ഇരിട്ടി: ഉളിക്കൽ പഞ്ചായത്തിലെ നുച്ചിയാട് - കോടാപറമ്പ് നടപ്പാല നിർമ്മാണത്തിലെ അഴിമതിക്കെതിരെ വിജിലൻസ് കേസെടുത്തു. കരാറുകാരൻ ചെമ്പേരി സ്വദേശി ബേബി ജോസ് , ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.വി. അനിൽ കുമാർ, അസിസ്റ്റന്റ് എഞ്ചിനീയർ ബാബുരാജ് കൊയിലേരിയൻ എന്നിവർക്കെതിരെയാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്.

2018-19 വർഷത്തെ എ.കെ.ആന്റണിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ മുടക്കിയാണ് പാലം നിർമ്മിച്ചത്. പാലത്തിന്റെ ഉദ്ഘാടനത്തിനു മുമ്പേ പാലം പുഴയിൽ തകർന്ന് വീണിരുന്നു. പാലം തകർന്നത് പ്രളയകാലത്ത് മഴവെള്ളപ്പാച്ചിൽ അധികൃതർ റിപ്പോർട്ട് കൊടുത്തിരുന്നു. എന്നാൽ സമീപത്തുള്ള പാലങ്ങൾക്കൊന്നും ഒരു കേടുപാടും സംഭവിക്കാത്തത് നാട്ടുകാരിൽ സംശയത്തിന് ഇടയാക്കുകയും പരാതി നൽകുകയുമായിരുന്നു. പരിക്കളം സ്വദേശിയും സിപിഎം പ്രാദേശിക നേതാവുമായ വി.കെ. രാജന്റെ പരാതി പ്രകാരമാണ് വിജിലൻസ് അന്വേഷണം നടത്തിയത്.

വിജിലൻസ് അന്വേഷത്തിൽ 3 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കരാറുകാരൻ ചെമ്പേരി സ്വദേശി ബേബി ജോസ് , ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.വി. അനിൽ കുമാർ, അസിസ്റ്റന്റ് എഞ്ചിനീയർ ബാബുരാജ് കൊയിലേരിയൻ എന്നിവർക്കെതിരെയാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്. വിജിലൻസ് ഇൻസ്‌പെക്ടർ പി.ആർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.