റോം: ട്രേവി നീരുറവയിലേക്ക് ഉല്ലാസ യാത്ര നടത്തി ലോക നേതാക്കൾ. സഞ്ചാരികളുടെ തിരക്കോ റോസാപ്പൂ വിൽക്കുന്നവരുടെ ബഹളമോ ഇല്ലാതെ സ്വച്ഛസുന്ദരമായിരുന്ന ട്രേവി നീരുറവയിലെ കാഴ്ചകൾ കാണാനും ആസ്വദിക്കാനും ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും എത്തി. ജി20 നേതാക്കളുടെ ട്രേവി സന്ദർശനത്തിൽ മോദിയും പങ്കാളിയാകുക ആയിരുന്നു. ട്രേവിയെ ചുറ്റിപ്പറ്റിയുള്ള ഭാഗ്യ വിശ്വാസങ്ങളിലൊന്നായ നാണയമെറിയൽ ചടങ്ങിലും മോദി പങ്കെടുത്തു.

ഉച്ചകോടിയുടെ രണ്ടാം ദിന തിരക്കുകളിലേക്കു കടക്കുംമുൻപാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തുടങ്ങിയവർ ചരിത്രപ്രസിദ്ധമായ ട്രേവി ഫൗണ്ടൻ സന്ദർശിച്ചത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനുൾപ്പെടെ ചിലർ മാത്രം ട്രേവി സന്ദർശനത്തിൽ നിന്നു വിട്ടുനിന്നു.

മൂന്നു തെരുവുകൾ കൂടിച്ചേരുന്നിടത്തുള്ള ഈ നീരുറവയ്ക്കു പുറം തിരിഞ്ഞുനിന്ന്, ഇടതു തോളിനു മുകളിലൂടെ വലതുകൈ കൊണ്ടു നാണയം എറിയുന്ന സഞ്ചാരിക്കു റോമിലേക്കു തിരികെ വരാൻ ഭാഗ്യമുണ്ടാകുമെന്നാണു വിശ്വാസം. രണ്ടു നാണയമെറിഞ്ഞാൽ ഒരു ഇറ്റാലിയൻ പ്രണയഭാഗ്യം. മൂന്നെണ്ണം എറിഞ്ഞാൽ ഇഷ്ടപ്പെട്ടയാളെ കല്യാണം കഴിക്കാനുള്ള ഭാഗ്യം.

കടലലകളെ ശമിപ്പിക്കുന്ന നെപ്ട്യൂൺ ദേവനുൾപ്പെടെ ശിൽപസൗന്ദര്യമായി പശ്ചാത്തലമൊരുക്കുന്ന ട്രേവിയുടെ ഇന്നത്തെ രൂപമുണ്ടായതു 18ാം നൂറ്റാണ്ടിന്റെ പകുതിയിലാണ്. 1954ൽ പുറത്തിറങ്ങിയ ത്രീ കോയിൻസ് ഇൻ ദ് ഫൗണ്ടൻ എന്ന ഹോളിവുഡ് സിനിമയാണ് ട്രേവി നാണയമെറിയൽ വിശ്വാസം ജനപ്രിയമാക്കിയത്. ഓരോ വർഷവും ഏകദേശം 10 ലക്ഷം യൂറോ (8.66 കോടി രൂപ) വിലമതിക്കുന്ന നാണയശേഖരമാണ് വെള്ളത്തിൽനിന്നു ശേഖരിക്കുന്നത്. ഈ തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്കു വിനിയോഗിക്കുന്നു.