മുംബൈ: മുംബൈ വിമാനത്താവളത്തിന് സമീപത്തെ കാർഗോ കോംപ്ലക്‌സിൽ നിന്നും നാലു കോടി വിലമതിക്കുന്ന 700 ഗ്രാം ഹെറോയ്ൻ പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗുജറാത്ത് വഡോദര സ്വദേശി കൃഷ്ണ മുരാരി പ്രസാദിനെയാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തത്.

സബർബൻ മുംബൈയിലെ ഇന്റർനാഷണൽ കൊറിയർ ടെർമിനൽ വഴി മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച എൻ.സി.ബി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് 700 ഗ്രാം ഹെറോയ്ൻ എന്നു കരുതപ്പെടുന്ന വെള്ളുത്ത പൊടി കണ്ടെത്തിയത്. ഇതിന് ഏകദേശം നാല് കോടി രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കേസ് രജിസ്റ്റർ ചെയ്ത ശേഷം പാർസലിലെ അഡ്രസ്സിലുണ്ടായിരുന്ന കൃഷ്ണ മുരാരി പ്രസാദിനെ മൊഴി രേഖപ്പെടുത്താൻ മുംബൈയിലെ എൻ.സി.ബി ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.