ലണ്ടൻ: ആദ്യ തരംഗത്തിൽ കാലിടറിയ ബ്രിട്ടന് രണ്ടാം തരംഗത്തിലും കോവിഡ് മരണത്തിൽ നിന്നും സ്വന്തം ജനങ്ങളെ രക്ഷിക്കാനായില്ല . അന്ന് പോലും കേരളത്തിൽ അടക്കം വ്യാപകമായ തരത്തിൽ കോവിഡ് മരണങ്ങൾ സംഭവിച്ചു തുടങ്ങിയിട്ടില്ലായിരുന്നു . ഈ ആത്മവിശ്വാസത്തിൽ ഡോക്ടർമാരുടെ വാട്‌സാപ്പ് ഗ്രൂപുകളിൽ പോലും പാപഭാരത്തോടെയാണ് യുകെ മലയാളികളായ ഡോക്ടർമാർ നാട്ടിൽ നിന്നുള്ളവരുടെ കളിയാക്കലുകൾ നേരിട്ടത് . നിങ്ങൾക്കെന്താ അവിടെ സർക്കാറില്ലേ , ആശുപത്രിയില്ലെ , മെഡിക്കൽ സംവിധനങ്ങൾ ഇല്ലേ എന്നൊക്കെയുള്ള കളിയാക്കലുകൾ ആയിരുന്നു നിത്യം കേൾക്കേണ്ടി വന്നത് . എന്നാൽ യുകെയിലെ ഓരോ മലയാളി ഡോക്ടറും മരണ ഭയം കൂടാതെ കോവിഡ് രോഗികളെ മരണത്തിൽ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു . കാരണം അവർക്കു വാട്‌സാപ്പിലെ കളിയാക്കൽ കേട്ടിരിക്കാൻ സമയം ഇല്ലായിരുന്നു .

എന്നാൽ ഇതേ സമയം രണ്ടാം തരംഗത്തിലും മരണം തടയാനാകില്ല എന്ന് മനസിലാക്കിയ ബ്രിട്ടീഷ് സർക്കാർ ഏറ്റവും ശ്രദ്ധ നൽകിയ വാക്‌സിൻ ഗവേഷണവും വേഗത്തിലാക്കാൻ ഉള്ള നിർദ്ദേശങ്ങളിലാണ് . ഗവേഷണത്തിനായി പണം തടസ്സമാകരുതു എന്ന ധാരണയിൽ വാക്‌സിൻ വികസന പ്രവർത്തനത്തിനായി സർക്കാർ പണം വാരിക്കോരി ഒഴുക്കി . അത് വെറുതെ ആയില്ല. ഒടുവിൽ ലോകം ആശ്വാസത്തോടെ കേട്ട അസ്ത്ര സേനക വാക്‌സിൻ യാഥാർഥ്യമായത് ബ്രിട്ടന്റെ നിശ്ചയ ദാർഢ്യം തന്നെയാണ് . കഴിഞ്ഞ വര്ഷം ഡിസംബർ എട്ടിന് കോവിഡ് പോരാട്ട ചരിത്രത്തിൽ ലോകത്തിനു അഭിമാനമായി കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആദ്യമായി കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു രാജ്യം കോവിഡ് പോരാട്ടത്തിന് മുന്നിൽ നിൽക്കുകയാണെന്നും ബ്രിട്ടൻ പ്രഖ്യാപിച്ചു .

