- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാഹസിക ടൂറിസം മേഖലയിൽ സുരക്ഷാ ഗുണനിലവാര രജിസ്‌ട്രേഷൻ നടപ്പാക്കിയ ആദ്യ സംസ്ഥാനമായി കേരളം; രജിസ്‌ട്രേഷൻ കാലാവധി 2 വർഷം
തിരുവനന്തപുരം: സാഹസിക ടൂറിസം മേഖലയിലെ പ്രവർത്തനങ്ങളിൽ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായുള്ള രജിസ്‌ട്രേഷൻ നടപ്പാക്കിയ ആദ്യ സംസ്ഥാനമായി കേരളം. കര, ജല, വ്യോമ മേഖലയിലെ സാഹസിക ടൂറിസം പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ സുരക്ഷാ ഗുണനിലവാര ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ടൂറിസം വകുപ്പ് സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷൻ നൽകുക.
സാഹസിക വിനോദസഞ്ചാര മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ തയ്യാറാക്കുന്നതിനായി വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു വിദഗ്ധ കമ്മറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മറ്റിയുടെ നേതൃത്വത്തിൽ കേരളത്തിൽ കൂടുതൽ പ്രചാരത്തിലുള്ള 31 സാഹസിക ടൂറിസം പ്രവർത്തനങ്ങളെ ഉൾപ്പെടുത്തി സമഗ്രമായ സുരക്ഷാ, ഗുണനിലവാര ചട്ടങ്ങൾ തയ്യാറാക്കി. കേരളത്തിന്റെ ഭൗതിക സാഹചര്യങ്ങൾക്കനുസരിച്ചാണ് സുരക്ഷാ ഗുണനിലവാര ചട്ടങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. പുതുതായി നിലവിൽ വരുന്ന സാഹസിക പ്രവർത്തനങ്ങളെ ചട്ടത്തിൽ ഉൾക്കൊള്ളിച്ച് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തും. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മനേഷ് ഭാസ്‌ക്കറിന്റെ നേതൃത്വത്തിലാണ് ചട്ടം തയ്യാറാക്കിയത്.
വിനോദസഞ്ചാര വകുപ്പ് നടപ്പിലാക്കുന്ന രജിസ്‌ട്രേഷൻ സമ്പ്രദായത്തിലൂടെ കേരളത്തിലെ സാഹസിക വിനോദസഞ്ചാര മേഖലയിൽ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പുവരുത്താനും കൂടുതൽ വിനോദസഞ്ചാരികളെ ആത്മവിശ്വാസത്തോടെ ഈ മേഖലയിലേക്ക് ആകർഷിക്കാനും കഴിയുമെന്ന് ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ പറഞ്ഞു.
അഡ്വഞ്ചർ ടൂറിസം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി റഗുലേഷൻസിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് രജിസ്‌ട്രേഷൻ നൽകുക. വിനോദസഞ്ചാര വകുപ്പിലെ ഉദ്യോഗസ്ഥരും ഈ മേഖലയിലെ വിദഗ്ധരും അടങ്ങിയ കമ്മറ്റിയുടെ നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് വിനോദ സഞ്ചാരവകുപ്പ് ഡയറക്ടർ രജിസ്‌ടേഷൻ അനുവദിക്കുന്നത്. 2 വർഷമാണ് രജിസ്‌ട്രേഷൻ കാലാവധി.
തിരുവനന്തപുരം ജില്ലയിലെ കോവളത്ത് പ്രവർത്തിക്കുന്ന ബോണ്ട് വാട്ടർ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്‌സിനാണ് കേരള ടൂറിസത്തിന്റെ ആദ്യ രജിസ്‌ട്രേഷൻ ലഭിച്ചത്. സ്‌കൂബാഡൈവിങ്, കയാക്കിങ്, പരാസൈയിലിങ് എന്നീ സാഹസിക വിനോദങ്ങൾക്കാണ് രജിസ്‌ട്രേഷൻ ലഭിച്ചത്.
രജിസ്‌ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും: https://www.keralaadventure.org/ , https://www.keralatourism.org/business/ .
കാടുകളും മലകളും ജലാശയങ്ങളും കൊണ്ട് അനുഗ്രഹിക്കപ്പെട്ട കേരളത്തിന്റെ ഭൂപ്രകൃതി സാഹസിക വിനോദത്തിന് അനുയോജ്യമായതാണ്. 580 കിലോമീറ്റർ നീളമുള്ള സമുദ്രതീരം, 44 നദികൾ, നിബിഡ വനങ്ങൾ തുടങ്ങിയവയെല്ലാം സാഹസിക ടൂറിസത്തിന്റെ സാധ്യതകളെ ഉപയോഗിക്കുന്നതിനുള്ള പശ്ചാത്തലം ഒരുക്കുന്നു.