കൊറോണയുടെ മറ്റൊരു ഭീകരമുഖം കൂടി പുറത്തുവരുന്നു. വാക്സിന്റെ രണ്ടു ഡോസുകളും എടുത്ത ഒരു വിമാനയാത്രക്കാരന് കോവിഡ് ബാധിക്കുകയും വിമാനമിറങ്ങുമ്പോൾ അയാൾ സ്വന്തം സീറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്തു. ടർക്കിയിലെ ഇസ്താംബൂളിൽ നിന്നും ജർമ്മനിയിലെ ഹാംബർഗിലേക്കുള്ള വിമാനത്തിൽ ഇക്കഴിഞ്ഞ ഒക്ടോബർ 25 നായിരുന്നു ഈ ദാരുണ സംഭവം നടന്നത്.

റഷ്യയിൽ ജനിച്ച് ജർമ്മനിയിലെ ഷെൽസ്വിഗ് ഹോൾസ്റ്റീൻ സംസ്ഥാനത്തിൽ ജീവിക്കുന്ന ഈ 51 കാരൻ പ്രാദേശിക സമയ രാവിലെ 10 മണിക്ക് ഇസ്താംബൂളിൽ നിന്നും പുറപ്പെട്ട എയർബസ് 320 വിമാനത്തിലായിരുന്നു മരിച്ചനിലയിൽ കാണപ്പെട്ടത്. ഹാംബർഗിൽ 12 മണിക്ക് എത്തിയ വിമാനത്തിൽ നിന്നും യാത്രക്കാരൊക്കെ ഇറങ്ങിക്കഴിഞ്ഞിട്ടും ഇയാൾ മാത്രം ഇറങ്ങാത്തതിനെ തുടർന്ന് ഇയാളെ ഉണർത്താൻ എത്തിയ വിമാന ജീവനക്കാരനാണ് ഇയാൾ മരിച്ചെന്ന വിവരം ആദ്യം അറിയുന്നത്.

യഥാർത്ഥ മരണകാരണം എന്താണെന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ല. ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ ഇയാൾക്ക് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഫോറെൻസിക് സർജന്മാർ മൃതദേഹത്തിൽ പോസ്റ്റ്മോർട്ടം നടത്തി. വിമാനയാത്രയ്ക്കിടയിലാണ് മരണം സംഭവിച്ചിരിക്കുന്നത് എന്ന നിഗമനത്തിലാണ് അവർ എത്തിച്ചേർന്നിരിക്കുന്നത്. ഇയാൾക്ക് കോവിഡ് ബാധയുണ്ടെന്ന കാര്യവും അവർ സ്ഥിരീകരിച്ചു. എന്നാൽ വിമാനയാത്രക്കിടയിൽ ഇയാൾ കോവിഡ് ലക്ഷണങ്ങൾ എന്തെങ്കിലും പ്രകടിപ്പിച്ചിരുന്നുവോ എന്ന കാര്യം വ്യക്തമല്ല. മാത്രമല്ല, കോവിഡാണോ മരണകാരണം എന്നതും സ്ഥിരീകരിച്ചിട്ടില്ല.

കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും എടുത്തു എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ്ഹാജരാക്കിയതിനു ശേഷമാണ് ഇയാളെ വിമാനത്തിൽ പ്രവേശിപ്പിച്ചത്. ജർമ്മനിയുടെ യാത്രാ നിയന്ത്രണങ്ങളിൽ ഒരാൾ വിമാനത്തിൽ കയറുന്നതിനു മുൻപ് രണ്ടു വാക്സിനുകളും എടുത്തത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം എന്നത് നിർബന്ധമാണ്. രണ്ട് വാക്സിൻ എടുക്കാത്തവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ വിമാനത്തിൽ കയറാൻ കഴിയുകയുള്ളും. രണ്ട് ഡോസ് എടുത്തവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.

സീറ്റിൽ താല ചാരി കണ്ണുകളടഞ്ഞ രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ടു തന്നെ സഹയാത്രക്കാരെല്ലാം ഇയാൾ ഉറങ്ങുകയാണെന്നായിരിക്കും ചിന്തിച്ചിട്ടുണ്ടാകുക എന്ന് പൊലീസ് കരുതുന്നു. അയാൾ ഒറ്റയ്ക്കായിരുന്നു യാത്ര ചെയ്തിരുന്നത്. ജനലിനടുത്തുള്ള സീറ്റായിരുന്നു ഇയാളുടേത്.