തുടർന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ആളുകളെ കോവിഡ് മരണത്തിൽ നിന്നും രക്ഷിച്ചതും ഇതേ വാക്‌സിൻ തന്നെയാണ് . ഇതിനിടയിൽ കാര്യമായ ഭയം കൂടാതെ ബ്രിട്ടൻ മൂന്നാം തരംഗത്തെ അതിജീവിച്ചു . എന്നാൽ ഭയപ്പെട്ടത് പോലെ ശൈത്യ കാലത്തു എത്തുമെന്ന് പ്രവചിച്ച നാലാം കോവിഡ് തരംഗത്തിന് സാക്ഷ്യം വഹിക്കുകയാണ് ബ്രിട്ടൻ ഇപ്പോൾ . ശാസ്ത്ര സംഘം നൽകിയ മുന്നറിയിപ്പ് പോലെ തന്നെ വീണ്ടും മരണക്കണക്കിൽ മുന്നിലേക്ക് കുതിക്കുകയാണ് ബ്രിട്ടൻ . പക്ഷെ രണ്ടാം തരംഗത്തിൽ വാക്‌സിനുമായി എത്തി ലോകത്തിനു പ്രതീക്ഷ നൽകിയ ബ്രിട്ടൻ ഇപ്പൾ നാലാം തരംഗത്തിലും മരുന്നെന്ന മറ്റൊരു പ്രതീക്ഷയായി സ്വയം ഉയരുകയാണ് . കോവിഡിനുള്ള മരുന്നെന്ന അവസാന പ്രതീക്ഷയും ഒടുവിൽ എത്തുന്നതും ബ്രിട്ടനിൽ നിന്ന് തന്നെ . ലോകം ഇന്നലെ ആശ്വാസത്തോടെ കേട്ട മോൾനുപിരിവർ എന്ന കോവിഡ് മരുന്നു ഏതാനും ആഴ്ചകളായി യുകെയുടെ പല ഭാഗത്തും ഉള്ള ആശുപത്രികളിൽ ട്രയൽ എന്ന നിലയിൽ നടത്തിയിരുന്ന പരീക്ഷണം വിജയമാണെന്ന് വക്തമായതോടെ ഔദ്യോഗികമായി രോഗികളിൽ എത്തിക്കാൻ തീരുമാനിച്ച ദിവസമായിട്ടാകും ദീപാവലി നാൾ ചരിത്രം രേഖപ്പെടുത്തുക .

കോവിഡ് ചികിത്സക്കുള്ള ലോകത്തെ ഏറ്റവും ഫലപ്രദമായ മാർഗം പരീക്ഷിച്ച രാജ്യം എന്ന നിലയിലാകും ബ്രിട്ടൻ ഇനി അറിയപ്പെടുക . വൈറസ് രോഗങ്ങൾക്ക് മരുന്നില്ല എന്ന ലോകത്തിന്റെ പൊതു ചിന്തയ്ക്ക് മറുമരുന്നായി മാറുകയാണ് ആന്റി വൈറൽ മരുന്നുൽപ്പാദനത്തോടെ ഗവേഷകർ . ലോകത്തിന്റെ ആവശ്യം കൂടി മുന്നിൽ കണ്ടു ലക്ഷക്കണക്കിന് ഡോസ് മരുന്ന് ഉൽപ്പാദനത്തിലൂട കടന്നു പോകുകയാണ് അമേരിക്കൻ നിർമ്മാതാക്കൾ . പല വിധത്തിൽ ഉള്ള വാക്‌സിനുകളും മരുന്നും കൂടിയാകുമ്പോൾ ലോകം കോവിഡിനെ പിടിച്ചു കെട്ടി മുന്നോട്ടു കുതിക്കുമെന്നു തന്നെയാണ് ഗവേഷക സംഘത്തിന്റെയും പ്രതീക്ഷകൾ . ദിവസം രണ്ടു നേരം വീതം ഡോക്ടറുടെ നിരീക്ഷണത്തിൽ മരുന്ന് നല്കാൻ തുടങ്ങിയിരിക്കുകയാണ് ബ്രിട്ടൻ . ഇതുവരെ ഹോസ്പിറ്റലിൽ നിന്നും പാതിപേരെ എങ്കിലും ഒഴിവാക്കാനാകും എന്നാണ് വിദഗ്ധരുടെ പ്രതീക്ഷ ,

