- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികളിലെ അനഭിലഷണീയ പ്രവണതകൾ തിരുത്തി അവരുടെ ശ്രദ്ധയും സമയവും പഠനത്തിലേക്കും മറ്റു കലാ കായിക പ്രവർത്തനങ്ങളിലേക്കും തിരിച്ചു വിടും; വിദ്യാർത്ഥികളെ ലഹരി വസ്തുക്കളിൽ നിന്നും പിന്തിരിപ്പിക്കാൻ 'ഉണർവ്വ്' പദ്ധതിയുമായി വിമുക്തി
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കാൻ വിദ്യാലയങ്ങളിൽ ക്രിയാത്മക ഇടപെടൽ നടത്തുന്നതിന് എക്സൈസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ലഹരിവർജനമിഷനായ വിമുക്തി 'ഉണർവ്വ്' പദ്ധതി നടപ്പിലാക്കുന്നു. വിദ്യാർത്ഥികളിലെ അനഭിലഷണീയ പ്രവണതകൾ തിരുത്തി അവരുടെ ശ്രദ്ധയും സമയവും പഠനത്തിലേക്കും മറ്റു കലാ കായിക പ്രവർത്തനങ്ങളിലേക്കും തിരിച്ചു വിടുന്നതിനാണ് പദ്ധതി.
തിരഞ്ഞെടുക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, രക്ഷകർത്താക്കൾ, എക്സൈസ് ഉദ്യോഗസ്ഥർ, പ്രദേശത്തെ തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, പരിസരവാസികൾ, പ്രദേശത്തെ വ്യാപാരി വ്യവസായി സമൂഹം എന്നിവരെ ഉൾക്കൊള്ളിച്ചുള്ള പ്രവർത്തനമാണ് നടപ്പാക്കുന്നത്. ഗവർണറുടെ നയപ്രഖ്യാപനത്തിൽ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളിൽ ഉണർവ്വ് പദ്ധതി നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ലഹരി ഉപയോഗത്തിൽ നിന്നും വിദ്യാർത്ഥികളെ പിൻതിരിപ്പിക്കുക, അവർക്ക് ആത്മവിശ്വാസവും പിൻതുണയും നൽകുന്നതിന് നടപടികൾ സ്വീകരിക്കുക, കർമ്മശേഷിയെ ക്രിയാത്മക മേഖലകളിൽ വിനിയോഗിക്കുന്നതിന് പരിശീലനം നൽകുക, വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർത്ഥികളെ ലഹരിയുടെ പ്രചോദനങ്ങളിൽ നിന്നും വഴിതിരിച്ച് കായിക-കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുക തുടങ്ങിയവയാണ് ഉണർവ്വ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഓരോ ജില്ലയിൽ നിന്നും നാല് സ്കൂളുകളെയാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കുക. എക്സൈസ് ഉദ്യോഗസ്ഥർ ഈ സ്കൂളുകൾ സന്ദർശിച്ച് അവിടെയുള്ള പ്രശ്നങ്ങളും സാഹചര്യങ്ങളും പഠിച്ച് ലഹരിക്കെതിരെ സാമൂഹ്യ പ്രതിരോധം തീർക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച് കർമ്മപദ്ധതി തയ്യാറാക്കും. പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശം നൽകാൻ എക്സൈസ് കമ്മീഷണറേറ്റിൽ ഉന്നതതല സമിതി രൂപീകരിക്കും. സ്കൂളുകളിൽ രൂപീകരിക്കുന്ന ഉണർവ്വ് കമ്മിറ്റികൾ തയ്യാറാക്കിയ കർമ്മപദ്ധതി എക്സൈസ് വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയ ഇതര സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.
ലഹരി ഉപയോഗ സാധ്യതകൾ സംശയിക്കുന്ന കുട്ടികൾക്ക് കൗൺസലിങ്/ചികിത്സ വിമുക്തി മിഷൻ സെന്ററുകളിൽ നൽകും. വിദ്യാർത്ഥികളുടെ കലാ-കായിക കഴിവുകളെ വികസിപ്പിക്കുന്നതിന് സ്കൂളുകളിൽ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾക്ക് അനുസരിച്ച് കലാ-കായിക പരിശീലന സംവിധാനങ്ങൾ ഏർപ്പെടുത്തും.
വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുന്നതിന് 'ഉണർവ്വ്' പദ്ധതിക്ക് കായിക പരിശീലനത്തിനത്തിന് കളിക്കളങ്ങൾ പോലെ മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളും സ്പോർട്സ് ഉപകരണങ്ങളും പരിശീലന സൗകര്യങ്ങളും ആവശ്യമാണ്. സർക്കാർ ധനസഹായത്തോടെയും സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകൾ, കമ്പനികൾ എന്നിവയുടെ സിഎസ്ആർ ഫണ്ടുകൾ ഉപയോഗിച്ചും വിദ്യാലയങ്ങളിലെ അടിസ്ഥാന പരിശീലന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. വിവിധ സാംസ്കാരിക സംഘടനകളുമായി സഹകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ തിരഞ്ഞെടുത്ത സർക്കാർ സ്കൂളുകളിലും എയിഡഡ് സ്കൂളുകളിലും പദ്ധതി നടപ്പിലാക്കും.
തിരുവനന്തപുരത്തെ നാല് സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ഈ സ്കൂളുകളിൽ കലാ-കായിക പരിശീലന സൗകര്യങ്ങൾ വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ മെച്ചപ്പെടുത്തുന്നതിനുള്ള കർമ്മപദ്ധതി നടപ്പിലാക്കി വരികയാണ്. വിദ്യാർത്ഥികൾക്ക് അച്ചടക്കം വളർത്തുന്നതിൽ വിമുക്തിയുടെ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ട്. ഈ സ്കൂളുകളിൽ ഇടവേളകളിൽ പോലുമുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം കുട്ടികൾക്ക് ലഹരി മാഫിയയുമായി ബന്ധപ്പെടാനുള്ള അവസരങ്ങൾ ഇല്ലാതാക്കുന്നുണ്ട്. സ്കൂളുകളിൽ ലഹരി ഉപയോഗിക്കുന്നതായി സംശയിക്കപ്പെടുന്ന കേസുകളിൽ വിദ്യാർത്ഥികൾക്ക് കൗൺസലിങ്ങും ചികിത്സയും നൽകുന്നുമുണ്ട്.
സ്കൂൾ-കോളേജ്തല ലഹരിവിരുദ്ധ ക്ലബുകൾ, നാഷണൽ സർവീസ് സ്കീം, കുടുംബശ്രീ, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, സംസ്ഥാന ലൈബ്രറി കൗൺസിൽ, മദ്യവർജന സമിതികളടക്കമുള്ള സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി-യുവജന-വനിതാ സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെ ലഹരി വിമുക്തകേരളം സാക്ഷാത്കരിക്കുന്നതിനാണ് വിമുക്തി ഊന്നൽ നൽകുന്നത്.