- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളംബിയയിലെ ഏറ്റവും വലിയ ക്രിമിനലായ മയക്കുമരുന്ന് മാഫിയാ തലവൻ പൊലീസിനെ വെട്ടിച്ച് നടന്നത് ഒരു പതിറ്റാണ്ട് കാലം; പൊലീസ് ഉദ്യോഗസ്ഥരെ കൊന്നതു മുതൽ ബാലപീഡനം വരെയുള്ള കുറ്റങ്ങൾ; ഒരുക്കി നിർത്തിയിരുന്നത് എന്തിനും പോന്ന സ്വകാര്യ സേനയെ; ഓട്ടോനീൽ എന്ന കൊളംബിയൻ മാഫിയാ രാജാവ് ഒടുവിൽ പിടിയിലായപ്പോൾ
കൊളംബിയയിലെ ഏറ്റവും ഭീകരനായ കുറ്റവാളിയായിരുന്നു ഡൈറോ അന്റോണിയോ ഉസ്വാഗ ഡേവിഡ് എന്ന ഓട്ടോനീൽ. അമേരിക്കയിലേക്ക് കൊക്കെയ്ൻ കടത്തുന്ന സംഘങ്ങളിൽ ഏറ്റവും വലിയ സംഘത്തിന്റെ തലവനായിരുന്ന ഈ ഭീകരന്റെ പേരിലുള്ള കുറ്റങ്ങൾ നിരവധിയാണ്. പൊലീസുകാരെ കൊന്നതുമുതൽ, മയക്കുമരുന്നു കടത്തുന്നതിന് കുട്ടികളെ ഏർപ്പാടാക്കിയതുവരെയുള്ള കുറ്റങ്ങൾ ഇയാൾക്ക് മേൽ ചുമത്തപ്പെട്ടിട്ടുണ്ട്. അതിനുപുറമെ പ്രായപൂർത്തിയായ ബാലികാബാലന്മാരെ ലൈംഗിക പീഡനത്തിനും ഇയാൾ വിധേയമാക്കിയിരുന്നു.
ഏകദേശം 500 പേരടങ്ങുന്ന കൊളംബിയൻ സൈന്യത്തിന്റെ ഒരു യൂണീറ്റ് കൊളംബിയയിൽ ഉറാബ മേഖലയിലെ ഒരു കാട്ടിൽ നടത്തിയ റെയ്ഡിനൊടുവിലാണ് ഇയാൾ പിടിയിലാകുന്നത്. അതോടെ ഓസിറിസ് എന്ന് നാമകരണം ചെയ്ത ഒരു പതിറ്റാണ്ടോളം നീണ്ടുനിന്ന മനുഷ്യവേട്ടയ്ക്ക് അവസാനമാവുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്‌ച്ചയായിരുന്നു ഇയാൾ പിടിയിലാകുന്നത്. 50 കാരനായ ഓട്ടോനീലിന്റെ അറസ്റ്റിനെ കൊളംബിയൻ പ്രസിഡണ്ട് ഇവാൻ ഡുക്യു താരതമ്യം ചെയ്തത് മൂന്നു പതിറ്റാണ്ടു മുൻപ് പാബ്ലോ എസ്‌കോബാറിനെ അറസ്റ്റ് ചെയ്ത സംഭവവുമായിട്ടാണ്.
1990-കളിൽ പാബ്ലോ എസ്‌കോബാറിന്റെ മയക്കുമരുന്ന സാമ്രാജ്യം തകർത്തതിനു തുല്യമായ അടിയാണ് ഈ അറസ്റ്റും മയക്കുമരുന്ന് മാഫിയകൾക്ക് നൽകിയിരിക്കുന്നതെന്ന് പ്രസിഡണ്ട് പറഞ്ഞു. ഓട്ടോനീലിനെ കൈയാമം വെച്ച് ശനിയാഴ്‌ച്ച വൈകിട്ടു തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. പിന്നീട് അയാളെ ബൊഗോട്ടയിലേക്ക് കൊണ്ടുപോയി. അവിടെയായിരിക്കും ഇയാൾ വിചാരണ നേരിടുക.
