- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബുഡ്ഗാം രംഗങ്ങൾ പുനരാവിഷ്‌ക്കരിച്ച് ഇന്ത്യൻ സേന; ചരിത്രരംഗങ്ങൾ വീണ്ടും സൃഷ്ടിച്ചത് പാക്ക് ഒഴിപ്പിക്കലിന്റെ 75-ാം വാർഷികത്തിൽ
ശ്രീനഗർ: 1947 ഒക്ടോബർ 27ന് ബുഡ്ഗാം വിമാനത്താവളത്തിൽ ഇറങ്ങിയതിന്റെ നാടകീയ രംഗങ്ങൾ പുനരാവിഷ്‌ക്കരിച്ച് ഇന്ത്യൻ സേന. ഇൻഫൻട്രി ദിനമായി ആചരിക്കുന്ന പാക്ക് ഒഴിപ്പിക്കലിന്റെ 75ാം വാർഷികത്തിലാണു ചരിത്രരംഗങ്ങൾ വീണ്ടും സൃഷ്ടിച്ചത്. മഹാരാജ ഹരി സിങ്ങും ഇന്ത്യയും തമ്മിൽ 1947 ഒക്ടോബർ 26ന് ഒപ്പിട്ട ഉടമ്പടി പ്രകാരമായിരുന്നു പാക്ക് ആക്രമണം ചെറുക്കാൻ പിറ്റേന്നു സേനയിറങ്ങിയത്.
ബുഡ്ഗാമിലേക്ക് അന്നു സൈനികരെ എത്തിക്കാൻ ഉപയോഗിച്ച ഡക്കോട്ട ഡിസി 3, സിഖ് റെജിമെന്റിനെ എത്തിച്ച എഎൻ 32 വിമാനം തുടങ്ങിയവ ചടങ്ങിൽ പ്രദർശിപ്പിച്ചു. പാക്കിസ്ഥാൻ സേനയുടെ വെടിനിർത്തൽ ലംഘനം, കൊള്ളയും കൊലയും പീഡനവും ഉൾപ്പെടെ കശ്മീരിൽ പാക്ക് സേനയുടെ ക്രൂരതകൾ, അക്രമികളെ തുരത്താൻ ഇന്ത്യൻ സേനയുടെ വരവ് തുടങ്ങിയ രംഗങ്ങളാണു പുനഃസൃഷ്ടിച്ചതെന്നു പ്രതിരോധമന്ത്രാലയം അറിയിച്ചു.
കശ്മീരിൽ നിന്നു പാക്കിസ്ഥാനെ തുരത്തിയ മഖ്ബൂൽ ഷേർവാനി ഉൾപ്പെടെ ധീരപോരാളികളുടെ ജീവിതം അടുത്തവർഷം മുതൽ സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാകും. പാക്ക് അക്രമികളെ തുരത്തിയതിന്റെ 75ാം വാർഷികാചരണ വേളയിലാണു ലഫ്.ഗവർണർ മനോജ് സിൻഹയുടെ പ്രഖ്യാപനം. ശ്രീനഗർ വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ മഖ്ബൂൽ ഷേർവാനി, പരമവീരചക്ര ജേതാവ് മേജർ സോമനാഥ് ശർമ, മഹാവീര ചക്ര ജേതാവ് ലഫ്.കേണൽ ഡി.ആർ. റായ് തുടങ്ങിയവർക്ക് ആദരമർപ്പിച്ചു.