കോവിഡ് മൂലമുള്ള മരണ സാധ്യത ഇരട്ടിയാക്കുന്ന ഒരു പ്രത്യേകതരം ജീൻ ശാസ്ത്രജ്ഞന്മാർ വേർതിരിച്ചെടുത്തു. ദക്ഷിണേഷ്യൻ ജനങ്ങളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. എൽ സെഡ് ടി എഫ് എൽ 1 എന്ന ജീൻ ശ്വാസകോശത്തിനുള്ളിൽ വൈറസുകൾക്ക് എളുപ്പത്തിൽ പെറ്റുപെരുകാനുള്ള സാഹചര്യം ഒരുക്കുന്നു എന്നാണ് കണ്ടെത്തിയത്. ദക്ഷിണ ഏഷ്യൻ മേഖലയിൽ നിന്നുള്ള 60 ശതമാനം പേരിലും കാണപ്പെടുന്ന ഈ ജീൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് വേർതിരിച്ചെടുത്തത്.

ഈ ജീൻ വെറും 15 ശതമാനം യൂറോപ്പ്യൻ വംശജരിൽ മാത്രമേ കാണപ്പെടുന്നുള്ളു. അതേസമയം വെറും രണ്ട് ശതമാനം ആഫ്രിക്കൻ വംശജരിൽ മാത്രമാണ് ഇതിന്റെ സാന്നിദ്ധ്യമുള്ളത്. ഈ ജനിതക സവിശേഷതയാകാം ബ്രിട്ടനിൽ കോവിഡ് ബാധിച്ചവരിൽ ദക്ഷിണ ഏഷ്യൻ വംശജർ ആനുപാതികമായി കൂടുതൽ മരിക്കാൻ ഇടയാക്കിയതെന്നാണ് ശാസ്ത്രജ്ഞന്മാർ വിലയിരുത്തുന്നത്. എന്നാൽ, അതുമാത്രമല്ല കാരണം എന്നും അവർ പറയുന്നു. സാമൂഹികവും സാമ്പത്തികവുമായി നിരവധി കാരണങ്ങൾ ഇതിനു പുറകിലുണ്ടെന്നും അവർ പറയുന്നു.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ കാണിക്കുന്നത് ബംഗ്ലാദേശികൾ വെള്ളക്കാരേക്കാൾ കോവിഡ് ബാധിച്ച് മരിക്കുവാനുള്ള സാധ്യത അഞ്ചിരട്ടിയാണെന്നാണ്. രണ്ടാമത്തെ ഏറ്റവും ഉയർന്ന അപകട സാധ്യതയുള്ള വിഭാഗം പാക് വംശജരാണ്. വെള്ളക്കാരേക്കാൾ മരിക്കാനുള്ള സാധ്യത ഇവരിൽ 3.4 മടങ്ങാണ് അധികമായുള്ളത്. ഇതിൽ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. കോവിഡ് ബാധിച്ചാൽ മരണമടയുന്നതിനുള്ള സാധ്യത ഇന്ത്യാക്കാരിൽ വെള്ളക്കാരേക്കാൾ 1.95 ശതമാനം അധികമാണെന്ന് ഈ കണക്കുകൾ വെളിപ്പെടുത്തുന്നു.

നേരത്തെ ഒരു നിശ്ചിത ഡി എൻ എ സ്ട്രെച്ചാണ് 65 വയസ്സു കഴിഞ്ഞവരിൽ കോവിഡ് മരണത്തിന് പ്രധാന കാരണമെന്ന് വിദഗ്ദർ കണ്ടെത്തിയിരുന്നു. എന്നാൽ കൃത്യമായ ജീൻ അന്ന് കണ്ടെത്താനായിരുന്നില്ല. അപകട സാധ്യത വർദ്ധിക്കുന്നത് ഒരു പ്രോട്ടീനിലെ ജീൻ കോഡിംഗിൽ വരുന്ന വ്യത്യാസം കൊണ്ടല്ലെന്നും മറിച്ച് ഡി എൻ എയിൽ വരുന്ന വ്യത്യാസം കൊണ്ടാണെന്നും പഠനത്തിന് നേതൃത്വം നൽകിയ ജനിതകശാസ്ത്ര വിദഗ്ദനായ പ്രൊഫസർ ജിം ഹ്യുഗ്സ് പറയുന്നു.

വൈറസിനെ പ്രതിരോധിക്കാൻ ശ്വാസകോശത്തെ സഹായിക്കുന്ന ഒരു പ്രോട്ടീനിനെ തടഞ്ഞുകൊണ്ടാണ് എൽ സെഡ് ടി എഫ് എൽ 1 എന്ന ജീൻ ശ്വാസകോശത്തിൽ വൈറസുകൾക്ക് വളരാനുള്ള സാഹചര്യമൊരുക്കുന്നത്. ഈ ജീനുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നതിനാൽ വാക്സിന്റെ പ്രഭാവം എത്രമാത്രം ഉണ്ടാകുമെന്ന കാര്യത്തിലും ചില സംശയങ്ങൾ ഉയരുന്നുണ്ട്. ഈ ജീനിന്റെ സാന്നിദ്ധ്യം മനുഷ്യരുടെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയാണ് എന്നും ഇവർ പറയുന്നു.

പ്രതിരോധ സംവിധാനത്തെ ഈ ജീൻ സ്വാധീനിച്ചു കഴീഞ്ഞാൽഅത് പിന്നെ വാക്സിനോട് പ്രതികരിക്കില്ലെന്നാണ് പ്രൊഫസർ ജെയിംസ് ഡേവിസ് പറയുന്നത്. വാക്സിൻ വൈറസിനെ പ്രതിരോധിക്കുന്ന രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഈ ജീൻ പ്രവർത്തിക്കുന്നതെന്നും അദ്ദെഹം പറയുന്നു.