മെർക്ക് ആൻഡ് റിഡ്ജ്ബാക് എന്ന അമേരിക്കൻ കമ്പനിയാണ് വ്യാവസായികമായി മരുന്ന് നിർമ്മിക്കാൻ തയ്യാറായിരിക്കുന്നത് . രാപ്പകൽ മാറുന്നു നിർമ്മാണം വേണ്ടിവരും എന്നതിനാൽ വലിയ തരത്തിൽ ഉള്ള ഒരുക്കങ്ങളാണ് ഇതിനായി നടക്കുന്നത് . ലോക ആരോഗ്യ രംഗത്തെ ചരിത്രപരമായ നേട്ടമാണ് ബ്രിട്ടൻ ലോകത്തോട് പങ്കുവയ്ക്കുന്നതെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് മാധ്യമ സംഘത്തെ അറിയിച്ചു . ബ്രിട്ടനിൽ ഓരോ വർഷവും ആയിരങ്ങളെ ഇല്ലാതാക്കുന്ന ഫ്ലൂ ചികിത്സക്ക് വേണ്ടി പരീക്ഷിച്ച മരുന്നാണ് ഒടുവിൽ കോവിഡ് രോഗികളിലും ഫലം ചെയ്തു തുടങ്ങിയത് . കോവിഡിന്റെ ഏതൊക്കെ വക ഭേദങ്ങളോട് പൊരുതി നില്ക്കാൻ പുതിയ മരുന്നിനു കഴിയുമെന്ന് കണ്ടെത്താൻ ഇനിയും സമയമെടുത്തേക്കാമെങ്കിലും മരുന്നെന്ന നിർണായക ലക്ഷ്യത്തിലേക്കു നീങ്ങാനായതിന്റെ ആശ്വാസമാണ് ഗവേഷക സംഘം പങ്കിടുന്നത് .

രോഗ ലക്ഷണം കാണുമ്പോൾ തന്നെ ഗുളിക കഴിക്കാനായാൽ ഗുരുതരാവസ്ഥയിലേക്കു രോഗി നീങ്ങുന്നത് തടയാനാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത . അക്കാരണത്താൽ അധികം കാത്തിരിപ്പു കൂടാതെ പരാസിറ്റാമോൾ പോലെ ഈ മരുന്നും വീടുകളിൽ സൂക്ഷിച്ചു ജനങൾക്ക് കോവിഡിനോടുള്ള പോരാട്ടം സാധ്യമായേക്കും . അമേരിക്കയിൽ നിർമ്മിക്കുന്ന മരുന്നിന്റെ 4.80 കോഴ്സുകൾ വരും ദിവസങ്ങളിൽ തന്നെ ബ്രിട്ടനിലെത്തും . രോഗ ലക്ഷണത്തിന്റെ അഞ്ചു ദിവസം വരെ മരുന്നിനു കോവിഡ് വൈറസിനോട് പൊരുതാനുള്ള ശേഷിയുണ്ടാകും . അതായതു രോഗം കടിനാവസ്ഥയിലേക്കു നീങ്ങും മുന്നേ മരുന്നു കഴിക്കണം എന്നതാണ് ഗവേഷകർ പാങ്കിടുന്ന പ്രധാന വിശേഷം . നിലവിൽ  പ്രിസ്‌ക്രിപ്ഷൻ വഴിയാകും ജനങൾക്ക് മരുന്ന് ലഭ്യമാക്കുക .

ബ്രിട്ടനോടൊപ്പം അമേരിക്ക , സിംഗപ്പൂർ , ഓസ്ട്രേലിയ , ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് മരുന്നിനു വേണ്ടി ഇതിനകം ഓർഡർ ചെയ്തിരിക്കുന്നത് . വാക്‌സിൻ വികസിപ്പിച്ച ഫൈസർ കമ്പനിയും ഉടനെ മറ്റൊരു മരുന്നുമായി എത്തിയേക്കും എന്ന സൂചനയുമുണ്ട് .