ഏവരും ഭയക്കുന്ന ഗൾഫ് ക്ലാൻ എന്ന സംഘത്തിന്റെ തലവനാണ് ഓട്ടോനീൽ. സ്വന്തമായി സൈന്യം വരെയുള്ള ഈ സംഘം മദ്ധ്യ അമേരിക്കയിലെ കൊടുങ്കാടുകളിലൂടെ അമേരിക്കൻ ഐക്യനാടുകളിലേക്ക് കൊക്കെയ്ൻ കടത്തുന്നത് സുഗമമക്കുന്നതിനിടയിൽ നിരവധി പേരെയാണ് കൊന്നു തള്ളിയിരിക്കുന്നത്. മുത് വലതുപക്ഷ തീവ്രവാദികളെ ഉൾക്കൊള്ളുന്ന സൈന്യത്തിൽ ഏകദേശം 1200 പേരോളം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മത്രമല്ല, കൊളംബിയയിലെ 32 പ്രവുശ്യകളിൽ 10 ലും ഇവർക്ക് ശക്തമായ സാന്നിദ്ധ്യവുമുണ്ട്.
മയക്കുമരുന്ന് കടത്തിനൊപ്പം അനധികൃത ഖനനവും ഈ മാഫിയാ സംഘത്തിന്റെ പ്രവർത്തനപരിധിയിൽ പെടുന്നതാണ്. വിവിധ സമുദായ നേതാക്കൾക്കെതിരെ വധഭീഷണി മുഴക്കിയതിനും ചിലരെ കൊന്നുതള്ളിയതിനും ഇവർക്കെതിരെ കേസുണ്ട്. ഓട്ടോനീലിന്റെ അറസ്റ്റിനെ ഈ സംഘത്തിന്റെ അവസാനമായ് പ്രസിഡണ്ട് വാഴ്‌ത്തുമ്പോഴും, മറ്റൊരു നേതാവ് നേതൃത്വമേറ്റെടുക്കാൻ അണിയറയിൽ തയ്യാറായിട്ടുണ്ടാകും എന്നാണ് കൊളമ്പിയ റിസ്‌ക് അനാലിസിസ് ഡയറക്ടർ സെർജിയോ ഗസ്മാൻ പറയുന്നത്. കൊളംബിയൻ മയക്കുമരുന്ന് മാഫിയയുടെ പൊതുസ്വഭാവമനുസരിച്ച്, ഓട്ടോനീലിന്റെ പകരകാരൻ ഇപ്പഴേ തയ്യാറായിട്ടുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉള്ള വ്യക്തികൂടിയാണ് ഈ മാഫിയാ തലവൻ. 5 മില്യൺ ഡോളറാണ് ഇയാളുടെ തലയ്ക്ക് വിലപറഞ്ഞിരിക്കുന്നത്. 2009-ൽ മാൻഹാട്ടൻ കോടതിയിലാണ് ഇയാൾക്കെതിരെ ആദ്യ കേസ് റെജിസ്റ്റർ ചെയ്തത്. മയക്കു മരുന്നു കടത്തിനും അതുപോലെ അമേരിക്ക തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്ന ഒരുകൂട്ടം തീവ്രവാദികൾക്ക് സഹായം ചെയ്തുകൊടുത്തു എന്നതിനുമായിരുന്നു കേസ്. അന്നു മുതൽ ഒളിവിലായിരുന്ന ഇയാൾ പിന്നീടങ്ങോട്ട് കുറ്റകൃത്യങ്ങളുടെ ലോകത്ത് സജീവമാകുകയായിരുന്നു.
ആൾത്തിരക്കിൽ നിന്നൊഴിഞ്ഞ ശാന്തമായ ഗ്രാമപ്രദേശങ്ങളിൽ നിരവധി വീടുകളുടെ ഒരു ശൃംഖലതന്നെ ഉണ്ടായിരുന്നു ഇയാൾക്ക്. ഓരോ രാത്രിയിലും വീടുകൾ മാറിമാറി താമസിച്ചാണ് ഇയാൾ ഇത്രകാലവും അറസ്റ്റ് ഒഴിവാക്കിയിരുന്നതെന്ന് അറിയുന്നു. ഇതിനിടയിൽ പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ ഇയാളും സംഘവും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ കടുത്ത നടുവേദനയും ഇയാളെ ആക്രമിച്ചു.ഒളിവിൽ കഴിയുമ്പോൾ പോലും ഓർത്തോപീഡിക് കിടക്കയിലായിരുന്നു ഇയാൾ കിടന്നിരുന്നത്.
അമേരിക്കയിലേയും ബ്രിട്ടനിലേയും രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു 500 പേരടങ്ങിയ കൊളംബിയൻ സൈനിക സംഘം കാട് റെയ്ഡ് ചെയ്യാനെത്തിയത്. ഒരു സൈനികന്റെ ജീവൻ നഷ്ടപ്പെടേണ്ടി വന്നെങ്കിലും ലക്ഷ്യം നിറവേറ്റിയാണ് അവർ തിരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