- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടണിലെ ഷെഫിൽഡ് യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു; ഉയരുന്നത് പരാതികൾ; യുകെയിൽ പഠനത്തിന് ആഗ്രഹിക്കുന്നവരും പഠിക്കുന്നവരും ശ്രദ്ധ നൽകേണ്ട സാഹചര്യം
ലണ്ടൻ : നൂറു കണക്കിന് മലയാളി വിദ്യാർത്ഥികൾ പഠിക്കുന്ന ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ദാരുണമായ വാർത്ത . മലയാളി വിദ്യാർത്ഥിയായ യുവാവിനെ മരിച്ച നിലയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയാണ് . ഏതാനും ആഴ്ച മുൻപ് നടന്ന സംഭവത്തെ തുടർന്ന് സഹപാഠികളായ വിദ്യാർത്ഥികൾ അടക്കം അനേകരെ യൂണിവേഴ്സിറ്റിയിൽ വിളിച്ചു വരുത്തി അന്വേഷണം നടത്തിയതായി അറിയുന്നു . മരണത്തിനു ഇടയാക്കിയ കാരണങ്ങളിലേക്കു പൊലീസ് അന്വേഷണം എത്താൻ താമസം എടുത്തേക്കും . മരണമടഞ്ഞ വിദ്യാർത്ഥിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാക്കുകയാണ് അന്വേഷണ സംഘം . ഏതാനും ആഴ്ചകൾ കാത്തിരുന്നാൽ മാത്രമേ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സംഘത്തിന് ലഭ്യമാകൂ .
അതിനിടെ ഏതാനും ആഴ്ച മുൻപേ നടന്ന മരണത്തെ തുടർന്ന് സ്റ്റുഡന്റ്‌റ് കൗൺസിൽ അടക്കം ഇടപെട്ട് മൃതദേഹം നാട്ടിൽ എത്തിച്ചതായാണ് ലഭ്യമായ വിവരം . മരണമടഞ്ഞ യുവാവിന്റെ സഹോദരൻ കവൻട്രി യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി ആണെന്നും പറയപ്പെടുന്നു . വിദ്യാർത്ഥികൾക്കിടയിൽ മാത്രം ഒതുങ്ങി നിന്ന സംഭവം ഇപ്പോഴും ഷെഫീൽഡിൽ പോലും മലയാളി സമൂഹത്തിൽ പലരും അറിഞ്ഞിട്ടില്ല . മുസ്ലിം സമുദായത്തിൽ പെട്ട വിദ്യാർത്ഥിയാണ് മരണമടഞ്ഞത് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം . ഈ വിദ്യാർത്ഥി തലശ്ശേരിക്കടുത്തു വടകര സ്വദേശിയാണെന്ന് സഹപാഠികൾ സൂചിപ്പിക്കുന്നു .
അതിനിടെ ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ നിന്നും അനവധി പരാതികളാണ് പൊലീസിനെ തേടി എത്തുന്നത് . കഴിഞ്ഞ മാസം ചൈനീസ് പെൺകുട്ടികൾ യൂണിവേഴ്സിറ്റിയിൽ ആക്രമിക്കപ്പെട്ട സംഭവം വലിയ വാർത്തയായി ചൈനയിൽ പ്രചരിച്ചിരുന്നു . തുടർന്ന് മാഞ്ചസ്റ്ററിലെ ചൈനീസ് കോൺസുലേറ്റ് ഔദ്യോഗികമായി ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ പരാതി എത്തിക്കുകയും ചെയ്തിട്ടുണ്ട് . 20 ഓളം ചൈനീസ് പെൺകുട്ടികളാണ് യൂണിവേഴ്സിറ്റിയിൽ ആക്രമിക്കപ്പെട്ടത് . യുകെയിലെ മറ്റു യൂണിവേഴ്‌സിറ്റികളെക്കാൾ ചൈനീസ് , ഇന്ത്യൻ , ആഫ്രിക്കൻ വിദ്യാർത്ഥികളുടെ സാന്നിധ്യമാണ് ഷെഫീൽഡിൽ ഉള്ളത് . സ്വാഭാവികമായും നൂറുകണക്കിന് മലയാളി വിദ്യാർത്ഥികളും ഷെഫീൽഡിൽ പഠിക്കുന്നുണ്ട് . വരും വര്ഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ വംശവെറി പോലെയുള്ള ആക്രമങ്ങളാണ് ഷെഫീൽഡിൽ നടക്കുന്നതെങ്കിൽ വിദേശ വിദ്യാർത്ഥികളുടെ വരവ് സാരമായി കുറയുമെന്ന് ചൈനീസ് അധികൃതരെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ചൈനീസ് വിദ്യാർത്ഥികൾക്ക് ഷെഫീൽഡിൽ നേരിടേണ്ടി വന്നത് എന്നാണ് ചൈന ആരോപിക്കുന്നത് . ഇക്കാര്യം ചൂണ്ടിക്കാട്ടി അനേകം ചൈനീസ് വംശജർ ട്വിറ്ററിൽ എത്തിയതോടെ സംഭവം വ്യാപക ചർച്ചയായി . തുടർച്ചയായ വർഷങ്ങളിൽ ഈ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾ ആല്മഹത്യ ചെയ്യുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . ഏറ്റവും ഒടുവിൽ മലയാളി വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചതും വിദ്യാർത്ഥികൾക്കിടയിൽ ചർച്ചയാണ് . സ്‌റുഡന്റ്‌റ് ആക്കോമോഡേഷനിൽ മുറിയെടുത്തു താമസിക്കുക ആയിരുന്നു മരിച്ച മലയാളി യുവാവ് .
