കോവിഡ് പ്രതിസന്ധിയിൽ ലോകം മുഴുവൻ വൻ സാമ്പത്തിക തകർച്ച നേരിടുമ്പോഴും എലൺ മസ്‌കിന്റെ യാത്ര മുന്നോട്ടു തന്നെ. ഇന്നലെ പുതിയൊരു നാഴികക്കല്ലു കൂടി പിന്നിട്ടു ടെസ്ല ഉടമ. ലോകത്തിൽ ഇതാദ്യമായി 300 ബില്ല്യൺ ഡോളറിലധികം ആസ്തി സമ്പാദിക്കുന്ന വ്യക്തിയായി മാറിയിരിക്കുകയാണ് എലൺ മസ്‌ക്. ഇന്നലെ ടെസ്ലയുടെ ഓഹരിയിൽ ഉണ്ടായ 10 ബില്ല്യൺ ഡോളർ വർദ്ധനവ് ഉണ്ടായതിനെ തുടർന്നാണ് മസ്‌ക് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.ബ്ലൂംബെർഗ് ബില്ല്യണർ ഇൻഡെക്സ് പ്രകാരം ഇപ്പോൾ മസ്‌കിന്റെ ആസ്തി 302 ബില്ല്യൺ ഡോളറാണ്.

കാർ റെന്റൽ രംഗത്തെ ഭീമന്മാരായ ഹേർട്സുമായി വ്യാഴാഴ്‌ച്ച 1 ലക്ഷം കാർ വാങ്ങുവാനുള്ള ഒരു കരാറിൽ ടെസ്ല ഒപ്പു വച്ചിരുന്നു. ഇതിനെ തുടർന്നായിരുനു ഓഹരി മൂല്യം കുതിച്ചുയർന്നത്. ഇതോടെ തൊട്ടുപുറകിൽ ലോകത്തിലെ രണ്ടാമത്തെ സമ്പന്നൻ എന്ന സ്ഥാനമുള്ള ആമസോൺ ഉടമ ജെഫ് ബെസോസിനേക്കാൾ 100 ബില്ല്യണിലധികം സ്വത്തുക്കളാണ് എലൺ മസ്‌കിന് ഉണ്ടായിരിക്കുന്നത്. ബെസോസിന്റെ ആസ്തി 199 ബില്ല്യൺ ഡോളറാണ്.

ഈയാഴ്‌ച്ച ഉണ്ടായ മറ്റൊരു സുപ്രധാന കാര്യം ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന സ്ഥാനം മൈക്രോസോഫ്റ്റ് തിരിച്ചുപിടിച്ചു എന്നതാണ്. 2.46 ട്രില്ല്യൺ ഡോളറിന്റെ മാർക്കറ്റ് ക്യാപാണ് ഇന്നലെ രേഖപ്പെടുത്തിയത്യ്. ആപ്പിളിന്റെ ഒഹരി മൂല്യം ഇടിഞ്ഞതോടെയാണ് മൈക്രോസോഫ്റ്റ് ഈ നേട്ടം കൈവരിച്ചത്. നാലാം പാദത്തിൽ പ്രതീക്ഷിച്ചിരുന്ന വരുമാനത്തേക്കാൾ 4 ശതമാനത്തിന്റെ കുറവ് ആപ്പിളിനുണ്ടായപ്പോൾ 1.1 ശതമാനം അധികം നേടിയാണ് മൈക്രോസോഫ്റ്റ് ഒന്നാം സ്ഥാനത്ത് എത്തിയത്. 2020 ന് ശേഷം ഇതാദ്യമായാണ് മൈക്രോസോഫ്റ്റിന് ആപ്പിളിനേക്കാൾ മൂല്യമേറുന്നത്.

ഇന്നലെ അപൂർവ്വ നേട്ടം കൈവരിച്ച എലൺ മസ്‌ക്, ഈജിപ്ത്, പോർച്ചുഗൽ, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, ഖത്തർ, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളുടെ ജി ഡി പിയേക്കാൾ വിലയുള്ള ആസ്തികൾക്ക് ഉടമയായി മാറിയിരിക്കുകയാണ്. മാത്രമല്ല, പേ പാൽ, നെറ്റ്ഫ്ളിക്സ് തുടങ്ങിയ കമ്പനികളുടെ വിപണി മൂല്യത്തേക്കാളേറെ മൂല്യവു മസ്‌കിന് കൈവരിക്കാനായി. ലോകത്തിലെ തന്നെ പല പ്രശസ്ത ഫുട്ബോൾ ക്ലബ്ബുകളുടെ മൂല്യങ്ങൾ ഒന്നിച്ചു കൂട്ടിയതിനേക്കാൾ കൂടുതൽ മൂല്യം ഇപ്പോൾ മസ്‌കിനുണ്ടെന്നതും രസകരമായ കാര്യമാണ്.

ലോകത്തിലെ ആദ്യത്തെ സഹസ്രകോടീശ്വരൻ മസ്‌ക് ആയിരിക്കുമെന്ന് അടുത്തകാലത്ത് ചില സാമ്പത്തിക വിദഗ്ദർ പ്രവചിച്ചിരുന്നു. അദ്ദേഹത്തെ അതിനു സഹായിക്കുന്നത് സ്പേസ് എക്സ് ആയിരിക്കുമെന്നും ടെസ്ലയായിരിക്കില്ല എന്നും അവർ പ്രവചിച്ചിരുന്നു. ജോ ബൈഡന്റെ, നിർദ്ദേശിച്ചിരിക്കുന്ന സ്പെൻഡിങ് ബില്ലിന് ധനസമാഹരണത്തിനായി ശതകോടീശ്വരന്മാർക്ക് നികുതി ഏർപ്പെടുത്താനുള്ള ബൈഡന്റെ തീരുമാനത്തെ എതിർത്ത് നേരത്തേ എലൺ മസ്‌ക് രംഗത്ത് വന്നിരുന്നു.

ഇപ്പോൾ ശതകോടീശ്വരന്മാരെ ഉന്നം വയ്ക്കുന്ന ഭരണകൂടം ആത്യന്തികമായി അമേരിക്കൻ മധ്യവർത്തി സമൂഹത്തിനു മേൽ കൂടുതൽ നികുതിഭാരം അടിച്ചേൽപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.