- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി സ്വദേശികളുടെ അഞ്ച് മക്കളെ കള്ളക്കേസിൽ കുടുക്കിയ സംഭവം; പ്രതിയുടെ ബന്ധുക്കൾ പൊലീസിന് കൈക്കൂലി: സഹോദരന്മാർ ഉപദ്രവിച്ചെന്നു പറഞ്ഞത് പൊലീസ് പറഞ്ഞതനുസരിച്ചെന്നും പെൺകുട്ടി
കൊച്ചി: ഡൽഹി സ്വദേശികളുടെ അഞ്ചുമക്കളെ പൊലീസ് കേസിൽ കുടുക്കിയ സംഭവത്തിൽ വീണ്ടും കൈക്കൂലി ആരോപണം. ഇതിൽ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയുടെ ബന്ധുക്കൾ പൊലീസിന് ഒരു വെള്ളപ്പൊതി കൈമാറിയെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ഇതിൽ പണമായിരുന്നുവെന്നാണ് പെൺകുട്ടി പറയുന്നത്.
ഡൽഹിയിൽനിന്ന് പൊലീസ് കണ്ടെത്തിയ പെൺകുട്ടിക്കൊപ്പം പീഡിപ്പിച്ച പ്രതിയെയും ഒരുമിച്ചാണ് കൊച്ചിയിലേക്കു കൊണ്ടുവന്നത്. തീവണ്ടി പുറപ്പെടും മുമ്പ് പ്രതിയുടെ ബന്ധുക്കൾ കമ്പാർട്ട്‌മെന്റിൽ വന്ന് ഒരു വെള്ളപ്പൊതി പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത് കണ്ടുവെന്നാണ് പെൺകുട്ടി പറയുന്നത്. കൈക്കൂലി വാങ്ങിയതിന്റെ നന്ദിസൂചകമായാണ് പ്രതിക്ക് അനുകൂലമായി പൊലീസ് പ്രവർത്തിച്ചതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
തന്റെ പിതാവ് പൊലീസിന് പണം കൊടുത്തിട്ടുണ്ടെന്നും താൻ കേസിൽനിന്ന് രക്ഷപ്പെടുമെന്നും കേസിൽനിന്ന് പിന്മാറിയാൽ വിവാഹം കഴിക്കാമെന്നും പ്രതി വണ്ടിയിൽവെച്ച് പറഞ്ഞു. ഇതിനുപിന്നാലെയാണ് പ്രതിയെ കല്യാണം കഴിപ്പിച്ചു തരാമെന്നും ഇതിനായി സഹോദരന്മാർ ഉപദ്രവിച്ചെന്നു പറഞ്ഞാൽ മതിയെന്നും പൊലീസ് പെൺകുട്ടിയെ പറഞ്ഞുപഠിപ്പിച്ചത്. പ്രതിയുടെ പിതാവ് കേസിൽനിന്ന് പിന്മാറാൻ 10 ലക്ഷം രൂപ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് വാഗ്ദാനം നൽകിയെങ്കിലും അവരത് തള്ളിയിരുന്നു.