മാദലിൻ ബേത് മെക്ക്കാൻ എന്ന പേര് ലോകത്തിലെ ആധുനിക കുറ്റാന്വേഷണ ശാസ്ത്രത്തിന് വെല്ലുവിളി ഉയർത്തിയ പേരാണ്. ബ്രിട്ടനിലെ ലെസ്റ്റർഷയർ നിവാസികളായ മാതാപിതാക്കൾക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം പോർച്ചുഗലിൽ ഒഴിവുകാലമാഘോഷിക്കാൻ എത്തിയ ഈ നാലു വയസ്സുകാരിയെ ഹോട്ടൽ മുറിയിൽ നിന്നും കാണാതെപോയത് 2007 മെയ്‌ 3 വൈകിട്ടായിരുന്നു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുറ്റാന്വേഷണം ആരംഭിക്കുന്നതും അവിടെ നിന്നു തന്നെ.

മൂന്നു മക്കളേയും മുറിയിൽ ഉറക്കികിടത്തി റെസ്റ്റോറന്റിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയ മാതാപിതാക്കൾ തിരികെ എത്തുമ്പോൾ ആണ് മാദലിൻ കാണാതായ വിവരം അറിയുന്നത്. ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്തു. പിന്നീട് ഒരിക്കലും ഊഹിക്കാൻ പോലുമാകാത്ത രീതിയിലായിരുന്നു അന്വേഷണത്തിന്റെഗതിവിഗതികൾ. പോർച്ചുഗൽ പൊലീസ് അന്വേഷണത്തിൽ എങ്ങുമെത്താതിരുന്നപ്പോൾ സഹായിക്കാൻ എത്തിയ ബ്രിട്ടീഷ് പൊലീസ് പറഞ്ഞത് മാദലിൻ ഒരു അപകടത്തിൽ മരിച്ചുവെന്നും മാതാപിതാക്കൾ അത് മൂടിവെയ്ക്കാനുള്ള ശ്രമത്തിൽ സൃഷ്ടിച്ച കള്ളക്കഥയാണ് കാണാതാകൽ എന്നുമായിരുന്നു.

അങ്ങനെ സംശയിക്കപ്പെടുന്ന പ്രതികളായ മാതാപിതാക്കളുടെ മേൽ ചാർത്തപ്പെട്ട കുറ്റം പിന്നീട് തെളിവുകളില്ലാത്തതിനാൽ 2008 -ൽ റദ്ദാക്കപ്പെട്ടു. പിന്നീട് സ്വകാര്യ കുറ്റാന്വേഷണ ഏജൻസികളുടെ സഹായത്താൽ മാതാപിതാക്കൾ അന്വേഷണം തുടരുകയായിരുന്നു. 2011-ൽ സ്‌കോട്ട്ലാൻഡ് യാർഡ് വീണ്ടും കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. 2013-ൽ അവർ എത്തിയ അനുമാനം അപരിചിതരായ ഒന്നോ ഒന്നിലധികം വ്യക്തികളോ ചേർന്ന് നടത്തിയ കുറ്റകൃത്യമാണ് ഈ ബാലികയെ തട്ടിക്കൊണ്ടുപോകൽ എന്നായിരുന്നു.

രാത്രി ഒരു കുട്ടിയുമായി കടൽത്തീരത്തേക്ക് നടന്നുപോയ ഒരാളുടെ ചിത്രമുൾപ്പടെ നിരവധി പേരുടെ ചിത്രങ്ങൾ പുറത്തുവിട്ടെങ്കിലും കാര്യമായ പുരോഗതിയൊന്നും അന്വേഷണത്തിൽ ഉണ്ടായില്ല. 2015-ലും 2017-ലും കേസിനെ ബാധിക്കുന്ന ചില വിവരങ്ങൾ പുറത്തുവന്നെങ്കിലും അവയൊന്നും വിശ്വാസയോഗ്യമായിരുന്നില്ല എന്നു മാത്രമല്ല അന്വേഷണത്തെ മുൻപോട്ട് നയിച്ചതുമില്ല. പിന്നീട് 2020 ജൂണിൽ ജർമ്മൻ നഗരമായ ബ്രോൺഷ്വെഗ് പൊലീസ് ഒരു പ്രഖ്യാപനം നടത്തി. മാദലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട പ്രതിയെ അവർ കണ്ടെത്തിയെന്ന്.

ഒരു 72 കാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ജയിലിൽ കഴിയുന്ന പ്രതിക്കേതിരെ ഇപ്പോഴും മാദലിൻ കേസിൽ ഒപൂർണ്ണമായ തെളിവുകൾ ലഭിച്ചിട്ടില്ല എന്നുതന്നെയാണ് അറിയാൻ കഴിയുന്ന വിവരം. ഏതായാലും മൂന്ന് രാജ്യങ്ങളുടെ പൊലീസ് ഒത്തുചേർന്ന് വിയർപ്പൊഴുക്കിയിട്ടും, നിരവധി സ്വകാര്യ കുറ്റാന്വേഷകർ ഉറക്കമൊഴിച്ചിരുന്ന് അന്വേഷിച്ചിട്ടും മാദലിന്റെ തിരോധാനം ഇന്നും ഒരു കടങ്കഥയായി തുടരുകയാണ്. അതുകൊണ്ടുതന്നെയാണ് പടിഞ്ഞാറൻ ആസ്ട്രേലിയയിൽഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്നും ക്ലിയോ സ്മിത്ത് എന്ന നാലു വയസ്സുകാരിയെ കാണാതായപ്പോൾ മാദലിൻ വീണ്ടും വാർത്തകളിലെത്തിയത്.

