ന്യൂഡൽഹി: തീപ്പെട്ടിയുടെ വില രണ്ട് രൂപയായി ഉയരുന്നു. നിലവിൽ ഒരു രൂപയാണ് തീപ്പെട്ടിയുടെ വില. പുതുക്കിയ വില ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 14 വർഷങ്ങൾക്ക് ശേഷമാണ് തീപ്പെട്ടിയുടെ വില ഉയർത്തുന്നത്. എല്ലാ തീപ്പെട്ടി നിർമ്മാണ കമ്പനികളും സംയുക്തമായാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്.

ഉത്പാദനച്ചെലവ് ഉയർന്നതാണ് വില വർധിപ്പിക്കാൻ കാരണമെന്ന് നിർമ്മാതാക്കൾ പറയുന്നു. നേരത്തെ 50 പൈസയായിരുന്ന വില 2007ലാണ് ഒരുരൂപയാക്കി വർധിപ്പിച്ചത്. 1995-ലാണ് വില 25 പൈസയിൽനിന്ന് 50 പൈസയാക്കിയത്.

തീപ്പെട്ടി നിർമ്മിക്കാൻ 14 വ്യത്യസ്ത അസംസ്‌കൃത വസ്തുക്കൾ ആവശ്യമാണ്. ഇതിൽ പലതിന്റെയും വില കഴിഞ്ഞ 14 വർഷത്തിനിടെ ഇരട്ടിയിലേറെ വർധിച്ചു. ഇതോടെ ഉത്പാദനച്ചെലവ് ഗണ്യമായി വർധിച്ചതായും വില വർധനവിന് കാരണമായി നിർമ്മാണ കമ്പികൾ ചൂണ്ടിക്കാണിക്കുന്നു.

ഓൾ ഇന്ത്യ ചേംബർ ഓഫ് മാച്ച് ഇൻഡസ്ട്രീസ് അംഗങ്ങളും കോവിൽപെട്ടി, സാത്തൂർ, ഗുഡിയാത്തം, ധർമപുരി, കൃഷ്ണഗിരി എന്നിവിടങ്ങളിലെ നിർമ്മാതാക്കളുടെ സംഘടനകളുമാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്.