പാനൂർ: പാനൂർ മേഖലയിൽ വീണ്ടും അക്രമം. മൂന്ന് ലീഗ് പ്രവർത്തകർക്ക് പരുക്കേറ്റു. പാനൂർ കുറ്റ്യേരിയിലെ ചേമ്പിലക്കോത്ത് പള്ളിക്ക് സമീപത്തു വച്ചാണ് മുസ്ലിം ലീഗ് പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചതെന്നു പരാതി. സംഭവത്തിൽ പാനൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു മൂന്ന് പേരെയാണ് ഇരുപതംഗ സംഘം അക്രമിച്ചു പരുക്കേൽപ്പിച്ചത്. കുറ്റ്യേരി പൊയിൽ മഞ്ജൂർ (29) സൈദ്മനാഫ് (22) അരയാകുൽ സ്വദേശി ത്വാഹ മൻസിലിൽ ആദിൽ (21) എന്നിവർക്കാണ് പരിക്കേറ്റത്.

മഞ്ജൂർ, സൈദ്മനാഫും പാനൂർ മാ ക്യൂ മാർട്ട് സൂപ്പർമാർക്കറ്റിലെ ജീവനക്കാരാണ്. ഞായറാഴ്‌ച്ച രാത്രിയിലാണ് പാനുരി ൽ വെച്ചു ഇവർ അക്രമിക്കപ്പെട്ടത്. ഇതിനു ശേഷം രാത്രി പത്തരയോടെ റോഡിലൂടെ നടന്നുപോകുന്ന അഞ്ച് യുവാക്കളും അക്രമിക്കപ്പെട്ടു. ഇതിൽ തലയ്ക്കടിയേറ്റ സാരമായി പരുക്കേറ്റ രിഫായത്ത് ഒതയോത്തിനെ (20) തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമത്തിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

പരുക്കേറ്റവരെ സംസ്ഥാന യുത്ത് ലീഗ് സെക്രട്ടറി സി.കെ മുഹമ്മദലി, ജില്ലാ പ്രസിഡന്റ് നസീർ നെല്ലുർ മണ്ഡലം യുത്ത് ലീഗ് പ്രസിഡന്റ് വി.ഫെസൽ എന്നിവർ സന്ദർശിച്ചു.