ഗ്ലാസ്‌ഗോ: സൗരോർജ്ജം പ്രധാന ഊർജ്ജശ്രോതസ്സാക്കി മാറ്റേണ്ട കാലഘട്ടമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാലാവസ്ഥ ഉച്ചകോടിയിൽ മനുഷ്യരാശിയുടെ ഭാവി തന്നെ ഇതിലാണെന്ന് മോദി ഗ്ലാസ്‌ഗോവിൽ പറഞ്ഞു. ഒരു സൂര്യൻ ഒരു ലോകം ഒരു ഗ്രിഡ് - ഇതാണ് നിലവിലെ വെല്ലുവിളികൾ നേരിടാനുള്ള മാർഗ്ഗമെന്ന് പറയുന്നു പ്രധാനമന്ത്രി. ആഗോള ഗ്രിഡ് യാഥാർത്ഥ്യമാക്കണമെന്നും കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള ഒരേ ഒരു മാർഗം സൗരോർജ്ജമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ലോകത്തിലെ ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്ന അഞ്ച് രാജ്യങ്ങൾ പരിശോധിച്ചാൽ അവ യഥാക്രമം ചൈന, യുഎസ്എ, റഷ്യ, ഇന്ത്യ, ജപ്പാൻ എന്നിങ്ങനെയാണ് ഈ രാജ്യങ്ങൾ എല്ലാം തന്നെ നെറ്റ് സീറോ കാർബൺ എമിഷൻ നടപ്പിലാക്കുന്ന വർഷം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ്എ, ജപ്പാൻ രാജ്യങ്ങൾ 2050 ൽ ഈ ലക്ഷ്യം കൈവരിക്കാൻ ഉദ്ദേശിക്കുമ്പോൾ. റഷ്യയും ചൈനയും 2060 ആണ് ഇതിനായി മുന്നോട്ട് വയ്ക്കുന്നത്. ഇപ്പോൾ 2070 ആണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇന്ത്യയും പ്രഖ്യാപിച്ചു കഴിഞ്ഞു.

അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡ് സാന്നിധ്യം അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്ന തുലനാവസ്ഥയിൽ എത്തിക്കുക എന്നതാണ് നെറ്റ് സീറോ കാർബൺ എമിഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പരമാവധി കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കുക. കാർബൺ ഫുട്ട് പ്രിന്റ് കുറയ്ക്കുക എന്നാണ് ഇന്ത്യ ഇതിനായി ലക്ഷ്യമിടുന്നത്. ഗ്ലാസ്‌കോയിലെ വേദിയിൽ ഇതിനായി 'പഞ്ചാമൃത്' എന്ന പേരിൽ അഞ്ചിന പദ്ധതിയാണ് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്.

അത് ഇങ്ങനെയാണ്.

1. ഫോസിൽ ഇതര ഇന്ധനങ്ങളുടെ ക്ഷമത ഇന്ത്യ 2030 ആകുമ്പോഴേക്കും 500 ജിഗാ വാട്‌സായി ഉയർത്തും.

2. 2030 ആകുമ്പോഴേക്കും രാജ്യത്തിന്റെ ഊർജ്ജ ആവശ്യത്തിന്റെ 50 ശതമാനം പുനർനിർമ്മിക്കാവുന്ന ഊർജ്ജ വഴിയായിരിക്കും.

3. ഈ വർഷം മുതൽ 2030 നുള്ളിൽ ഇന്ത്യയുടെ പുറന്തള്ളുന്ന കാർബണിന്റെ അളവ് 1 ബില്ല്യൺ ടൺ കുറയ്ക്കും.

4. 2030 നുള്ളിൽ വ്യാവസായിക രംഗത്തെ കാർബണിന്റെ സാന്നിധ്യം 45 ശതമാനം കുറയ്ക്കും.

5. 2070 ഓടെ ഇന്ത്യ നെറ്റ് സീറോയിൽ എത്തിച്ചേരും.

