- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പട്ടിണി സഹിക്കാനാവാതെ ഒൻപത് വയസ്സുള്ള മകളെ 55 കാരന് വിറ്റപ്പോൾ പിതാവ് പറഞ്ഞു ദയവായി അവളെ തല്ലരുതേ; താലിബാൻ വിസ്മയം തീർക്കുമ്പോൾ പെൺകുട്ടികളുടെ ഗതികേട് ഇങ്ങനെയൊക്കെ; അപൂർവ്വമായ ദൃശ്യങ്ങൾ പുറത്ത്
കേരളമുൾപ്പടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ആരാധകർ പാടിപ്പുകഴ്‌ത്തിയ താലിബാൻ പുതിയ വിസ്മയങ്ങൾ തീർക്കുകയാണ്. തേനും പാലുമൊഴുകുന്ന താലിബാന്റെ നാട്ടിലെ വഴിയരികുകളിൽ വിൽക്കാൻ വെച്ചിരിക്കുന്നത് വലയിൽ വീണ കിളികളെ മാത്രമല്ല, നിസ്സഹായരായ പെൺകുട്ടികളേയുമാണ്. ഒരു നേരത്തേ ഭക്ഷണത്തിനായി തന്റെ ഒമ്പത് വയസ്സുള്ള മകളെ 55 കാരന് കൈമാറുമ്പോൾ ഒരു പിതാവ് പറഞ്ഞ വാക്കുകളിന്ന് അഫ്ഗാൻ എന്ന രാജ്യത്തിന്റെ ദുരന്തം വെളിപ്പെടുത്തുന്നു. ഇവൾ ഇന്നുമുതൽ നിങ്ങളുടെ ഭാര്യയാണ് ഇവളേ തല്ലരുതേ എന്നാണ് ആ പിതാവ് കൈകൂപ്പി യാചിച്ചത്.
മുടി മാത്രമല്ല, കൺപുരികം വരെ നരച്ച വൃദ്ധൻ പർവാന മാലിക് എന്ന പെൺകുട്ടിയെ വിറ്റത് സ്വന്തം മാതാപിതാക്കൾ തന്നെയാണ്. വിലനൽകി സ്വന്തമാക്കിയ വളർത്തു മൃഗത്തെ എന്നപോലെ വിതുമ്പുന്ന ആ പെൺകുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോകുമ്പോഴായിരുന്നു ആ പിതാവിന്റെ ദയനീയമായ യാചന. താലിബാനെന്ന പ്രാകൃത ഭീകരസംഘടന അധികാരം കൈയാളിയതോടെ കടുത്ത ദുരിതത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ഒരുനേരത്തേ ആഹാരത്തിനുപോലും വകയില്ലാതെ പെൺകുട്ടികളെ വിൽക്കേണ്ടുന്ന ഗതികേടിലേക്ക് കടന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ഒരു പരിഛേദമാണ് ഈ ചിത്രത്തിലൂടെ പുറത്തുവരുന്നത്.
കുടുംബത്തിന്റെ കടം തീർക്കാൻ മറ്റു വഴികളില്ലാതെ, ഒരു 70 കാരന് വിൽക്കപ്പെട്ട 10 വയസ്സുകാരി പെൺകുട്ടി കണ്ണുനീരോടെ തന്റെ വിധിയെ പഴിക്കുന്ന കഥ പാശ്ചാത്യമാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നത്. മറ്റൊരു കുടുംബം തങ്ങളുടെ അഞ്ചും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ വിൽക്കാൻ ഉദ്ദേശിക്കുന്നതായും ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഒമ്പതു വയസ്സുകാരി പർവാനയും കുടുംബവും കഴിഞ്ഞ നാല് വർഷങ്ങളായി ബാഡ്ഘിസ് പ്രവിശ്യയിലെ ഒരു ക്യാമ്പിലായിരുന്നു താമസം. ധനസഹായമായി പ്രതിദിനം ലഭിച്ചിരുന്ന 2 പൗണ്ട് കൊണ്ടായിരുന്നു ആ കുടുംബം കഴിഞ്ഞിരുന്നത്.
