തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും പരിചയസമ്പന്നമായ മലയാളി പ്രവാസികളുടെ വിഭവശേഷി കേരളത്തിലെ കൂടുതൽ തൊഴിൽ മേഖലകളിൽ പ്രയോജനപ്പെടുത്തണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നോർക്ക റൂട്ട്സും കെ.എസ്.എഫ്.ഇയുമായി ചേർന്ന് നടപ്പാക്കുന്ന 'പ്രവാസി ഭദ്രത' മൈക്രോ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അേദ്ദഹം.

സ്വയംതൊഴിൽ സംരംഭകർക്ക് മികച്ച ഒരു പദ്ധതിയാണിത്. അഞ്ച് ലക്ഷം രൂപ വരെ സ്വയംതൊഴിൽ വായ്പ അനുവദിക്കുന്ന പദ്ധതിയിൽ കൃത്യമായി തിരിച്ചടക്കുന്നവർക്ക് ഒരു ലക്ഷം രൂപ വരെ സബ്സിഡി നൽകും. മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. പ്രവാസികൾക്കും നാടിനും ഈ പദ്ധതി മുതൽകൂട്ടാവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങിൽ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ പദ്ധതി അവതരിപ്പിച്ചു. പദ്ധതിയുടെ ധാരണപത്രം നോർക്ക റൂട്ട്സ് സിഇഒ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും കെ.എസ്.എഫ്.ഇ എം.ഡി വി.പി. സുബ്രമണ്യനും കൈമാറി. കെ.എസ്.എസ്.എഫ്.ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് സ്വാഗതം പറഞ്ഞു.