ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിലെത്തി. രാവിലെ എട്ടു മണിയോടെയാണ് പ്രധാനമന്ത്രി കേദാർനാഥ് ക്ഷേത്രത്തിലെത്തിയത്. പുനർനിർമ്മിച്ച ആദിശങ്കര സമാധിപീഠം ഉദ്ഘാടനം ചെയ്തു.

2013ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ തകർന്ന ആദി ശങ്കരാചാര്യരുടെ സമാധിയാണ് ഇപ്പോൾ വീണ്ടും പുനർനിർമ്മിച്ചിരിക്കുന്നത്. കേദാർനാഥ് ക്ഷേത്ര ദർശനത്തിനും ആരതിക്കും ശേഷമായിരുന്നു മോദി സമാധി പീഠം ഉദ്ഘാടനം ചെയ്തത്. ക്ഷേത്രത്തിൽ നടക്കുന്ന മഹാരുദ്ര അഭിഷേകത്തിലും പങ്കെടുത്തി.

മൊത്തം 130 കോടി രൂപ ചെലവിട്ടാണ് കേദാർനാഥിലെ പുനർനിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയിരിക്കുന്നത്. പ്രതിമയുടെ പുനർനിർമ്മാണത്തിന് പുറമെ പുരോഹിതരുടെ താമസസ്ഥലങ്ങൾ, വിവിധ സ്‌നാനഘട്ടങ്ങൾ, നദിയുടെ പാർശ്വഭിത്തികൾ, പൊലീസ് സ്റ്റേഷൻ, ആശുപത്രി, ഗസ്റ്റ് ഹൗസുകൾ എന്നിവയും പുനർനിർമ്മിച്ചവയിൽ ഉൾപ്പെടും. മന്ദാകിനി നദിക്ക് കുറുകെ നിർമ്മിച്ച പാലവും പുനർനിർമ്മിച്ചിട്ടുണ്ട്. ഇതിന് പുറമെ 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കേദാർപുരി പുനർനിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

പ്രധാനമന്ത്രി ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന സമയത്ത് കാലടി ശ്രീശങ്കര ക്ഷേത്രത്തിലും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു.