- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയെ തകർക്കാൻ കഴിവുള്ള ഒരു ഛിന്നഗ്രഹം പാഞ്ഞടുക്കുന്നത് മണിക്കൂറിൽ 20,000 കിലോമീറ്റർ വേഗത്തിൽ; ഡിസംബറിൽ ഭൂമിക്കരികിലൂടെ വീണ്ടും സ്പേസിലേക്ക് പോകുന്ന അസ്ട്രോയ്ഡ് വീണ്ടും മടങ്ങുന്നത് 60 വർഷം കഴിഞ്ഞ്
ഈഫൽ ടവറിന്റെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം അടുത്തമാസം ഭൂമിയെ കടന്നുപോകും. മണിക്കൂറിൽ 20,000 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹം വീണ്ടും ബഹിരാകാശത്തേക്ക് തന്നെ മടങ്ങിപ്പോകും. ഭൂമിക്ക് ഏറെ അരികിൽ ഇതെത്തുകയില്ല എന്നാണ് വാനശാസ്ത്രജ്ഞർ പറയുന്നത് ഭൂമിയിൽ നിന്നും ഏകദേശം 2.5 മില്യൺ മൈൽ ദൂരെയായിരിക്കും ഇത് കടന്നുപോവുക. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ പത്തിരട്ടി ദൂരത്തിൽ. അതുകൊണ്ടു തന്നെ ഇത് ഭൂമിക്ക് അപകടങ്ങൾ ഒന്നും തന്നെ ഉണ്ടാക്കുകയുമില്ല.
എന്നിരുന്നാലും ഏകദേശം അണ്ഡാകൃതിയിലുള്ള 4660 നെരൂസ് എന്ന ഈ ഛിന്നഗ്രഹത്തെ അപകട സാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ പട്ടികയിലാണ് നാസ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് 1082 അടി നീളം ഉണ്ടെന്നതും, ഭൂമിയുടെ ഭ്രമണപഥം മുറിച്ചു കടക്കുന്നു എന്നതുമാണ് ഇതിനെ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമായത്.ഡിസംബർ 11 നായിരിക്കും ഇത് ഭൂമിയോട് ഏറ്റവും അടുത്തെത്തുക. പിന്നീട് ഇത് ബഹിരാകാശത്തേക്ക് മടക്കയാത്ര ആരംഭിക്കും. 2060-ൽ വീണ്ടും ഭൂമിക്ക് സമീപം തിരിച്ചെത്തുമ്പോൾ ഇത് ഭൂമിയിൽ നിന്നും 7.5 ലക്ഷം മൈൽ ദൂരെയായിരിക്കും.
താരതമ്യേന ഭൂമിയോട് അടുത്തുവരുന്നതും അതുപോലെ വലിപ്പമേറിയതും ആയതുകൊണ്ട് ഇതിൽ നിന്നും പാറക്കഷ്ണങ്ങൾ പരീക്ഷണ വിധേയമാക്കുവാനുള്ള ചില റോബോട്ടിക്സ് മിഷനുകൾ ആസൂത്രണം ചെയ്തിരുന്നെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു. അപ്പോളോ വിഭാഗത്തിൽ പെടുന്ന നെര്യുസിന്റെ ഭ്രമണപഥത്തിന്റെ പ്രത്യേകത മൂലം ഇത് കൂടെക്കൂടെ ഭൂമിയുടെ സമീപത്ത് എത്തും. അതുകൊണ്ടു തന്നെ ഗവേഷണത്തിന് ഉതകിയ ഛിന്നഗ്രഹങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു.
സ്വകാര്യമേഖലയിൽ നിന്നുള്ള നിയർ എർത്ത് അസ്ട്രോയ്ഡ് പ്രോസ്പെക്ടർ ഉൾപ്പടെ നിരവധി ശ്രമങ്ങൾ ഈ ഛിന്നഗ്രഹത്തിൽ നിന്നും പാറകളുടെ സാമ്പിളുകൾ ശേഖരിക്കാനായി നടന്നെങ്കിലും ഒന്നും ഇതുവരെ വിജയം കണ്ടിട്ടില്ല. ഇതിനായി ജപ്പാനിലെ ശാസ്ത്രജ്ഞർ നടത്തിയ ഉദ്യമവും ബഹിരാകാശയാനം തൊടുത്തുവിടുന്നതിൽ വന്ന കാലതാമസം കൊണ്ട് പരാജയപ്പെടുകയായിരുന്നു. യാനത്തെ പിന്നീട് മറ്റൊരു ഛിന്നഗ്രഹമായ 25143 ഇറ്റോകോവയിലേക്ക് തിരിച്ചുവിട്ടു.
അതുപോലെ തന്നെയായിരുന്നു ഈ ഛിന്നഗ്രഹത്തെ ഉന്നം വെച്ചുള്ള നാസയുടെ ഷൂമേക്കർ റോബോട്ടിക് ബഹിരാകാശയാനത്തിനും സംഭവിച്ചത്. ഇത് പിന്നീറ്റ് 253 മാതിൽഡ്, 433 എറോസ് എന്നീ ഛിന്നഗ്രഹങ്ങളിലേക്ക് തിരിച്ചുവിട്ടു. റഡാറിൽ ദൃശ്യമാകുന്ന നെര്യുസിനെ വിഷ്വൽ ടെലസ്‌കോപ് ഉപയോഗിച്ചും കാണാൻ കഴിയും. അങ്ങനെയാണ് ഇത് അല്പം നീണ്ടതാണെന്നും അണ്ഡാകൃതിയിലുള്ളതാണെന്നും മനസ്സിലായത്.
ഇതിന്റെ ഉപരിതലത്തിന്റെ ഒരു ടെറെയ്ൻ മാപ്പും പുറത്തുവിട്ടിട്ടുണ്ട്. 1982-ൽ എലിനോർ എഫ് ഹെലിൻ ആണ് ഈ ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