ന്യൂഡൽഹി: ശ്രീനഗർ-ഷാർജാ വിമാന സർവ്വീസിന് പാക് വ്യോമപാത അനുവദിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ശ്രീനഗറിൽ നിന്ന് യുഎഇയിലെ ഷാർജയിലേക്കുള്ള ഗോ ഫസ്റ്റ് യാത്രാവിമാനത്തിനു വ്യോമപാത അനുവദിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. യാത്രാനുമതി ലഭിക്കുന്നതിനു നയതന്ത്രമാർഗങ്ങളിലൂടെ ശ്രമം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

ഈ റൂട്ടിൽ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാരുടെ താൽപര്യം പരിഗണിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം കശ്മീർ സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്ത സർവീസാണിത്. ഗോ എയറിൽ നിന്ന് പേര് മാറ്റി ഗോ ഫസ്റ്റ് ആയ കമ്പനി കഴിഞ്ഞ 23 മുതലാണു സർവീസ് ആരംഭിച്ചത്. 31 വരെ പാക്കിസ്ഥാൻ വ്യോമപാതയിലൂടെയാണു വിമാനം പറന്നത്. ചൊവ്വാഴ്ചത്തെ സർവീസിനു കാരണമൊന്നുമറിയിക്കാതെ പാക്ക് വ്യോമപാത നിഷേധിക്കുകയായിരുന്നു.

പാക്കിസ്ഥാന്റെ വ്യോമപാത നിഷേധിച്ചതിനെ തുടർന്ന് ശ്രീനഗർ ഷാർജ വിമാനത്തിന് 45 മിനിറ്റ് അധികമായി പറക്കേണ്ട സാഹചര്യമാണ്. ഗുജറാത്ത് വഴി 45 മിനിറ്റ് കൂടുതൽ സമയം ചുറ്റിപ്പറന്നാണു വിമാനം ഷാർജയിലെത്തിയത്. തൽസ്ഥിതി തുടർന്നാൽ ടിക്കറ്റ് ചാർജ് ഉയർത്തുന്നതു പരിഗണനയിലാണെന്ന് ഗോ ഫസ്റ്റ് അധികൃതർ അറിയിച്ചു. 12 വർഷത്തിനു ശേഷമാണ് കശ്മീരിൽ നിന്ന് യുഎഇയിലേക്കു വിമാന സർവീസ് നടത്തുന്നത്.