ന്യുയോർക്ക്: മോഷ്ടിക്കപ്പെട്ട 15 മില്യനോളം വില വരുന്ന പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ യുഎസ് അധികൃതരാണ് പുരാവസ്തുക്കൾ കൈമാറിയത്.

നാലുമില്യൻ ഡോളറോളം വില വരുന്ന നടരാജ വിഗ്രഹം ഉൾപ്പെടെയാണ് ഇന്ത്യയ്ക്ക് കൈമാറിയത്. ഇന്ത്യൻ അമേരിക്കൻ ഡീലർ സുഭാഷ് കപൂറാണ് അനധികൃതമായി ഇവയെല്ലാം അമേരിക്കയിലേക്ക് കൊണ്ടുവന്നത്.

മൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ഓഫീസും, യുഎസ് ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ആയിരക്കണക്കിന് പുരാവസ്തുക്കൾ അമേരിക്കയിലേക്ക് കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ ഈ ആരോപണം സുഭാഷ് കപൂർ നിഷേധിച്ചു.

സുഭാഷ് കപൂർ ഇപ്പോൾ ഇന്ത്യൻ ജയിലിൽ വിചാരണ കാത്തുകഴിയുകയാണ്. അമേരിക്കയിൽ വിചാരണ നടത്തുന്നതിന് ഇവിടേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചുവരുന്നു. 143 മില്യൺ ഡോളറിന്റെ ഇടപാടാണ് സുഭാഷ് നടത്തിയിരിക്കുന്നതെന്നും യുഎസ് അധികൃതർ ആരോപിച്ചു. ന്യുയോർക്കിൽ ഇത്തരം വസ്തുക്കൾ സൂക്ഷിച്ചുവയ്ക്കുന്ന വലിയൊരു സ്റ്റോറേജ് സുഭാഷിനുണ്ട്.