കണ്ണൂർ: കെ.റെയിൽ പദ്ധതിക്കായി മാടായിപ്പാറയിലെ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ മാടായിപ്പാറ സംരക്ഷണ സമിതി മാടായിപ്പാറയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാർ പോലും അവഗണിച്ച കെ.റെയിൽ പദ്ധതിയെ വികസനത്തിനെന്ന പേര് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പാർട്ടി ഫണ്ടിലേക്ക് കോടികൾ അടിച്ചുമാറ്റാനുള്ള രാഷ്ട്രിയ ഭിക്ഷാംദേഹികളായി കേരള സർക്കാർ അധ:പതിച്ചുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് സതിശൻ പാച്ചേനി പറഞ്ഞു. കേരളത്തിൽ അടിക്കടിയുണ്ടാവുന്ന ദുരന്തങ്ങളിൽ നിന്ന് പോലും പാഠംപടിക്കാതെ വീണ്ടും പ്രകൃതിയെ രണ്ടായി കിറിമുറിച്ച് വികസനം സ്വപ്നം കാണുന്നവർ വരുംതലമുറയെ മറക്കുന്നു.

വിശാലമായി പരന്ന് കിടക്കുന്ന മാടായിപ്പാറയുടെ ജൈവ സമ്പത്ത് നശിപ്പിക്കുന്നതിനോടൊപ്പം ഒരു ആവാസവ്യവസ്ഥയെ തന്നെ താളം തെറ്റിക്കുന്ന പദ്ധതിക്ക് എതിരായ ശക്തമായ ജനരോഷം പ്രതിഷേധ പരിപാടിയിൽ ഉയർന്നു. മാടായിപ്പാറ സംരക്ഷണ സമിതി കൺവീനർ പി.പി. കൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. സമിതി ചെയർന്മാൻ കെ.പി. ചന്ദ്രാംഗദൻ, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ വിജയൻ നീലകണ്ഠൻ, പ്രകൃതി വന്യജീവി സംരക്ഷകൻ അഡ്വ. വിവേക്, മാടായിക്കാവ് ദേവസ്വം മാനേജർ നാരായണപിടാരർ, സി. നാരായണൻ എ.പി. ബദറുദ്ധീൻ, ഇബ്രാഹിംകുട്ടി മാസ്റ്റർ, സുധീർ വെങ്ങര, എസ്.യു. റഫിഖ്, പുഷ്പകുമാരി തുടങ്ങിയവർ സംസാരിച്ചു