പത്തനംതിട്ട: കാമുകന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട യുവതിയുടെ മരണം അതിക്രൂര കൊലപാതകമെന്ന് തെളിഞ്ഞു. മല്ലപ്പള്ളി കോട്ടാങ്ങൽ കണയങ്കൽ ടിഞ്ചു മൈക്കിളിന്റെ (26) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. അന്വേഷണത്തിന്റെ തുടക്കത്തിൽ കാമുകനെ പ്രതി സ്ഥാനത്ത് നിർത്തിയ കേസാണ് ക്രൈംബ്രാഞ്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ യഥാർത്ഥ പ്രതിയെ കുടുക്കിയത്. ബലാത്സംഗത്തിന് ശേഷം ടിഞ്ചുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നു പ്രതി പൊലീസിനോടു കുറ്റസമ്മതം നടത്തി.

ആളില്ലാത്ത സമയം വീട്ടിലെത്തിയ തടിക്കച്ചവടക്കാരൻ മല്ലപ്പള്ളി കൊട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നെയ്മോൻ എന്ന് വിളിക്കുന്ന നസീറിനെ (39) ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ടിഞ്ചുവിനെ ക്രൂരമായ ലൈംഗിക അതിക്രമത്തിനു വിധേയമാക്കിയ ശേഷം യുവതിയെ ഇയാൾ കൊന്ന് കെട്ടിത്തൂക്കിയതാണെന്നു തെളിഞ്ഞു. സംഭവ സ്ഥലത്തുനിന്ന് പ്രതിയുടെ ഡിഎൻഎ സാംപിളുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു.

2019 ഡിസംബർ 15ന് ആണ് ടിഞ്ചു കൊല്ലപ്പെട്ടത്. ആത്മഹത്യ എന്ന നിഗമനത്തിലാണ് ലോക്കൽ പൊലീസ് കേസ് അന്വേഷിച്ചത്. ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പമായിരുന്നു ടിഞ്ചു താമസിച്ചിരുന്നത്. കാമുകനും പിതാവും വീട്ടിലില്ലാത്ത സമയത്തായിരുന്നു ടിഞ്ചുവിന്റെ മരണം. ആദ്യഘട്ടത്തിൽ കാമുകനെതിരെയായിരുന്നു ആരോപണങ്ങൾ. എന്നാൽ, ക്രൈംബ്രാഞ്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ നസീറിലേക്ക് തെളിവുകൾ എത്തുകയായിരുന്നു.

വീട്ടിലെ കിടപ്പുമുറിയിൽ നസീർ ബലപ്രയോഗത്തിലൂടെ ടിഞ്ചുവിനെ കീഴ്‌പ്പെടുത്തുന്നതിനിടെ കട്ടിലിൽ തലയിടിച്ചു ബോധം പോയി. തുടർന്ന് ഇയാൾ ടിഞ്ചുവിനെ ക്രൂരമായി ലൈംഗിക അതിക്രമത്തിനു വിധേയയാക്കി. ഇതിനു ശേഷം മേൽക്കൂരയിലെ ഇരുമ്പ് ഹുക്കിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ സംഘം പറഞ്ഞു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യുവതിയുടെ ശരീരത്തിൽ 53 മുറിവുകൾ കണ്ടെത്തിയിരുന്നു. ടിഞ്ചുവിന്റെ ഡയറി ഉൾപ്പെടെയുള്ള വസ്തുവകകൾ പരിശോധനയ്ക്കു വിധേയമാക്കി. പരാതിക്കാരനായ കാമുകന്റെയും ഒപ്പം താമസിക്കുന്ന പിതാവിന്റെയും രക്ത സാംപിളുകളും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതി നസീർ ആണെന്ന് തെളിഞ്ഞത്.