കൂത്തുപറമ്പ്: വയോധികന്റെ ദേഹത്ത് മദ്യം ഒഴിച്ചു തീകൊളുത്തി പൊള്ളലേൽപ്പിച്ച സംഭവത്തിൽ രണ്ടു പേർ റിമാൻഡിൽ. മാങ്ങാട്ടിടം ദേശബന്ധുവിലെ സി.ബജീഷ്(27) കിണറ്റിന്റെവിടയിലെ വൈഷ്ണവ് രാജ്(20) എന്നിവരെയാണ് കൂത്തുപറമ്പ് പൊലിസ് അറസ്റ്റു ചെയ്തത്. കിണറ്റിന്റെവിടെയിലെ ചാത്തോത്ത് വീട്ടിൽ കെ. ഗംഗാധരനാണ് കഴിഞ്ഞ ദിവസം പൊള്ളലേറ്റത്.

വീട്ടിൽ തനിച്ചുതാമസിക്കുന്ന ഗംഗാധരൻ കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കളായ ബജീഷിനും വൈഷ്്ണവ് രാജിനുമൊപ്പം വീട്ടിൽവെച്ചു മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇരുവരം ഗംഗാധരന്റെ കൈവശമുള്ള മദ്യം ആവശ്യപ്പെട്ടു.

മദ്യം നൽകില്ലെന്ന് പറഞ്ഞതോടെ ഇരുവരും ചേർന്ന് മദ്യം ഗംഗാധരന്റെ ദേഹത്ത് ഒഴിച്ചു തീകൊളുത്തുകയായിരുന്നുവെന്നാണ് ഗംഗാധരന്റെ പരാതി. വധശ്രമക്കേസിലാണ് പൊലിസ് ഇരുവരെയും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാൻഡ് ചെയ്തു. നെഞ്ചിനും കൈക്കും പൊള്ളലേറ്റ ഗംഗാധരൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.