ആലപ്പുഴ: ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ ബൈക്ക് നിയന്ത്രണം വിട്ട് തെറിച്ചു വീണ ഗ്രേഡ് എസ്‌ഐ മരിച്ചു. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വൈക്കം വല്ലകം വട്ടത്തറപ്പാടി പടിഞ്ഞാറക്കരയിൽ വി.വിനയചന്ദ്രൻ (49) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ടതോടെ, അദ്ദേഹം പാതയോരത്തെ ശുദ്ധജല പൈപ്പ് വാൽവിന്റെ സ്ലാബിലേക്കു തെറിച്ചുവീഴുകയായിരുന്നു.

ദേശീയപാതയിൽ തുറവൂർ ജംക്ഷനു വടക്കുഭാഗത്ത് റിലയൻസ് പമ്പിനു സമീപം ഇന്നലെ വൈകിട്ട് 3.30നാണ് അപകടം. ബൈക്ക് മറിഞ്ഞുകിടക്കുന്നതു ശ്രദ്ധയിൽപെട്ട വഴിയാത്രക്കാരനാണു പരുക്കേറ്റ് സ്ലാബിൽ അബോധാവസ്ഥയിൽ കിടന്ന വിനയചന്ദ്രനെ കാണുന്നത്. ഉടൻ മരടിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

പള്ളിപ്പുറം തിരുനല്ലൂർ സ്വദേശിയായ വിനയചന്ദ്രൻ വർഷങ്ങളായി വൈക്കം വല്ലകത്താണ് താമസം. രണ്ടാഴ്ചയായി ഹൈവേ പൊലീസ് ഡ്യൂട്ടിയിലായിരുന്നു. പരേതനായ കുന്നത്തുവീട്ടിൽ വേലായുധന്റെയും മീനാക്ഷിയുടെയും മകനാണ്. ഭാര്യ: ആശ. മക്കൾ: വിശാഖ്, വിസ്മയ.