ഹൈദരാബാദ്: മയക്കു മരുന്ന് കടത്തിനെതിരെ തെലങ്കാനാ പൊലീസ് നടത്തിയ വാഹന പരിശോധന വിവാദമാകുന്നു. മയക്കുമരുന്ന് വേട്ടയെന്ന പേരിൽ പൊലീസുകാർ വാഹനങ്ങൾ പരിശോധിക്കുന്നതും സാധാരണക്കാരുടെ മൊബൈൽ ഫോണുകൾ പരിശോധിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നതോടെയാണ് നടപടി വിവാദമായത്. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് സംശയം തോന്നിയ ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സാധാരണക്കാരെ തടഞ്ഞു നിർത്തി പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ തെലങ്കാന പൊലീസിന്റെ നടപടി തികച്ചും നിയമവിരുദ്ധമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും പാവപ്പെട്ട ജനങ്ങളെ ലക്ഷ്യമിട്ടുള്ളതുമാണെന്നും ആരോപിച്ച് നിരവധി പേർ രംഗത്ത് വന്നിരിക്കുകയാണ്.

ആളുകളുടെ തടഞ്ഞ് നിർത്തി അവരുടെ മൊബൈൽ ഫോൺ വാങ്ങി സന്ദേശങ്ങൾ വായിക്കാനും പോക്കറ്റുകൾ പരിശോധിക്കാനും ഏതെങ്കിലും നിയമപ്രകാരം അനുവദനീയമാണോ എന്ന് ചോദിച്ചുകൊണ്ട് തെലങ്കാന ഡിജിപിയെയും ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണറെയും ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ച് ആക്ടിവിസ്റ്റ് എസ്.ക്യു.മസൂദ് ചോദിച്ചു. ഇത് സാധാരണക്കാരെ ദ്രോഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കഞ്ചാവും മറ്റ് ലഹരിവസ്തുക്കളിൽ നിന്നും മുക്തമാക്കാൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അടുത്തിടെ നിർദ്ദേശിച്ചതിനെ തുടർന്നാണ് തെലങ്കാന പൊലീസും എക്‌സൈസ് വകുപ്പും യോജിച്ച് ഈ നടപടി ആരംഭിച്ചത്. സംഭവം വിവാദമായതോടെ തങ്ങൾ മൊബൈൽ ഫോൺ പരിശോധിച്ചിട്ടില്ലെന്നും വാഹനത്തിന്റെ രേഖകൾ ഡിജിറ്റലായി സൂക്ഷിച്ചിരുന്നത് വാഹനത്തിന്റെ ഉടമകൾ കാണിച്ചതാണെന്നും വിശദീകരിച്ച് പൊലീസ് രംഗത്തെത്തി.