എന്നാൽ, താലിബാൻ അധികാരമേറ്റതോടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കുത്തനെ താഴോട്ടേക്ക് ഇടിഞ്ഞു. അന്താരാഷ്ട്ര സഹായങ്ങൾ മരവിപ്പിച്ചതോടെ കാര്യങ്ങൾ കൂടുതൽ ദുരിതപൂർണ്ണമായി പർവാനയുടേതുപോലുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഒരു നേരത്തേ ആഹാരം വാങ്ങാൻ പോലും കഴിയാതെയായി. മാസങ്ങൾക്ക് മുൻപ് തന്നെ പർവാനയുടെ 12 കാരിയായ സഹോദരിയേയും ഈ പിതാവിന് വിൽക്കേണ്ടതായി വന്നു.
പലയിടങ്ങളിലും ജോലിക്ക് ശ്രമിക്കുകയും അത് നേടാനാകാതെ വന്നപ്പോൾ കടം വാങ്ങാൻ ശ്രമിക്കുകയും ചെയ്തതായി പർവാനയുടെ പിതാവ് അബ്ദുൾ പറഞ്ഞു. ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ മറ്റ് വഴികൾ ഒന്നുമില്ലാതെയാണ് തന്റെ മക്കളെ വിൽക്കേണ്ടി വന്നതെന്നും അയാൾ പറയുന്നു. 1600 പൗണ്ടിനാണ് പർവാനയെ വിറ്റതെന്ന് അയാൾ പറയുന്നു. പണമായും ആടുകളായുമൊക്കെയാണ് ഈ തുക ലഭിച്ചത്. ഏതാനും മാസങ്ങൾകൂടി ഈ പണം കൊണ്ട് ജീവിക്കാമെന്നും അതുകഴിഞ്ഞാൽ മറ്റു വഴികൾ ആലോചിക്കണമെന്നുമാണ് ഇയാൾ പറയുന്നത്.
പഠിച്ച് ഒരു അദ്ധ്യാപികയാകാൻ ആഗ്രഹിച്ചിരുന്ന പർവാൻ തന്റെ മാതാപിതാക്കളുടെ തീരുമാനം മാറ്റാൻ ഏറെ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. കുഞ്ഞു കണ്ണുകളിലെ മൃതസ്വപ്നങ്ങളും പേറി ആ കുരുന്ന് ഒരു വൃദ്ധന്റെ, വിലയ്ക്ക് വാങ്ങിയ സ്വത്തായി യാത്രയാകുമ്പോൾ തെളിയുന്നത് ചില കാടൻ നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ തുനിഞ്ഞിറങ്ങിയവരുടെ ക്രൂരത തന്നെയാണ്. മതാപിതാക്കളെ വിട്ടുപോകാൻ തയ്യാറാകാതെയിരുന്ന പർവാനയെ, വൃദ്ധനായ കുറാൻ നിർബന്ധപൂർവ്വം കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
പർവാനയുടെ അച്ഛന് പണം അത്യാവശ്യമായിരുന്നതുകൊണ്ട് അവളെ വിലക്കുറച്ച് കിട്ടി എന്നാണ് ഇയാൾ പ്രതികരിച്ചത്. ഇനി തന്റെ വീട്ടിലെ ജോലികൾ എല്ലാം ഇവൾ ചെയ്യുമെന്നും താൻ അവളെ മർദ്ദിക്കുകയില്ലെന്നും അയാൾ കൂട്ടിച്ചേർത്തു. എന്നാൽ, ഇനി അയാൾ എന്തു ചെയ്താലും പർവാനയ്ക്കോ അവളുടെ കുടുംബത്തിനോ അതെല്ലാം നിസ്സഹായരായി സഹിക്കുക മാത്രമേ നിവർത്തിയുള്ളു. അല്ലെങ്കിൽ തന്നെ ഇനി അഫ്ഗാൻ ജനതയ്ക്ക് ഭാവിയില്ലെന്നു മരിക്കുന്നതു വരെ ജീവിക്കുക എന്നതുമാത്രമാണ് ലക്ഷ്യമെന്നും പർവാനയുടെ പിതാവ് പറയുന്നു. ഇനിയും സാമ്പത്തിക ബുദ്ധിമുട്ട് വന്നാൽ മറ്റൊരു മകളേ കൂടി വിൽക്കേണ്ടതായി വന്നേക്കാം എന്നും അയാൾ വിതുമ്പിക്കൊണ്ട് പറയുന്നു.