ഷെഫീൽഡിൽ യൂണിവേഴ്സിറ്റിയിൽ ടീച്ചിങ് ബിൽഡിങ്ങിനു സമീപം വിദ്യാർത്ഥികൾ ആക്രമിക്കപ്പെടുന്നത് പതിവ് സംഭവം ആയി മാറിയിട്ടുണ്ട് . ഇക്കരണത്തിൽ ഇ പ്രദേശം കുപ്രസിദ്ധി നേടിയിരിക്കുകയാണ് . മലയാളി വിദ്യാർത്ഥികളും മറ്റും ഭയം കാരണം ഈ സ്ഥലം ഒഴിവാകുകയും ചെയ്യുന്നുണ്ട് . എന്നാൽ പുതുതായി എത്തുന്ന വിദ്യാർത്ഥികൾ പരിചയക്കുറവ് മൂലം ഇവിടെ എത്തപ്പെട്ടാൽ പലപ്പോഴും ആക്രമണത്തിന് ഇരയാകുകയും ചെയുന്നു . വിദ്യാർത്ഥികൾ സ്‌റുഡന്റ്‌റ് വെൽഫെയർ ടീമിന്റെ നേത്രത്വത്തിൽ യൂണിവേഴ്സിറ്റി വൈസ് ചാന്‌സലര്ക്കും പൊലീസിനും പരാതി നൽകി കാത്തിരിക്കുകയാണ് . ഇതിനിടയിൽ ദുരൂഹ നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മരണവും സംശയാസ്പദമായി മാറുകയാണ് . യൂണിവേഴ്സിറ്റിയിലെ മറ്റു മലയാളി വിദ്യാർത്ഥികൾ സംഭവം അറിഞ്ഞിട്ടും സ്വകാര്യ സംഭാഷണത്തിൽ ഒതുക്കുന്നത് അല്ലാതെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന കാര്യത്തിൽ അവ്യക്തത നിറയുകയാണ് .
യുകെയിലെ മിക്ക യൂണിവേഴ്‌സിറ്റികളും ഭൂരിഭാഗം സീറ്റുകളും വിദേശ വിദ്യാർത്ഥികൾ കീഴടക്കി തുടങ്ങിയതോടെ വംശീയ ആക്രമണവും മറ്റും സംഭവിക്കാവുന്ന സാഹചര്യമാണ് നിലനിൽക്കുന്നത് എന്നും സൂചനയുണ്ട് . കാമ്പസുകളിൽ മലയാളി വിദ്യാർത്ഥികൾ കൂട്ടം ചേരുമ്പോൾ മലയാളത്തിൽ സംസാരിക്കുന്നതും മറ്റും അപൂർവമായി എങ്കിലും മറ്റുള്ളവരുടെ ചീത്ത വിളിയിൽ എത്തുന്നതായും പറയപ്പെടുന്നു . മികച്ച റാങ്കിങ് ഉള്ള യൂണിവേഴ്സിറ്റികൾ തിരഞ്ഞെടുത്തു വരിക എന്ന നിലയിലേക്ക് മലയാളി വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാലം കൂടിയാണ് വരാനിരിക്കുന്നതെന്നു വിദ്യാർത്ഥികൾ ആക്രമിക്കപെടുന്ന സംഭവങ്ങൾ തെളിയിക്കുന്നു .
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.