പട്യാല: പ്രതിശ്രുത വധുവിനെ നൈട്രജൻ ഗ്യാസ് നൽകി കൊലപ്പെടുത്തിയ കേസിൽ നാല്പതുകാരൻ അറസ്റ്റിൽ. പട്യാല സ്വദേശിയായ നവനീന്ദർപ്രീത്പാൽ സിങ് എന്നയാളാണ് അറസ്റ്റിലായത്. വിവാഹത്തിന് ഒരാഴ്ച മുമ്പാണ് ഇയാൾ പ്രതിശ്രുത വധുവായ ബദിൻഡ സ്വദേശി ചുപീന്ദർപാൽ കൗർ എന്ന യുവതിയെ നൈട്രജൻ ഗ്യാസ് നൽകി കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം പട്യാലയിലെ വീട്ടിലെ ബെഡ്റൂമിൽ മറവുചെയ്തു.

ചുപീന്ദറിനെ കാണാതായതിനെ തുടർന്ന് വീട്ടുകാരുടെ പരാതിയിൽ നടത്തിയ പൊലീസ് അന്വേഷണത്തിലാണ് കൊലാപാതക വിവരം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യയേയും സമാനരീതിയിൽ കൊലപ്പെടുത്തിയതായും ഇയാൾ സമ്മതിച്ചു. ഈ വർഷം മാർച്ചിലായിരുന്നു നവനീന്ദർപ്രീത്പാൽ സിങും ചുപീന്ദർപാൽ കൗറും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഒക്ടോബർ 20ന് ഇരുവരും വിവാഹിതരാകാനിരിക്കുയായിരുന്നു.

വിവാഹത്തിന് അവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് പട്യാലയിൽ എത്തിയ ചുപീന്ദറിനെ നവനീന്ദർ നൈട്രജൻ ഗ്യാസ് ശ്വസിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ശേഷം മൃതദേഹം വീട്ടിലെ ബെഡ്‌റൂമിൽ മറവ് ചെയ്ത ഇയാൾ ഓക്ടോബർ 14ന് അർധരാത്രിയിൽ ചുപീന്ദർ ദേഷ്യപ്പെട്ട് വീ്ട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് വീട്ടുകാരെ അറിയിക്കുകയും ചെയ്തു.

വിവാഹത്തിന് അവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനായാണ് ചുപീന്ദർപാൽ പട്യാലയിൽ എത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. വീട്ടിൽനിന്ന് സമ്മതം വാങ്ങിയ ശേഷം നവനീന്ദറിന്റെ വീട്ടിലാണ് അവർ താമസിച്ചത്. ഓക്സിജൻ ശ്വസിച്ചാൽ മുഖത്തിന് തിളക്കം വർധിക്കുമെന്ന് വിശ്വസിച്ച് പ്രതി ചുപീന്ദറിനെക്കൊണ്ട് വാതകം ശ്വസിപ്പിക്കുന്നത്. എന്നാൽ ഓക്സിജന് പകരം നൈട്രജൻ സിലണ്ടറായിരുന്നു കണക്ട് ചെയ്തത്.

പൊലീസ് പിടിയിലായ നവനീന്ദർപ്രീത്പാൽ, തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഭാര്യയേയും സമാനരീതിയിൽ കൊലപ്പെടുത്തിയതായി സമ്മതിച്ചത്. 2018 ഫെബ്രുവരിയിലാണ് സുഖ്ദീപ് കൗർ എന്ന സ്ത്രീയെ ഇയാൾ വിവാഹം കഴിക്കുന്നത്. ഗർഭിണിയായിരുന്ന സുഖ്ദീപിനെ ഈ വർഷം സെപ്റ്റംബർ 19നാണ് പ്രതി കൊലപ്പെടുത്തുന്നത്. തുടർന്ന് ഹൃദയാഘാതം മൂലമാണ് സുഖ്ദീപ് മരിച്ചതെന്ന് അവരുടെ മാതാപിതാക്കളെ വിശ്വസിപ്പിക്കുകയും മൃതദേഹം സംസ്‌ക്കരിക്കുകയും ചെയ്തു.

രണ്ട് സ്ത്രീകളേയും പ്രതി നൈട്രജൻ വാതകം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ധം കുരുക്കാകും എന്ന തോന്നലിലാണ് രണ്ട് സ്ത്രീകളേയും കൊലപ്പെടുത്തിയതെന്നാണ് പ്രതി പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. 2018ൽ മറ്റൊരു സ്ത്രീയേയും ഇയാൾ വിവാഹം കഴിച്ചതായാണ് പൊലീസ് നൽകുന്ന വിവരം.