ഇക്കഴിഞ്ഞ ഒക്ടോബർ 16 ന് പ്രാദേശിക സമയം രാവിലെ 1.30 നാണ് പെർത്തിൽ നിന്നും 560 മൈൽ വടക്കുമാറിയുള്ള ക്യാപ്സൈറ്റിൽ നിന്നും നാലുവയസ്സുകാരിയെ കാണാതാകുന്നത്. ആസ്ട്രേലിയയുടെ മാദലിൻ എന്ന് ഉടൻ തന്നെ ഈ നാലുവയസ്സുകാരിക്ക് പേരും വീണു. എന്നാൽ, മാദലിനെ പോലെ പൊലീസിന് ഏറെ വെല്ലുവിളിയായില്ല ഈ കേസ്. ഇന്നലെ കാർനർവോൺ നഗരപ്രാന്തത്തിലുള്ള ഒരു അടച്ചിട്ടവീട്ടിൽ പൂട്ടുപൊളിച്ചു കടന്ന പൊലീസ് ഈ നാലുവയസ്സുകാരിയെ രക്ഷപ്പെടുത്തുകയായിരുന്നു.

ക്ലിയോയുടെ തിരോധാനത്തോടെ പൊലീസ് വ്യാപകമായ അന്വേഷണമാണ് നടത്തിയത്. 110 പേരോളം ചോദ്യം ചെയ്യലിന് വിധേയരായി ക്യാമ്പ് സൈറ്റിൽ അന്ന് ക്ലിയോയുടെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നവരായിരുന്നു ഇവരിൽ അധികവും. ബാലികയുടെ തിരോധാനം നടന്ന സ്ഥലത്തുനിന്നും ഏകദേശം 75 കിലോമീറ്റർ ദൂരെയുള്ള ഒരിടത്താണ് ഇന്നലെ അവർ കണ്ടെത്തിയത്. അവൾ സുഖമായിരിക്കുന്നു എന്നും കുടുംബത്തോടൊപ്പം ചേര്ന്നു എന്നും ആസ്ട്രേലിയൻ പൊലീസ് സ്ഥിരീകരിച്ചു.

അടച്ചിട്ട വീടിനുള്ളിൽ കടന്ന പൊലീസ് കുട്ടിയെ കൈയിലെടുത്ത് പേര് ചോദിച്ചപ്പോൾ ഞാൻ ക്ലിയോ എന്ന് ആ കുട്ടി പറഞ്ഞു. തുടർന്ന് അവളെയും കൊണ്ട് അവർ പുറത്തുകടക്കുകയായിരുന്നു. കാർനർവോണിൽ നിന്നുള്ള ഒരു 36 കാരനെ ഈ വീടിനകത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ക്ലിയോയുമായോ അവരുടെ കുടുംബവുമായോ ഈ വ്യക്തിക്ക് പ്രത്യേക ബന്ധമൊന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണത്തിനിടെ ലഭിച്ച ചില ഫൊറെൻസിക് തെളിവുകളും ചില രഹസ്യ വിവരങ്ങളുമാണ് കുട്ടിയിലേക്ക് എത്തിച്ചേരാൻ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കാണാതായ ക്യാമ്പ് സൈറ്റിൽ നിന്നും വിവിധ ഭാഗങ്ങളിലേക്കുള്ള റോഡുകളുടെ വക്കിലെ ചവറ്റുകൊട്ടയിൽ നിന്നും മാലിന്യമെല്ലാം ശേഖരിച്ച് ഫൊറെൻസിക് ലാബിൽ പരിശോധനകൾ നടത്തിയിരുന്നു. അതിൽ വീണുകിടന്നിരുന്ന ഓരോ ബാഗും വിശദമായി പരിശൊധനക്ക് വിധേയമാക്കി. മാത്രമല്ല, സമീപ പ്രദേശങ്ങളിലെ കടകളുടെയും റെസ്റ്റോറന്റുകളുടെയും ഒക്കെ സി സി ക്യാമറകൾ നിരന്തരം പരിശോധനക്ക് വിധേയമാക്കിക്കൊണ്ടിരുന്നു.

ചവറ്റു കുട്ടികളിൽ നിന്നും ലഭിച്ച ചില തെളിവുകളും ചില സി സി ടി വി ദൃശ്യങ്ങളും പ്രതിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചു. ഒറ്റക്ക് ഒരു വീട്ടിൽ താമസിച്ചിരുന്ന പ്രതി കുട്ടികള്ക്കുള്ള നാപ്കിൻ വാങ്ങിയത് ശ്രദ്ധയിൽ പെട്ട ഒരു അയൽവാസി നൽകിയ വിവരവും പൊലീസിന് അനുഗ്രഹമായി. ഏതായാലും മാദലിൻ ഇപ്പോഴും ദുരൂഹതയിൽ മറഞ്ഞിരിക്കുമ്പോഴും ആസ്ട്രേലിയൻ മാദലിന്റെ കഥ ശുഭപര്യവസായി ആയതിൽ ആശ്വസിക്കുകയാണ് ലോകം.