പോയുള്ള വലി തുടർന്നു. ശല്യമായതോടെ എയർ ഹോസ്റ്റസുമാർ പൈലറ്റിനെ വിവരമറിയിക്കുകയായിരുന്നു. വിമാനം ചെന്നൈയിൽ ഇറങ്ങിയതിന് പിന്നാലെ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.