കാസർകോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന നോയൽ ടോമിൻ ജോസഫിനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയ നടപടി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പിൻവലിച്ചു. ഡിസിസി പ്രസിഡണ്ട് പി കെ ഫൈസലാണ് ഇക്കാര്യം അറിയിച്ചത്.

മുൻ ഡിസിസി പ്രസിഡണ്ട് ഹകീം കുന്നിൽ നാലുമാസം മുമ്പാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നോയലിനെ പുറത്താക്കിയത്. കെ സുധാകരൻ കെപിസിസി പ്രസിഡന്റായി നിയമിതനായ ദിവസം തന്നെയാണ് പ്രധാനപ്പെട്ട നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. നവമാധ്യമങ്ങളിലൂടെ ഡിസിസി പ്രസിഡന്റിനെ അപമാനിച്ചെന്ന പേരിലായിരുന്നു നടപടിയെടുത്തത്.

തുടർച്ചയായി നാലുതവണ പാർട്ടി നേതൃത്വത്തെ അപമാനിക്കുന്ന തരത്തിൽ നവമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനാണ് നടപടിയെന്നായിരുന്നു ഹക്കിം കുന്നിൽ അറിയിച്ചത്. എന്നാൽ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഡി.സി.സി. പ്രസിഡന്റ് കൈക്കൊണ്ട നടപടി പാർട്ടി ഭരണഘടനാ വിരുദ്ധമാണെന്ന് നോയൽ ടോമിൻ ജോസഫ് പ്രതികരിച്ചിരുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഡിസിസി പ്രസിഡണ്ട് ഗൾഫ് സന്ദർശനം നടത്തിയിരുന്നു. ഈ സമയത്ത് തന്നെ ഉദുമയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ബാലകൃഷ്ണൻ പെരിയ തന്റെ പേരിൽ ഗൾഫിൽ വ്യാപകമായി പണപിരിവ് നടക്കുന്നുണ്ടെന്നും പിരിവ് താൻ അറിയാതെയാണെന്നും ഫേസ്‌ബുകിലൂടെ കുറിച്ചിരുന്നു.

ഇതിനുള്ള നോയൽ ടോമിൻ ജോസഫിന്റെ കമന്റ് ആണ് വിവാദമായത്. ഇത് തന്നെ അപമാനിക്കാനുള്ള ശ്രമമാണ് എന്നാരോപിച്ച് ഹകീം കുന്നിൽ കെപിസിസിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുറത്താക്കൽ നടപടി ഉണ്ടായത്. തുടർച്ചയായി പാർട്ടി അച്ചടക്ക ലഘനം നടത്തിയതിനാണ് പുറത്താക്കിയതെന്നാണ് ഡിസിസി പ്രസിഡണ്ട് അറിയിച്ചിരുന്നത്.



ഡിസിസി പ്രസിഡണ്ട് പടിയിറങ്ങുന്നതിനു മുമ്പ് തന്നോടുള്ള പക പോക്കിയതാണെന്ന് അന്ന് നടപടിയെ നോയൽ ടോം ജോസഫ് പ്രതികരിച്ചിരുന്നത്. നോയലിനെ പുറത്താക്കിയത് പാർട്ടി നടപടിക്രമങ്ങൾ പാലിക്കാതെയാന്നെന്ന് അന്ന് തന്നെ ഒരു വിഭാഗം വിമർശനം ഉയർത്തിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാവായ നോയലിനെതിരെ നടപടിയെടുക്കേണ്ടത് യൂത്ത് കോൺഗ്രസ് ആണെന്നായിരുന്നു പ്രധാന വാദം.

ഡിസിസി പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ചാണ് അംഗത്വത്തിൽ നിന്ന് നീക്കിയതെന്നാണ് ഡിസിസി വിശദീകരിച്ചിരുന്നത്. പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തുള്ള കത്ത് വാട്‌സ് ആപ്പിലാണ് നോയലിന് കൈമാറിയിരുന്നതെന്നതും ആക്ഷേപത്തിനിടയാക്കിയിരുന്നു. പി കെ ഫൈസൽ ഡിസിസി പ്രസിഡന്റായതോടെ പാർട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നോയലിനെതിരായ നടപടി പിൻവലിച്ചിരിക്കുന്നത്.