കൊല്ലം: ആറു മക്കളുള്ള അമ്മയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ വീട്ടിൽ നിന്നും കണ്ടെടുത്തു. പട്ടാഴി കന്നിമേൽ പനയനം കാഞ്ഞിരംവിളവീട്ടിൽ പരേതനായ കുഞ്ഞൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ(100)യാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. മക്കളും കുടുംബവും തൊട്ടടുത്ത് തന്നെ താമസിച്ചിട്ടും മരണ വിവരം പുറത്തറിയുന്നത് മാനസികവെല്ലുവിളി നേരിടുന്ന മകൻ അയൽ വീട്ടിൽ എത്തി അറിയിച്ചപ്പോഴാണ്.

നാട്ടുകാർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ ദുർഗന്ധം വമിക്കുന്നനിലയിൽ കട്ടിലിൽ മൃതദേഹം കണ്ടെത്തുക ആയിരുന്നു. അവിവാഹിതനായ മാനസിക വെല്ലുവിളി നേരിടുന്ന മകനും അമ്മയും മാത്രമാണ് വീട്ടിൽ താമസം. മറ്റു മക്കളും അവരുടെ കുടുംബവുമൊക്കെ തൊട്ടടുത്തു താമസിക്കുന്നുണ്ട്. രണ്ടുമുറിയും ഇറക്കുകളുമുള്ള പഴയവീട്ടിലെ മലിനമായ മുറിയിൽ ജീർണിച്ച നിലയിലായിരുന്നു മൃതദേഹം.

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതരും കുന്നിക്കോട് പൊലീസും സ്ഥലത്തെത്തി. പൊലീസ് നടപടികൾക്കുശേഷം കോവിഡ് ടെസ്റ്റിനും മൃതദേഹപരിശോധനയ്ക്കുമായി മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അടുത്ത ബന്ധുക്കളുടെ അനാസ്ഥയാണ് മരണമറിയാൻ വൈകാനിടയാക്കിയതെന്നും അവരുടെപേരിൽ കേസെടുക്കുന്നകാര്യം പരിഗണനയിലുണ്ടെന്നും പൊലീസ് ഇൻസ്‌പെക്ടർ പി.ഐ.മുബാറക്ക് അറിയിച്ചു. മക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ, പരേതനായ രാഘവൻ പിള്ള, ഭാനുമതിയമ്മ, പരേതനായ വിജയൻ പിള്ള, സുരേന്ദ്രൻ പിള്ള, രാജേന്ദ്രൻ നായർ.