- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
7500 സ്ഥിരംജീവനക്കാരെ മാറ്റി നിർത്തേണ്ടി വരും; നഷ്ടം കുറയ്ക്കാൻ മറ്റ് മാർഗ്ഗമില്ലെന്ന് കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ നഷ്ടം കുറയ്ക്കാൻ 7500 സ്ഥിരംജീവനക്കാരെ മാറ്റി നിർത്തേണ്ടി വരുമെന്ന് കെഎസ്ആർടിസി. മാർച്ച് വരെ പരമാവധി 3800 സർവീസുകൾ മാത്രമേ ഓടിക്കാൻ കഴിയൂവെന്നും അതിനാൽ ജീവനക്കാരെ ഒഴിവാക്കാതെ മറ്റ് നിവർത്തിയില്ലെന്നുമാണ് റിപ്പോർട്ട്. യാത്രക്കാർ കൂടാതെ കൂടുതൽ ബസുകൾ ഇറക്കുക പ്രായോഗികമല്ല. ബസുകളിൽ 40 ശതമാനം നഷ്ടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോക്ഡൗണിനെത്തുടർന്ന് ഒതുക്കിയിട്ടിരിക്കുന്ന 2500 ബസുകൾ നന്നാക്കി റോഡിലിറക്കിയാൽ ലാഭമുണ്ടാകില്ലെന്നും സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. താത്കാലിക ജീവനക്കാരെ ഒഴിവാക്കിയശേഷം 5250 ബസുകൾക്കുവേണ്ട സ്ഥിരജീവനക്കാരുടെ തസ്തികകൾ നിജപ്പെടുത്തിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ 4250 ബസുകൾക്ക് 20,468 ജീവനക്കാർ മതി. ശേഷിക്കുന്നവരെ പകുതി ശമ്പളംനൽകി തത്കാലത്തേക്കു മാറ്റിനിർത്തിയാൽ നഷ്ടം കുറയ്ക്കാം.
സ്വയം സന്നദ്ധരാകുന്ന ജീവനക്കാരെ ഇതിനു പരിഗണിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവർക്ക് പകുതി ശമ്പളം നൽകിയാൽപ്പോലും മാസം 10 കോടി ലാഭിക്കാം. 2020 മാർച്ചുമുതൽ സർക്കാർ സഹായത്തിലാണ് ശമ്പളം നൽകുന്നത്. ഇടക്കാല ആശ്വാസം ഉൾപ്പെടെ മാസശമ്പളം നൽകാൻ 84 കോടി രൂപ നൽകണം. അതേസമയം ജീവനക്കാരെ മാറ്റിനിർത്താനുള്ള നിർദ്ദേശം തൊഴിലാളിനേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല.
ലോക്ഡൗണിനെത്തുടർന്ന് നിർത്തിയ ലാഭകരമായ റൂട്ടുകളെല്ലാം പരീക്ഷണാടിസ്ഥാനത്തിൽ ഒരു മാസത്തേക്കെങ്കിലും ഓടിക്കാൻ തയ്യാറാകണമെന്ന് അവർ ആവശ്യപ്പെടുന്നു. ആദ്യ ദിവസങ്ങളിൽ നഷ്ടമുണ്ടാകുമെങ്കിലും കൃത്യമായി ബസ്സോടിച്ചാൽ യാത്രക്കാരെ കിട്ടുമെന്നും സംഘടനകൾ വാദിക്കുന്നു. ലാഭകരമായി നടത്തിയിരുന്ന ചെയിൻ സർവീസുകൾ പൂർണമായി പുനരാരംഭിക്കാത്തതിനെയും തൊഴിലാളികൾ വിമർശിക്കുന്നു.