റോം: അടുത്ത സുഹൃത്തുക്കൾ മാത്രമേ തോളിൽ കൈയിട്ട് ആശയ വിനിമയം നടത്താറുള്ളൂ. ലോക നേതാക്കൾ തമ്മിൽ ഇങ്ങനെ തോളിൽ കൈയിട്ട് നടക്കുക അസാധ്യമാണ്. കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇങ്ങനെ നടക്കുന്ന ചിത്രം പുറത്തു വന്നു. ഇന്ത്യാ-അമേരിക്കാ ബന്ധത്തിന് തെളിവായി ഈ ചിത്രം വിലയിരുത്തപ്പെടുന്നു.

ജി20 ഉച്ചകോടിക്കായി റോമിൽ തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ജോ ബൈഡൻ ഉൾപ്പെടെയുള്ള ലോക നേതാക്കളുമായി ആശയ വിനിമയം നടത്തി. ഉച്ചകോടിക്ക് ഔദ്യോഗിക തുടക്കമാകുന്നതിനു മുൻപുതന്നെ ലോക രാഷ്ട്രങ്ങളിലെ നേതാക്കളുമായി കുശലാന്വേഷണം നടത്തിയ കാര്യം പ്രധാനമന്ത്രിയുടെ ഓഫിസാണു സ്ഥിരീകരിച്ചത്. ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി മോദി ആശയവിനിമയം നടത്തുന്ന ചിത്രങ്ങളും പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.

ജി20 ഉച്ചകോടിക്കു മുന്നോടിയായി നേരത്തെ മോദി അടക്കമുള്ള ലോക രാഷ്ട്ര നേതാക്കൾ 'കുടുംബ ചിത്രത്തിനും' പോസ് ചെയ്തിരുന്നു. ഈ ചിത്രത്തിൽ ഒന്നിലാണ് തോളിൽ കൈയിട്ട് അടുത്ത സുഹൃത്തുക്കളെ പോലെ ആശയ വിനിമയം നടത്തുന്ന മോദിയും ബൈഡനുമുള്ളത്. ലോക പൊലീസ് ചമയുന്ന അമേരിക്കൻ നേതാക്കൾ സാധാരണ എല്ലാവരുമായി 'അകലം' പാലിക്കാറാണ് പതിവ്. ഈ രീതി വിട്ടാണ് മോദിയുമായുള്ള ബൈഡന്റെ സന്തോഷം പ്രകടിപ്പിക്കൽ. ഇത് തീർത്തും അസാധാരണമാണെന്ന് ഏവരും വിലയിരുത്തുന്നു. മോദിക്ക് ലോക നേതാക്കളിലുള്ള സ്വാധീനത്തിന് തെളിവാണ് ഈ ചിത്രം.

ബൈഡന്റെ ഇന്ത്യയിലെ കുടുംബ ബന്ധത്തിനു തെളിവാകുന്ന രേഖകളുമായിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച. മോദി-ബൈഡൻ കൂടിക്കാഴ്ചയുടെ തുടക്കത്തിലാണ് കുടുംബബന്ധം പരാമർശിക്കപ്പെട്ടത്. രേഖകൾ മോദി ബൈഡനു കൈമാറി. താൻ ആദ്യമായി യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ, തന്റെ പേരിന്റെ അവസാന ഭാഗവും ബൈഡൻ ആണെന്നു പറഞ്ഞ് മുംബൈയിലെ ഒരു വ്യക്തിയുടെ കത്ത് ലഭിച്ചതായി ജോ ബൈഡൻ ഓർത്തെടുത്തു. ഇക്കാര്യത്തിൽ തനിക്കൊരിക്കലും തുടർ കാര്യങ്ങളിലേക്കു കടക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്റായിരിക്കെ ഇന്ത്യ സന്ദർശിച്ചപ്പോൾ, തനിക്ക് ഇന്ത്യയിൽ ബന്ധുക്കളാരെങ്കിലുമുണ്ടോ മാധ്യമപ്രവർത്തകർ ചോദിച്ചതും ബൈഡൻ ഓർത്തു. മുൻപ് ലഭിച്ച കത്തിന്റെ കഥ അന്ന് പറഞ്ഞു. തനിക്ക് കുറച്ച് ബന്ധുക്കൾ ഇന്ത്യയിലുണ്ടെന്ന് ഇന്ത്യൻ പത്രങ്ങൾ പിറ്റേദിവസം അറിയിച്ചതായി ബൈഡൻ പറഞ്ഞു. ''അത് ഞങ്ങളൊരിക്കലും സമ്മതിച്ചില്ലെങ്കിലും ... ഇന്ത്യയിലെ ഈസ്റ്റ് ഇന്ത്യ ടീ കമ്പനിയിൽ ക്യാപ്റ്റനായിരുന്ന ഒരു ക്യാപ്റ്റൻ ജോർജ്ജ് ബൈഡൻ ഉണ്ടായിരുന്നുവെന്ന് ഞാൻ കണ്ടെത്തി,''ബൈഡൻ പറഞ്ഞു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെയാണ് അദ്ദേഹം പരാമർശിച്ചതെന്നു തോന്നുന്നു. തന്റെ ഐറിഷ് പൂർവികരെക്കുറിച്ച് പതിവായി സംസാരിക്കുന്ന ബൈഡൻ, ബ്രിട്ടീഷ് ബന്ധം 'ഒരു ഐറിഷ്‌കാരന് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്,'' എന്ന് പരിഹസിച്ചു.

ഈ കാര്യം മുമ്പ് ഇന്ത്യൻ സദസിൽ പറഞ്ഞിട്ടുള്ള അദ്ദേഹം, ഇവിടെ സ്ഥിരതാമസമാക്കിയ ക്യാപ്റ്റൻ ബൈഡൻ ഇന്ത്യക്കാരിയെ വിവാഹം ചെയ്തതായും പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ അദ്ദേഹത്തിനു വെളിപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. അതു മനസിലാക്കുന്നതിനു തന്നെ സഹായിക്കാൻ മോദി വാഷിങ്ടണ്ണിലാണെന്ന് ബൈഡൻ തമാശയായി പറഞ്ഞു. ബൈഡന്റെ മുംബൈ ബന്ധത്തിലേക്കു വെളിച്ചം വീശുന്ന രേഖകൾ താൻ തേടിപ്പിടിച്ചു കൊണ്ടുവന്നതായി മോദി അദ്ദേഹത്തോട് പറഞ്ഞു.

''ഞങ്ങൾ തമ്മിൽ ബന്ധമുണ്ടോ?'' എന്നായിരുന്നു ബൈഡന്റെ ചോദ്യം. ജോ ബൈഡന് ഇന്ത്യയുമായി കുടുംബ ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ''ഒരുപക്ഷേ നമുക്ക് ഈ വിഷയം മുന്നോട്ടു കൊണ്ടുപോകാൻ കഴിയും, ഒരുപക്ഷേ ആ രേഖകൾ നിങ്ങൾക്ക് ഉപയോഗപ്രദമായേക്കാം,'' മോദി ബൈഡനോട് പറഞ്ഞു.