ആഗോള താപനം ലോകത്തിന് വെല്ലുവിളിയാണ്. കാലാവസ്ഥ വ്യതിയാനം മൂലം കർഷകർക്ക് സംഭവിക്കുന്ന നഷ്ടം നികത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉജ്ജ്വല യോജന, ക്ലീൻ ഇന്ത്യ മിഷൻ തുടങ്ങിയ പദ്ധതികളിലൂടെ രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടെന്നും ഉച്ചകോടിയിൽ പ്രധാനമന്ത്രി അവകാശപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തെ നേരിട്ട രീതികൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. വരും തലമുറക്ക് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള അവബോധം ഇതിലൂടെ ഉണ്ടാക്കാനാകുമെന്നും പ്രധാനമന്ത്രി ഇതിനൊപ്പം പറഞ്ഞു.

2030ഓടെ വനനശീകരണം തടയുമെന്ന് കോപ് 26 ഉച്ചകോടിയിൽനൂറിലധികം രാജ്യങ്ങൾ പ്രതിജ്ഞ ചെയ്തു പൊതു-സ്വകാര്യ ധനസമാഹരണത്തിലൂടെ 19 ബില്യൺ ഡോളർ ഉപയോഗിച്ച് വനനശീകരണം തടയുമെന്നും വനങ്ങൾ സംരക്ഷിക്കുമെന്നും രാജ്യങ്ങൾ പ്രതിജ്ഞ ചെയ്തു.

തിങ്കളാഴ്ച വൈകിട്ട് ഗ്ലാസ്‌ഗോവിൽ നടന്ന കോപ് 26 കാലാവസ്ഥാ ഉച്ചകോടിയിലാണ് വിവിധ രാജ്യങ്ങൾ സംയുക്ത പ്രസ്താവന നടത്തിയത്. ബ്രസീൽ, റഷ്യ, ഇന്തോനേഷ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ നേതാക്കൾ പ്രസ്താവനയെ പിന്തുണച്ചു. ആഗോളതലത്തിലെ 85 ശതമാനം വനപ്രദേശങ്ങളും അടങ്ങിയിരിക്കുന്ന രാജ്യങ്ങളാണിത്. പ്രസ്താവന പ്രകാരം ലോകത്തിലെ 33 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വനഭൂമി സംരക്ഷിക്കപ്പെടുമെന്നാണ് കണക്ക്.

പ്രകൃതിയുടെ അധികാരിയെന്ന നിലയിലുള്ള മനുഷ്യന്റെ ഇടപെടലുകളാണ് നൂറ്റാണ്ടുകളായി തുടരുന്നത്. പ്രകൃതിയെ ഭരിക്കുന്ന മനുഷ്യരാശിയുടെ ചരിത്രത്തിന് അവസാനം കുറിക്കുകയും പ്രകൃതിയുടെ സംരക്ഷകനായി മാറുന്നതിലേക്ക് നയിക്കുന്നതുമാണ് ഈ ഉടമ്പടിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു.

അന്തരീക്ഷത്തിലെ മുപ്പത് ശതമാനത്തോളം കാർബൺ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യാൻ വനഭൂമിക്ക് സാധിക്കും. കാലാവസ്ഥാ വ്യതിയാനത്തിന് ഭീഷണിയാകുന്ന അന്തരീക്ഷത്തിലെ പല പുറന്തള്ളലുകളെയും ഇത്തരത്തിൽ ആഗിരണം ചെയ്ത് നിർവീര്യമാക്കാൻ വനസമ്പത്തിന് കഴിയുമെന്ന് വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിട്ടുണ്ട്. 2020ൽ മാത്രം 2,58,000 ചതുരശ്ര കിലോമീറ്റർ വനഭൂമിയാണ് വനനശീകരണത്തിലൂടെ ലോകത്തിന് നഷ്ടപ്പെട്ടതെന്നും വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. യുകെ സ്ഥിതി ചെയ്യുന്ന ഭൂവിസ്തൃതിയേക്കാൾ അധികം വരുമിത്.