കൊച്ചി: പിണറായി വിജയനും സർക്കാരും അലനോടും താഹയോടും മക്കൾ ജയിലിലായതിന്റെ വേദന അനുഭവിച്ച കുടുംബത്തോടും പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അലനും താഹയുമായി ബന്ധപ്പെട്ട കേസിൽ യു.എ.പി.എ ചുമത്തേണ്ട കേസല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അലനും താഹയും അറസ്റ്റു ചെയ്യപ്പെട്ട അന്നുമുതൽ യു.എ.പി.എ ദുരുപയോഗം ചെയ്തിരിക്കുകയാണെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. അവരുടെ വീട്ടിൽ നിന്നും ചില പുസ്തകങ്ങൾ കണ്ടെടുത്തെന്നാണ് പൊലീസ് പറഞ്ഞത്. അതിനേക്കൾ വലിയ മാവോയിസ്റ്റ് ആശയങ്ങൾ പറയുന്ന പുസ്തകങ്ങൾ എന്റെ ലൈബ്രറിയിലുണ്ട്. അങ്ങനെയെങ്കിൽ എന്നെയും അറസ്റ്റു ചെയ്യണം.

മാപ്പിൽ തീരുന്ന പ്രശ്നമല്ല. ഇത്രയും കാലം ജയിലിൽ കിടന്നതിന് എന്ത് പരിഹാരമാണ് ഉണ്ടാക്കുക. എത്രമാത്രം വേദനയാണ് ആ കുടുംബങ്ങൾക്കുണ്ടായത്. പാർട്ടിക്കുള്ളിൽ ഉണ്ടായ നിസാരപ്രശ്നങ്ങളുടെ പേരിൽ സ്വന്തം പാർട്ടിക്കാരെയാണ് പിണറായി സർക്കാർ യു.എ.പി.എ ചുമത്തി അനാവശ്യമായി ജയിലിൽ അടച്ചത്. കൈയിലൊരു നിയമം കിട്ടിയാൽ മോദിയേക്കാൾ വലിയ ഏകാധിപതിയായി മാറുമെന്നാണ് പിണറായി വിജയൻ തെളിയിച്ചത്. അതില്ലാത്തതുകൊണ്ടാണ്. അധികാരം ഉണ്ടായിരുന്നുവെങ്കിൽ ഏകാധിപതികളുടെ പൊതുസ്വാഭാവം തന്നെയാണ് കാണിക്കുന്നത്.

ഇതാണോ ഇടതുപക്ഷം? ഇതാണ് ഞങ്ങൾ വീണ്ടും ഉയർത്തുന്ന ചോദ്യം? യു.എ.പി.എ നിയമം ഒരു ഡ്രാക്കോണിയൻ നിയമമാണെന്നു പരസ്യമായി പാർലമെന്റിലും പൊതുവേദിയിലും പ്രസംഗിച്ചവർ സ്വന്തം പാർട്ടിയിലെ ഒരു നിസാരപ്രശ്നത്തിന്റെ പേരിൽ അതേ നിയമം ഉപയോഗിച്ച് രണ്ട് ചെറുപ്പക്കാരെ ജയിലിലാക്കി.

ഇത് ഇടതുപക്ഷമാണോ? അതോ തീവ്ര വലതുപക്ഷമാണോ? ഇതു തന്നെയല്ലേ യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാരും ചെയ്യുന്നത്? ഇപ്പോൾ കേരളം ഭരിക്കുന്നത് ഇടതുപക്ഷ സർക്കാരല്ല. തീവ്രവലതുപക്ഷ സ്വഭാവമുള്ള സർക്കാരാണ്. അലനെയും താഹയെയും യു.എ.പി.എ ചുമത്തി ജയിലിൽ അടച്ചത് അതിനുള്ള ഏറ്റവും വലിയ അടയാളമാണെന്നും വി ഡി സതീശൻ പറഞ്ഞു.