- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയം നൽകിയ നാട്ടിൽ ഭൂമിദാനം ചെയ്ത് കൃഷ്ണകുമാർ പോറ്റി; അഞ്ച് നിർധനകുടുംബങ്ങൾക്ക് അഞ്ചുസെന്റ് വീതം നൽകി അച്ഛന്റെ ആഗ്രഹം നിറവേറ്റി മകൻ
കൊട്ടാരക്കര: അഭയമേകിയ നാട്ടിൽ അശരണർക്ക് ഒരുതുണ്ടു ഭൂമി നൽകണമെന്നത് നാരായണൻ പോറ്റിയുടെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ ആ ആഗ്രഹം നിറവേറും മുന്നേ നാരായണൻ പോറ്റി ഈ ലോകത്തോട് വിട പറഞ്ഞു. എന്നാൽ തന്റെ അച്ഛന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കൊടുക്കാൻ മകൻ കൃഷ്ണ കുമാർ പോറ്റി മുന്നിട്ടിറങ്ങി. ഇതോടെ പാവങ്ങളായ അഞ്ച് പേർക്കാണ് അഞ്ച് സെന്റ് ഭൂമി വീതം ലഭിച്ചത്.
കൊട്ടാരക്കര മഹാഗണപതിക്ഷേത്രം കീഴ്ശാന്തി സദാനന്ദപുരം പുത്തന്മഠത്തിൽ എൻ.കൃഷ്ണകുമാർ ആണ് ഭൂരഹിതരായ അഞ്ച് നിർധനകുടുംബങ്ങൾക്ക് അഞ്ചുസെന്റ് ഭൂമിവീതം നൽകിയത്. നാലുപേർക്ക് കഴിഞ്ഞദിവസം ഭൂമി കൈമാറി. ഇനി ഒരാൾക്കുകൂടി ഭൂമി കൈമാറും. രോഗങ്ങളും ദുരിതങ്ങളും വേട്ടയാടിയിരുന്ന ജീവിതത്തിൽ സ്വന്തമായി ഒരുതുണ്ടുഭൂമി സമ്പാദിക്കാൻ കഴിയാതെപോയവരെ തിരഞ്ഞുപിടിച്ച് സ്ഥലം നൽകുകയായിരുന്നു. ആധാരമെഴുത്തുൾപ്പെടെ എല്ലാ ചെലവും കൃഷ്ണകുമാർതന്നെ വഹിച്ചു.
തിരുവനന്തപുരം കുശക്കോട്ടുനിന്ന് 55 കൊല്ലം മുൻപാണ് നാരായണൻ പോറ്റി ജോലിതേടി വെട്ടിക്കവല ഇരണൂർ തെറ്റിയോട് ഗ്രാമത്തിലെത്തയത്. വർഷങ്ങളോളം വാടകവീടുകളിൽ കഴിഞ്ഞിരുന്ന നാരായണൻ പോറ്റിക്ക് താമസിക്കാൻ സ്ഥലം നൽകിയത് നാട്ടുകാരനായ അച്യുതൻ പിള്ളയായിരുന്നു. മുപ്പതുവർഷത്തോളം തെറ്റിയോട് ക്ഷേത്രത്തിൽ പൂജാരിയായി. അന്നവും താമസിക്കാനിടവും നൽകി സംരക്ഷിച്ച നാട്ടിൽ തലചായ്ക്കാനിടമില്ലാത്ത നാലുപേർക്കെങ്കിലും സൗജന്യമായി ഭൂമി നൽകണമെന്നത് നാരായണൻ പോറ്റിയുടെ ആഗ്രഹമായിരുന്നു. എന്നാൽ ഒരു വർഷം മുന്നേ നാരായണൻ പോറ്റി മരിച്ചു. മകൻ കൃഷ്ണകുമാർ ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയായിരുന്നു നാരായണൻ പോറ്റിയുടെ മരണം.
കൃഷ്ണകുമാർ വിലകൊടുത്ത് ഇരണൂർ നിരപ്പുവിളയിൽ വാങ്ങിയ ഭൂമിയിൽനിന്ന് അഞ്ചുസെന്റുവീതമാണ് അഞ്ചുകുടുംബങ്ങൾക്ക് നൽകിയത്. പനയം ചിറ്റയം വാഴവിളവീട്ടിൽ ശെൽവദാസ്, തെറ്റിയോട് സജിഭവനിൽ വാടകയ്ക്കു കഴിയുന്ന തമിഴ്‌നാട് സ്വദേശി സുധ ശെൽവം, നിരപ്പുവിള ലതാഭവനിൽ ബീന, നിരപ്പുവിള വട്ടവിളവീട്ടിൽ മഞ്ജു എന്നിവർക്ക് കഴിഞ്ഞദിവസം ഭൂമി കൈമാറി. അമ്മ രമണി അന്തർജനവും ഭാര്യ സന്ധ്യയും മക്കളായ ശബരീശ്, ശിവപ്രിയ എന്നിവരും പിന്തുണയായി ഒപ്പം നിന്നു.
തെറ്റിയോട്ട് നടന്ന ചടങ്ങിൽ സദാനന്ദപുരം വാർഡ് അംഗം ബിന്ദു പ്രസാദ്, ഇരണൂർ വാർഡ് അംഗം രതീഷ്, സുരേഷ്ബാബു, വാസുദേവൻ പോറ്റി, മനോജ്കുമാർ, ഗണപതിക്ഷേത്രം മേൽശാന്തി വാമനൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു. പാലക്കാട് ഡെപ്യൂട്ടി കളക്ടർ ബി.അനിൽകുമാർ, കൃഷ്ണകുമാർ പോറ്റിയുടെ അമ്മ രമണി അന്തർജനം എന്നിവർ ചേർന്ന് ഭൂമിയുടെ രേഖകൾ കൈമാറി. നാരായണൻ പോറ്റിക്ക് സൗജന്യമായി ഭൂമി നൽകിയ അച്യുതൻ പിള്ളയും ചടങ്ങിന് എത്തിയിരുന്നു.