നായ്ക്കൾക്കായി പ്രത്യേകം തയ്യാറാക്കിയ പരിപാടികളുമായി ഒരു പുതിയ ടെലിവിഷൻ ചാനൽ ബ്രിട്ടനിൽ ആരംഭിക്കാൻ പോകുന്നു. വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് അവരുടെ ദൈനംദിന ജീവിതം സന്തുലനപ്പെടുത്തുന്നതിന് ഉതകുന്ന പരിപാടികളായിരിക്കും ഇതിൽ സംപ്രേഷണം ചെയ്യുക. അവർക്ക് വിശ്രമ വേളകൾ ആസ്വാദ്യകരമാക്കുവാനും, പ്രചോദനം നൽകുന്നതുമൊക്കെയായി പരിപാറ്റികൾ ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തതാണ്. ഡോഗ് ടി വി എന്ന പേരിലായിരിക്കും ചാനൽ പ്രവർത്തിക്കുക.

നായ്ക്കൾക്കായി ലോകത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ടി വി ചാനൽ ഉണ്ടാകുന്നത്. നവംബർ 8 മുതൽ ഇത് ബ്രിട്ടനിലെ ടി വി പ്രേക്ഷകർക്ക് തങ്ങളുടെ നെറ്റ്‌വർക്കിലൂടെ ലഭിക്കും. സ്ട്രീം ഓൺലൈനിൽ ഇത് ലഭ്യമാകുവാൻ പ്രതിമാസം 6.99 പൗണ്ടാണ് ചാർജ്ജായി നൽകേണ്ടിവരിക. നായ്ക്കളുടെ ദൃശ്യ, ശ്രവ്യ വികാരങ്ങൾ കണക്കിലെടുത്തുകൊണ്ട് അവയുമായി ഫലപ്രദമായി സംവേദിക്കാൻ ഉതകുന്ന പ്രത്യേക പരിപാടികളായിരിക്കും ഇതിലുണ്ടാവുക. വളർത്തുമൃഗങ്ങളിൽ സാധാരണയായി കണ്ടുവരാറുള്ള ഉത്കണ്ഠ, ഏകാന്തത, സമ്മർദ്ദം എന്നിവ കുറയ്ക്കുക എന്നതാണ് ഉദ്ദേശം.

നായ്ക്കൾക്ക്ദൃശ്യ ശ്രവ്യ സംവേദനക്ഷമത വളരെ കൂടുതലാണ്. ഡോഗ് ടി വിയിൽകൂടുതലായി കാണിക്കുക കൂടെക്കൂടെ ചലിക്കുന്ന വസ്തുക്കളുടെ ചിത്രീകരണങ്ങളായിരിക്കും. അതുപോലെ വളരെ ആസ്വാദ്യകരമായ ആവൃത്തിയിലുള്ള ശബ്ദവും നൽകും. മറ്റു പല രാജ്യങ്ങളിലും ഇപ്പോൾ തന്നെ ലഭ്യമായ ഈ ചാനലിൽ വളർത്തുനായ്ക്കളുടെ ഉടമസ്ഥന്മാർക്കുള്ള പ്രത്യേക പരിപാടികളും ഉണ്ടായിരിക്കും. സെലിബ്രിറ്റി നായ് പരിശീലകരുടെ ക്ലാസ്സുകളും നായ്ക്കൾക്കുള്ള ഭക്ഷണത്തിന്റെ പാചക ക്ലാസ്സുകളും ഉണ്ടായിരിക്കും.

പരിപാടിയുടെ നിറം നായ്ക്കളുടെ കണ്ണുകൾക്ക് പാകമായ രീതിയിലായിരിക്കുംതയ്യാറാക്കുക. മാത്രമല്ല നായ്ക്കളെ ഉറങ്ങാതിരിക്കാൻ പ്രേരിപ്പിക്കുന്ന പരിപാടികളും ഇടയ്ക്കിടെ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കും. മറ്റ് നായ്ക്കളും മൃഗങ്ങളുമൊക്കെ ചലിക്കുന്നത് ടി വി സ്‌ക്രീനിൽ കാണുന്ന നായ്ക്കൾ ഉറങ്ങാതെ അത് നോക്കിയിരിക്കും എന്നാണ് ടി വി അധികൃതർ പറയുന്നത്.