ഇതിനു സമാനമാണ് മാഗുൾ എന്ന 10 വയസ്സുകാരിയുടെ കഥയും. 1700 പൗണ്ടിന് ഒരു 70 കാരനായിരുന്നു വീട്ടുകാർ ഇവളെ വിറ്റത്. കുടുംബത്തിന്റെ കടങ്ങൾ തീർക്കുക എന്നതായിരുന്നു ലക്ഷ്യം. വാങ്ങിയ പണം തിരികെ തന്നില്ലെങ്കിൽ താലിബാൻ സർക്കാരിനെ സ്വാധീനിച്ച് ജയിലിലടപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയാണത്രെ ഇയാൾ 10 വയസ്സുകാരിയെ കച്ചവടമുറപ്പിച്ചത്. എന്നാൽ, തന്റെ മാതാപിതാക്കളെ വിട്ടുപോകേണ്ടി വന്നാൽ സ്വയം മരിക്കും എന്നാണ് ഈ 10 വയസ്സുകാരി പറയുന്നത്.
ഘാർ പ്രവിശ്യയിലെ മറ്റൊരു കുടുംബം തങ്ങളുടെ അഞ്ചും ഒമ്പതും വയസ്സുൾല കുട്ടികളെ ഒരാൾക്ക് 800 പൗണ്ടിന് വിൽക്കാനുള്ള ശ്രമത്തിലാണെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. തങ്ങൾ ദരിദ്രരാണെന്നും ഭക്ഷണം കഴിക്കാൻ പോലും നിവർത്തിയില്ലെന്നും അതുകൊണ്ടാണ് തങ്ങളെ വിൽക്കുന്നതെന്നും ഇനിയും ലോകമെന്തെന്നറിയാത്ത അഞ്ചു വയസ്സുകാരി പറയുന്നു.
ദിനംപ്രതി അഫ്ഗാന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ താഴോട്ട് പോയ്ക്കൊണ്ടിരിക്കുകയാണ്. തെരുവിൽ വിൽക്കപ്പെടുന്ന പെൺബാല്യങ്ങളുടെ എണ്ണം പെരുകിവരികയും ചെയ്യുന്നു. തങ്ങൾ പ്രാർത്ഥിക്കുന്ന ദൈവത്തിനുപോലും തങ്ങളെ സഹായിക്കാൻ ആകുന്നില്ലല്ലോ എന്നതിരിച്ചറിവിലാണ് ഇപ്പോൾ ഒരു ജനത. പഠിച്ച് ഉയരങ്ങളിലെത്താൻ വെമ്പിയ പെൺബാല്യങ്ങൾ ഇന്ന് അഫ്ഗാനിസ്ഥാനിലെ ധനികരുടെയും ഭൂപ്രഭുക്കന്മാരുടെയും അന്തപ്പുരങ്ങളിൽ കാമാസക്തി തീർക്കുന്ന യന്ത്രങ്ങളായി മാറിയിരിക്കുകയാണ്. അടുക്കളയിലെ പുകയൂതി മൃതസ്വപ്നങ്ങൾക്ക് ചരമഗീതം പാടുകയാണവർ. തീവ്രവാദം എത്രമാത്രം വെറുക്കപ്പെടേണ്ട ഒന്നാണെന്ന് ലോകത്തോട് വിളിച്ചു പറയുകയാണവർ.
മറുനാടന് മലയാളി ബ്യൂറോ