തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യും. പതിനൊന്നു ജില്ലകളിൽ യെലോ അലർട്ട് പുറപ്പെടുവിച്ചു. കാസർകോട്, കണ്ണൂർ, ആലപ്പുഴ ഒഴികെ 11 ജില്ലകളിലാണ് യെലോ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കലാവസ്ഥാ വകുപ്പറിയിച്ചു. 26ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടും (അതിശക്തമായ മഴ) വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ യെലോ അലർട്ടും നൽകി.

മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. മഴ 28 വരെ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മിന്നലിനും കാറ്റിനും സാധ്യതയുണ്ട്. അറബിക്കടലിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.

കാലവർഷം ഇന്നോ നാളെയോ പൂർണമായി പിൻവാങ്ങുമെന്നും തുലാവർഷം തുടങ്ങുമെന്നുമാണു വിലയിരുത്തൽ. പതിവിൽ നിന്ന് 25 ദിവസം വൈകിയാണു തുലാവർഷം തുടങ്ങുന്നത്. അറബിക്കടലിൽ ലക്ഷദ്വീപിനു സമീപമുള്ള ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.